ചിന്നസ്വാമി ദുരന്തം; ആരാധകർക്ക് ആദരമർപ്പിച്ച് സ്റ്റേഡിയത്തില്‍ സ്മാരകഫലകം അനാച്ഛാദനം ചെയ്തു

ജീവൻ നഷ്ടപ്പെട്ടവർക്ക് ആ​ദരമർപ്പിച്ച് സ്റ്റേഡിയത്തിനുള്ളിലെ 11 സീറ്റുകൾ സ്ഥിരമായി ഒഴിച്ചിടുമെന്നു ആർസിബി മാനേജ്മെന്റും കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷനും നേരത്തെ വ്യക്തമാക്കിയിരുന്നു

കഴിഞ്ഞ സീസണിൽ റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരുവിന്റെ കിരീട വിജയത്തിന് പിന്നാലെയുണ്ടായ ആൾക്കൂട്ട ദുരന്തത്തിൽ ജീവൻ നഷ്ടമായ 11 ആരാധകരുടെ ഓർമ്മയ്ക്കായി സ്ഥാപിച്ച സ്മാരകഫലകം അനാച്ഛാദനം ചെയ്തു. ഇന്ന് സ്റ്റേഡിയത്തിന് പുറത്ത് നടന്ന ചടങ്ങിൽ കർണാടക ആഭ്യന്തര മന്ത്രി ജി പരമേശ്വരയാണ് സ്മാരകം ഉദ്ഘാടനം ചെയ്തത്.

കഴിഞ്ഞ വർഷം ഐപിഎൽ വിജയാഘോഷത്തിനിടെ ഉണ്ടായ അപ്രതീക്ഷിത ദുരന്തത്തിൽ‌ ജീവൻ നഷ്ടപ്പെട്ട ആരാധകർക്ക് ആദരമർപ്പിക്കുന്നതിന് വേണ്ടി ഈ സീസണിലുടനീളം വിപുലമായ പദ്ധതികളാണ് ഫ്രാഞ്ചൈസി ആസൂത്രണം ചെയ്തിരിക്കുന്നത്. അപകടത്തെ തുടർന്ന് മത്സരങ്ങൾ നടത്തുന്നത് നിർത്തിയ സ്റ്റേഡിയത്തിൽ ഏകദേശം ഒരു വർഷത്തിന് ശേഷം വീണ്ടും മത്സരം നടക്കാനിരിക്കുകയാണ് സ്മാരകഫലകം അനാച്ഛാദനം ചെയ്തത്. ബെംഗളൂരുവും സൺറൈസേഴ്‌സ് ഹൈദരാബാദും തമ്മിലുള്ള ഈ വർഷത്തെ ഐപിഎൽ ഉദ്ഘാ‌ടന മത്സരത്തിന് മാർച്ച് 28 ശനിയാഴ്ച ചിന്നസ്വാമി സ്റ്റേഡിയം വേദിയാകും.

നേരത്തെ ജീവൻ നഷ്ടപ്പെട്ടവർക്ക് ആ​ദരമർപ്പിച്ച് സ്റ്റേഡിയത്തിനുള്ളിലെ 11 സീറ്റുകൾ സ്ഥിരമായി ഒഴിച്ചിടുമെന്നു ആർസിബി മാനേജ്മെന്റും കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷനും വ്യക്തമാക്കിയിരുന്നു. ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കാനിരിക്കുന്ന എല്ലാ ആഭ്യന്തര, അന്താരാഷ്ട്ര മത്സരങ്ങളിലും ഈ 11 സീറ്റുകൾ ആർക്കും വിട്ടുനൽകില്ലെന്ന് ആർസിബി സിഇഒ രാജേഷ് മേനോൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

കഴിഞ്ഞ സീസണിലുണ്ടായ ആള്‍ക്കൂട്ട ദുരന്തത്തിന് പിന്നാലെ നേരിടേണ്ടി വന്ന വിലക്ക് മാറി ബെംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയം വീണ്ടും ഐപിഎല്‍ പോരാട്ടങ്ങള്‍ക്ക് വേദിയാകാന്‍ ഒരുങ്ങുകയാണ്. കഴിഞ്ഞ സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ടീമിന്റെ കന്നി ഐപിഎല്‍ കിരീട നേട്ടത്തിനു പിന്നാലെ നടന്ന വിക്ടറി പരേഡിനിടെ തിക്കിലും തിരക്കിലും പെട്ടാണ് 11 ആരാധകര്‍ക്ക് ജീവന്‍ നഷ്ടമായത്. പിന്നാലെ സ്റ്റേഡിയത്തിനു വിലക്കും വന്നു. അതിനു ശേഷം ഇടവേളകള്‍ക്കു ശേഷമാണ് ചിന്നസ്വാമിയില്‍ വീണ്ടും പോരാട്ടം ആരംഭിക്കുന്നത്.

Content Highlights: Memorial unveiled at Bengaluru M Chinnaswamy Stadium for stampede victims before IPL 2026

To advertise here,contact us