ടി20 ലോകകപ്പിൽ ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ച സഞ്ജു സാംസണെ വാനോളം പുകഴ്ത്തി ഇന്ത്യയുടെ മുൻ നായകൻ സുനിൽ ഗവാസ്കർ. സഞ്ജുവിന്റെ ഷോട്ടുകൾ ഇതിഹാസതാരങ്ങളായ വിവിയൻ റിച്ചാർഡ്സിനെയും മഹേള ജയവർധനയെയും ഓർമിപ്പിക്കുന്നതാണെന്ന് ഗവാസ്കർ ചൂണ്ടിക്കാട്ടി.
ഇംഗ്ലണ്ടിന്റെ സ്റ്റാർ പേസർ ജോഫ്ര ആർച്ചറെ സഞ്ജു നേരിട്ട രീതി തന്നെ അത്ഭുതപ്പെടുത്തിയെന്ന് ഗവാസ്കർ പറഞ്ഞു. മുൻപത്തെ മത്സരങ്ങളിൽ ആർച്ചർക്ക് മുന്നിൽ പതറിയ സഞ്ജു, ഇത്തവണ മികച്ച രീതിയിലാണ് ബാറ്റുവീശിയത്. ആർച്ചർക്കെതിരെ മാത്രം വെറും 14 പന്തിൽ നിന്ന് 38 റൺസാണ് അടിച്ചെടുത്തത്. ഇതിലെ പുൾ ഷോട്ടുകൾ വിവിയൻ റിച്ചാർഡ്സിനെ ഓർമ്മിപ്പിച്ചപ്പോൾ, ബാറ്റിങ്ങിലെ ക്ലാസിക് ശൈലി ശ്രീലങ്കൻ താരം മഹേള ജയവർധനെയെയും ഓർമിപ്പിച്ചെന്നും സ്പോർട്സ്റ്റാറിലെ തന്റെ കോളത്തിൽ ഗവാസ്കർ കുറിച്ചു.
തുടക്കത്തിൽ ഇന്ത്യൻ ടീമിൽ സ്ഥാനം ലഭിക്കില്ലെന്ന് കരുതിയിരുന്ന സഞ്ജുവിന്, അഭിഷേക് ശർമ്മയുടെ ഫോമില്ലായ്മയും റിങ്കു സിംഗിന്റെ അഭാവവുമാണ് വഴിതുറന്നത്. ലഭിച്ച അവസരം പരമാവധി മുതലെടുത്ത സഞ്ജു, ഇന്ത്യൻ ഇന്നിങ്സ് ഓപ്പൺ ചെയ്തുകൊണ്ട് ചരിത്രത്തിന്റെ ഭാഗമായി മാറുകയായിരുന്നു. വരും വർഷങ്ങളിൽ ക്രിക്കറ്റ് ലോകം ഓർമ്മിക്കുന്ന 'മൂന്ന് മുത്തുമണികൾ' പോലുള്ള ഇന്നിംഗ്സുകളാണ് സഞ്ജു കാഴ്ചവെച്ചതെന്നും ഗവാസ്കർ കൂട്ടിച്ചേർത്തു.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ തോൽവിക്ക് ശേഷം ടൂർണമെന്റിൽ ഇന്ത്യയുടെ തിരിച്ചുവരവിന് ചുക്കാൻ പിടിച്ചത് സഞ്ജുവിന്റെ ബാറ്റിങ്ങായിരുന്നു. ഓരോ മത്സരവും നോക്കൗട്ട് ആയി മാറിയ നിർണ്ണായക ഘട്ടത്തിൽ അർദ്ധസെഞ്ച്വറികളുടെ ഹാട്രിക് കുറിച്ച സഞ്ജു, ടൂർണമെന്റിലെ താരമായും മാറി. വെസ്റ്റ് ഇൻഡീസിനെതിരെ പുറത്താകാതെ 89 റൺസ് നേടിയ താരം, ഇംഗ്ലണ്ടിനെതിരെ 97 റൺസും ന്യൂസിലാൻഡിനെതിരെ 89 റൺസും അടിച്ചുകൂട്ടി.
Content Highlights: Sanju Samson reminded of Viv Richards and Mahela Jayawardene says Sunil Gavaskar