ലോക ക്രിക്കറ്റിലെ ബ്ലോക്ക്ബസ്റ്റർ പോരാട്ടങ്ങളിലൊന്നാണിപ്പോൾ പാകിസ്താൻ-അഫ്ഗാനിസ്ഥാൻ പോരാട്ടം. ഇരു രാജ്യങ്ങളും തമ്മിലുള്ള ആഭ്യന്തര പ്രശനങ്ങളും ഇതിന് കാരണമായിട്ടുണ്ട്. ഇപ്പോഴിതാ പാകിസ്താനെതിരായ മത്സരങ്ങളെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് അഫ്ഗാൻ താരം റഹ്മാനുള്ള ഗുർബാസ്.
2022-ലെ ഏഷ്യാകപ്പിലെ പാകിസ്താനെതിരായ തോൽവിയാണ് തന്നെ ഏറ്റവും കൂടുതൽ വേദനിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ‘എന്നെ സംബന്ധിച്ചിടത്തോളം എന്റെ ഹൃദയം തകർത്ത മത്സരം 2022 ഏഷ്യാകപ്പിലെ പാകിസ്താനെതിരായ തോൽവിയായിരുന്നു. നാട്ടിൽ ആളുകൾക്ക് വളരെ വേദനയുണ്ടായി. പലരും കരഞ്ഞു. ഇവിടെ ആളുകൾ ആത്മഹത്യ ചെയ്തു. വൈകാരികമായി സമീപിക്കുന്ന ഒട്ടേറെ ആളുകളുണ്ട്. ഞങ്ങളും വേദനയിലായി.’ ഗുർബാസ് ഒരു അഭിമുഖത്തിൽ പറഞ്ഞു.
‘നിങ്ങളോട് ആ മത്സരത്തെക്കുറിച്ച് സംസാരിക്കുമ്പോൾ, ആ സങ്കടപ്പെടുത്തുന്ന ഓർമ്മകളെ എനിക്ക് ഇപ്പോഴും ഒർത്തെടുക്കാനാവും. ഞാൻ ഷാർജ സ്റ്റേഡിയത്തിൽ പ്രവേശിക്കുമ്പോഴെല്ലാം, ആ ഹൃദയം തകർത്ത തോൽവി എന്റെ ഓർമ്മയിൽ വരും. നമ്മൾ ജയിക്കേണ്ടിയിരുന്ന ആ കളിയിൽ എങ്ങനെയാണ് ഞങ്ങൾ തോറ്റതെന്ന് ഞാൻ ഇപ്പോഴും ഓർക്കുന്നു. ഞങ്ങൾ നന്നായി ബാറ്റ് ചെയ്തില്ല, പക്ഷെ നന്നായി ബൗൾ ചെയ്തു. പക്ഷെ അവസാനം ഞങ്ങൾ തോറ്റു.’ -അദ്ദേഹം കൂട്ടിച്ചേർത്തു.
2022 സൂപ്പർ 4 മത്സരത്തിലാണ് അഫ്ഗാൻ പാകിസ്താനോട് തോറ്റത്. ഒരു വിക്കറ്റിനായിരുന്നു പാകിസ്താന്റെ ജയം. ആദ്യം ബാറ്റുചെയ്ത അഫ്ഗാൻ ആറുവിക്കറ്റ് നഷ്ടത്തിൽ 129 റൺസാണെടുത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താനാകട്ടെ 19.2 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.
Content Highlights: afghanistan vs pakistan rivalry rahmanullah gurbaz reveals