ഹേസൽവുഡ് കളിക്കില്ല! ഐപിഎൽ തുടങ്ങാനിരിക്കെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് തിരിച്ചടി

ഏപ്രിൽ പകുതിയോടെ താരം റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു ടീമിനൊപ്പം ചേരുമെന്നാണ് പ്രതീക്ഷ

തുടർച്ചയായി രണ്ടാം കിരീടം ലക്ഷ്യംവച്ച് ഐപിഎൽ പുതിയ സീസണിന് തയ്യാറെടുക്കുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് തിരിച്ചടി. പരിക്കില്‍ നിന്ന് മുക്തനാവാത്തതിനാൽ ഓസ്‌ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ ജോഷ് ഹെയ്‌സല്‍വുഡിന് സീസണിലെ ആദ്യമത്സരങ്ങള്‍ നഷ്ടമാവും. മാസങ്ങളായി കളിക്കളത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ഹെയ്‌സല്‍വുഡ് ഇതുവരെ പരിശീലനം പുനരാരംഭിച്ചിട്ടില്ല. പുറത്ത് വരുന്ന സൂചനകള്‍ അനുസരിച്ച് ഏപ്രില്‍ പകുതിക്ക് ശേഷം മാത്രമേ ഓസീസ് താരം ടീമുമായി ചേരാൻ സാധ്യതയുള്ളൂ.

ഹേസല്‍വുഡ് പരിക്കിൽ നിന്ന് മുക്തനായി ടി20 ലോകകപ്പിന്റെ അവസാന ഘട്ടത്തില്‍ തിരിച്ചെത്തുമെന്നാണ് ടീം മാനേജ്‌മെന്റ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ പരിക്ക് മാറ്റമില്ലാതെ തുടർന്നതിനാൽ അദ്ദേഹത്തെ ഔദ്യോഗികമായി ടൂര്‍ണമെന്റില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഈ മാസം 28ന് ബെംഗളൂരു, ചിന്നസ്വാമി സ്റ്റേഡിയത്തില്‍ വച്ച് നിലവിലെ ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു സണ്‍റൈസേഴ്സ് ഹൈദരാബാദിനെ നേരിടുന്നതോടെയാണ് ഐപിഎൽ പൂരത്തിന് തുടക്കമാവുന്നത്. ശനി, ഞായര്‍ ദിവസങ്ങളില്‍ രണ്ട് മത്സരങ്ങള്‍ വീതം അരങ്ങേറും. ഏപ്രിലില്‍ അസം, പശ്ചിമ ബംഗാള്‍, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാല്‍ ടൂര്‍ണമെന്റ് ആദ്യ ഷെഡ്യൂള്‍ മാത്രമാണ് ഇപ്പോൾ പുറത്തിറക്കിയിട്ടുള്ളത്.

ലോകകപ്പിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച മലയാളി താരം സഞ്ജു സാംസണ്‍ കളിക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സ് 30ന് ആദ്യ മത്സരത്തിനിറങ്ങും. സഞ്ജുവിന്റെ മുൻ ടീമായ രാജസ്ഥാൻ റോയൽസാണ് എതിരാളികൾ. സഞ്ജു സാംസൺ, രവീന്ദ്ര ജഡേജ എന്നിവർ പോരാട്ടത്തിലെ ശ്രദ്ധാകേന്ദ്രമാകുമെന്നതിൽ സംശയമില്ല. ഇത്തവണ ഐപിഎല്‍ താരലേലത്തിന് തൊട്ടുമുമ്പാണ് സഞ്ജു ചെന്നൈയിലേക്ക് കൂടുമാറിയത്. ട്രേഡിംഗിലൂടെയാണ് സഞ്ജു എത്തിയത്. പകരം രവീന്ദ്ര ജഡേജ, സാം കറന്‍ എന്നിവര്‍ രാജസ്ഥാനിലേക്ക് പോവുകയായിരുന്നു. ചെന്നൈയുടെ ആദ്യ ഹോം മാച്ച് പഞ്ചാബ് കിംഗ്സിനെതിരെ ഏപ്രില്‍ മൂന്നിനാണ്.

Content highlights: Josh Hazlewood set to miss initial matches of Royal Challengers Bengaluru

To advertise here,contact us