2026 ടി20 ലോകകപ്പ് പുരോഗമിക്കുന്നതിനിടെ ഇന്ത്യൻ ടീമിനെതിരെ ഗുരുതര ആരോപണങ്ങളുമായി പാകിസ്താൻ മുൻതാരം അഹമ്മദ് ഷെഹ്സാദ്. സൂപ്പർ എട്ടിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിൽ വിക്കറ്റ് ടേക്കറായ കുൽദീപ് യാദവിനെ ഇറക്കാതിരുന്നതിന് പിന്നിൽ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവാണെന്നാണ് ഷെഹ്സാദിന്റെ ആരോപണം. ഇന്ത്യൻ ടീമിനുള്ളിൽ കോച്ച് ഗൗതം ഗംഭീർ രാഷ്ട്രീയം കളിക്കുകയാണെന്നും ഷെഹ്സാദ് കുറ്റപ്പെടുത്തി.
ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന മിസ്റ്ററി സ്പിന്നർ വരുൺ ചക്രവർത്തി നന്നായി റൺസ് വഴങ്ങിക്കൊണ്ടിരിക്കുമ്പോൾ ദക്ഷിണാഫ്രിക്കയ്ക്കെതിരെ കുൽദീപിനെപ്പോലെയൊരു സ്പിന്നറില്ലാത്തത് തിരിച്ചടിയായെന്നാണ് പലരും വിലയിരുത്തുന്നത്. മത്സരത്തിൽ ദക്ഷിണാഫ്രിക്കയോട് 76 റൺസിന്റെ പരാജയം ഏറ്റുവാങ്ങിയതോടെ ഇന്ത്യയുടെ സെമി പ്രവേശവും തുലാസിലായിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഇന്ത്യൻ ഡ്രസിങ് റൂമിലെ തര്‍ക്കങ്ങളെക്കുറിച്ചും ആരോപണങ്ങളുമായി പാക് മുൻ താരം അഹമ്മദ് ഷെഹ്സാദ് രംഗത്തെത്തിയത്.
‘ലോകകപ്പിൽ പാകിസ്താനെതിരായ ഇന്ത്യയുടെ മത്സരത്തിന് ശേഷം കുൽദീപ് യാദവിനെ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് പിടിച്ചുതള്ളിയ ഒരു സംഭവം ഉണ്ടായിരുന്നു. കുൽദീപ് യാദവിനെ അച്ചടക്കനടപടിയുടെ ഭാഗമായോ അതല്ലെങ്കിൽ സൂര്യകുമാർ യാദവുമായുള്ള പ്രശ്നം കൊണ്ടോ ഒഴിവാക്കിയതായിരിക്കാം എന്ന് പലരും പറയുന്നു. അല്ലെങ്കിൽ അദ്ദേഹത്തെ പുറത്താക്കുമായിരുന്നില്ല‘, അഹമ്മദ് ഷെഹ്സാദ് പറഞ്ഞു.
ഇന്ത്യയുടെ ഹെഡ് കോച്ച് ഗൗതം ഗംഭീറിനെയും അഹമ്മദ് ഷെഹ്സാദ് വിമർശിച്ചു. ഗംഭീറിന്റെ ഡ്രസ്സിംഗ് റൂം പൊളിറ്റിക്സ് ടീമിന്റെ പ്രതിച്ഛായക്ക് കോട്ടം വരുത്തിയതായും ഷെഹ്സാദ് ആരോപിച്ചു. ടീമിലെ താരങ്ങളെ ശരിയായി ഉപയോഗിക്കുന്നില്ല. ഗംഭീർ നന്നായി കൈകാര്യം ചെയ്യുന്നുമില്ല. കുൽദീപ് യാദവിനെപ്പോലൊരു മാച്ച് വിന്നറെ ശരിയായി ഉപയോഗിക്കാൻ ഗംഭീറിന് സാധിക്കുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു.
ടി20 ലോകകപ്പിൽ പാകിസ്താനെതിരായ മത്സരത്തിന് ശേഷം കുൽദീപ് യാദവിനോട് ഹാർദിക് പാണ്ഡ്യയും ക്യാപ്റ്റൻ സൂര്യകുമാർ യാദവും കയർത്തുസംസാരിച്ചത് വാർത്തയായിരുന്നു. മത്സരത്തില്‍ അനായാസ ക്യാച്ച് നഷ്ടമാക്കിയതിന് ഹാര്‍ദിക് പാണ്ഡ്യയില്‍ നിന്നും ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവില്‍ നിന്നും കുൽദീപിന് ശകാരം കേട്ടത്. പാകിസ്താനെതിരായ മത്സരത്തിനൊടുവിലാണ് ഹാര്‍ദിക് തന്റെ പന്തില്‍ ഷഹീന് ഷാ അഫ്രീദി നല്കിയ അനായാസ ക്യാച്ച് കൈവിടുകയും സിക്സ് വഴങ്ങുകയും ചെയ്തതിന് കുല്‍ദീപിനെ ശകാരിച്ചത്. മത്സരത്തിൽ പാകിസ്താനെ പരാജയപ്പെടുത്തിയതിന് ശേഷം ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവിന് ഹസ്തദാനം ചെയ്യാനൊരുങ്ങിയപ്പോൾ കുല്‍ദീപിന്റെ പുറത്ത് തട്ടി സൂര്യകുമാര്‍ യാദവും ശകാരിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
എന്നാൽ ആ സംഭവത്തിന് ശേഷം കുൽദീപ് യാദവും സൂര്യകുമാറും തമ്മിലുള്ള രസകരമായ വീഡിയോയും പങ്കുവെക്കപ്പെട്ടിരുന്നു. ഗ്രൗണ്ടിലെ വാക്കേറ്റത്തിന് സൂര്യയോട് പിണങ്ങിനടന്ന് 'പ്രതികാരം' ചെയ്യുന്ന കുൽദീപാണ് വീഡിയോയിലുള്ളത്. തനിക്കുനേരെ നടന്നുവരുമ്പോൾ കെട്ടിപ്പിടിക്കാൻ ശ്രമിക്കുന്ന സൂര്യയുടെ പുറത്തൊരു തട്ടുംകൊടുത്ത് കുല്‍ദീപ് അരിശത്തോടെ നടന്നു നീങ്ങുന്നതും സൂര്യ ഇത് കണ്ട് അമ്പരന്നു നില്‍ക്കുന്നതുമാണ് വീഡിയോയിലുള്ളത്. 'ഇങ്ങനെ കലിപ്പാവല്ലേ ഭായ്' എന്ന ക്യാപ്ഷനോടെ സൂര്യയുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് പങ്കുവെച്ചിരിക്കുന്ന റീൽ ആരാധകർ ഏറ്റെടുക്കുകയും ചെയ്തു.
Content Highlights: T20 World Cup: Kuldeep Yadav dropped because of problem with Suryakumar Yadav', says Ex-Pakistan star