നല്ല മനുഷ്യര്‍ക്ക് നല്ലത് സംഭവിക്കും, കുറച്ച് കാത്തിരിക്കണമെന്ന് മാത്രം; സഞ്ജുവിനെ കുറിച്ച് സൂര്യകുമാർ

മത്സരത്തിന് ശേഷം സഞ്ജുവിനെ വാഴ്ത്തി ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് രംഗത്ത് വന്നു.

മലയാളി താരം സഞ്ജു സാംസണിന്റെ ചിറകിലേറി ടി20 ലോകകപ്പിന്റെ സെമി ഫൈനലിലേക്ക് മുന്നേറിയിരിക്കുകയാണ് ഇന്ത്യ. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന ആവേശപ്പോരില്‍ അഞ്ച് വിക്കറ്റിനാണ് ഇന്ത്യന്‍ വിജയം. വിന്‍ഡീസ് ഉയര്‍ത്തിയ 196 റണ്‍സ് വിജയലക്ഷ്യം നാല് പന്തുകള്‍ ബാക്കിനില്‍ക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു.

സെഞ്ച്വറിക്ക് തുല്യമായ അർധ സെഞ്ച്വറിയുമായി മുന്നിൽനിന്നു നയിച്ച ഓപ്പണർ സഞ്ജു സാംസൺ (50 പന്തിൽ 97*) ആണ് ഇന്ത്യയുടെ വിജയശിൽപി. ​ഒരു വശത്ത് വിക്കറ്റുകൾ ചീട്ടുകൊട്ടാരം പോലെ ഒന്നൊന്നായി തകർന്നു വീഴുമ്പോൾ, വമ്പൻ സമ്മർദ്ദത്തിലും പതറാത്ത മനസ്സുമായി അയാൾ ക്രീസിൽ ഉറച്ചുനിന്നു. കൂടെയുള്ളവർ ഓരോരുത്തരായി കൂടാരം കയറുമ്പോഴും, ആർത്തിരമ്പുന്ന ഗാലറിയെ സാക്ഷിയാക്കി ഒറ്റയ്ക്ക് ഒരു വൻമതിൽ പോലെ അയാൾ ടീമിനെ താങ്ങിനിർത്തി.

മത്സരത്തിന് ശേഷം സഞ്ജുവിനെ വാഴ്ത്തി ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് രംഗത്ത് വന്നു. ഇന്ത്യന്‍ ക്യാപ്റ്റന്റെ വാക്കുകള്‍.. 'തീര്‍ച്ചയായും ഇതൊരു മികച്ച അനുഭവമാണ്. ഒരു ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം പോലെയായിരുന്നു. നമ്മുടെ ടീം കാണിച്ച മനോഭാവം മികച്ചതായിരുന്നു. നല്ല മനുഷ്യന്മാര്‍ക്ക് നല്ലത് സംഭവിക്കും. കുറച്ച് കാത്തിരിക്കണമെന്ന് മാത്രം. സഞ്ജുവിന്റെ കാര്യത്തില്‍ ഇത്രയുമാണ് സംഭവിച്ചത്. ടീമില്‍ ഇല്ലാതിരുന്നപ്പോള്‍ അവന്‍ ചെയ്ത കഠിനാധ്വാനത്തിന്റെ ഫലമാണ് ഇപ്പോള്‍ സഞ്ജുവിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.' സൂര്യ പറഞ്ഞു.

മത്സരത്തിന് ശേഷം സഞ്ജു തന്റെ സന്തോഷം പങ്കുവച്ചു. സഞ്ജുവിന്റെ വാക്കുകള്‍… 'ലോകം മുഴുവന്‍ ഞാനായതായി തോന്നുന്നു. കളിക്കാന്‍ തുടങ്ങിയ ദിവസം മുതല്‍, രാജ്യത്തിനായി കളിക്കാന്‍ സ്വപ്നം കണ്ട ദിവസം മുതല്‍, ഞാന്‍ കാത്തിരുന്ന ദിവസമാണിത്. ഞാന്‍ കടപ്പെട്ടിരിക്കും. എന്റെ യാത്രയില്‍ ഒരുപാട് ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടായിരുന്നു. ഞാന്‍ എന്നെത്തന്നെ സംശയിച്ചിരുന്നു. 'എന്ത് സംഭവിക്കും', എനിക്ക് സാധിക്കുമോ' എന്നൊക്കെ ചിന്തിച്ചിരുന്നു. പക്ഷെ ഞാന്‍ വിശ്വസിക്കുന്നത് തുടര്‍ന്നു. ഇന്ന് എന്നെ അനുഗ്രഹിച്ചതിന് സര്‍വ്വശക്തനായ ദൈവത്തിന് നന്ദി പറയുന്നു. ഞാന്‍ വളരെ സന്തോഷവാനാണ്.' സഞ്ജു പറഞ്ഞു.

Content Highlights: T20 Worldcup ; suryakumar yadav on sanju samson after west indies india match

To advertise here,contact us