ഇംഗ്ലണ്ടിനെതിരായ സെമി ഫൈനലിൽ ഏഴ് റൺസിന്റെവിജയം സ്വന്തമാക്കി ഇന്ത്യ ലോകകപ്പ് ഫൈനലിലേക്ക് മാർച്ച് ചെയ്തതിന് പിന്നാലെ മനസ്സുതുറന്ന് നായകൻ സൂര്യകുമാർ യാദവ്. സ്വന്തം നാട്ടിൽ നടക്കുന്ന ലോകകപ്പിൽ ഇന്ത്യയെ ഫൈനലിലേക്ക് നയിക്കാൻ കഴിയുന്നത് ഒരു വികാരമാണെന്ന് സൂര്യ പറഞ്ഞു. മത്സരശേഷം സംസാരിക്കവെ സഞ്ജു സാംസണിന്റെ ഇന്നിംഗ്സിനെയും ബുംറയുടെ പ്രകടനത്തെയും സൂര്യ പ്രത്യേകം അഭിനന്ദിച്ചു.
ക്രീസിലേക്ക് പോകുമ്പോൾ തന്നെ താൻ എന്താണ് ചെയ്യേണ്ടതെന്ന് സഞ്ജുവിന് കൃത്യമായ ധാരണയുണ്ടായിരുന്നുവെന്ന് സൂര്യ പറഞ്ഞു. വിക്കറ്റ് വീണപ്പോഴും സഞ്ജു സമ്മർദ്ദത്തിന് വഴങ്ങാതെ ആക്രമിച്ചു കളിച്ചു. ടീമിന് ആവശ്യമായിരുന്നതും അതുതന്നെയായിരുന്നു. കഴിഞ്ഞ ഒരു വർഷമായി സഞ്ജു നടത്തുന്ന കഠിനാധ്വാനത്തിന്റെ ഫലമാണിത്. അതൊരു സ്പെഷ്യൽ ഇന്നിംഗ്സ് തന്നെയായിരുന്നുവെന്നും സൂര്യകുമാര്‍ യാദവ് പറഞ്ഞു.
ബുമ്ര ഇന്ത്യക്ക് വേണ്ടി വർഷങ്ങളായി ചെയ്യുന്നത് ഇന്നും ആവർത്തിച്ചു. നിർണായക ഘട്ടത്തിൽ ഉത്തരവാദിത്തം ഏറ്റെടുത്ത് അദ്ദേഹം കളി ജയിപ്പിച്ചു. ബുംറയുടെ ആ നാല് ഓവറുകൾ ഇല്ലായിരുന്നുവെങ്കിൽ ഇന്ത്യ ഉറപ്പായും തോറ്റേനേ എന്നും സൂര്യകൂട്ടിച്ചേർത്തു.
അക്സർ പട്ടേലും ശിവം ദുബെയും എടുത്ത തകർപ്പൻ ക്യാച്ചുകളെക്കുറിച്ച് ചോദിച്ചപ്പോൾ ഫീൽഡിംഗ് കോച്ച് ദിലീപിനാണ് സൂര്യ ക്രെഡിറ്റ് നൽകിയത്. പരിശീലന സെഷനുകൾ രസകരവും എന്നാൽ മത്സരബുദ്ധിയുള്ളതുമാക്കി മാറ്റിയതാണ് കളിക്കളത്തിൽ ഇത്രയും മികച്ച ഫീൽഡിംഗ് പ്രകടനം പുറത്തെടുക്കാൻ സഹായിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
ഇംഗ്ലണ്ടിനെ ഏഴ് റണ്‍സിന് തോല്പിച്ച ഇന്ത്യ ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ന്യൂസിലന്‍ഡിനെയാണ് നേരിടുക. സമ്മർദ്ദം ഉണ്ടാകുമെങ്കിലും ടീമും സപ്പോർട്ട് സ്റ്റാഫും ആവേശത്തിലാണെന്നും കിരീടം നിലനിർത്താൻ സാധിക്കുമെന്നും സൂര്യകുമാർ യാദവ് പ്രത്യാശ പ്രകടിപ്പിച്ചു.
Content Highlights:t20 worldcup 2026; suryakumar yadav praises sanju samson and bumrah semifinal win