'വരുണിനെ വരുതിയിലാക്കാന്‍ കൃത്യമായ പ്ലാനുണ്ടായിരുന്നു, പക്ഷേ...'; മനസുതുറന്ന് ഡേവിഡ് മില്ലര്‍

വരുൺ ചക്രവർത്തിക്ക് ദക്ഷിണാഫ്രിക്കയ്ക്കെതിരെ തിളങ്ങാൻ സാധിച്ചിരുന്നില്ല

ഇന്ത്യയുടെ മിസ്റ്ററി സ്പിന്നർ വരുൺ ചക്രവർത്തിയെ നേരിടാൻ ദക്ഷിണാഫ്രിക്കയ്ക്ക് കൃത്യമായ പ്ലാനുണ്ടായിരുന്നെന്ന് ഡേവിഡ് മില്ലർ‌. ടി20 ലോകകപ്പിൽ സൂപ്പർ എട്ട് പോരാട്ടത്തിൽ ഇന്ത്യയെ പരാജയപ്പെടുത്തിയതിന് പിന്നാലെ സംസാരിക്കവേയാണ് ദക്ഷിണാഫ്രിക്കൻ താരത്തിന്റെ പ്രതികരണം.

ടൂർണമെന്റിൽ ഇന്ത്യയുടെ വിജയങ്ങൾക്ക് നിർണായക പങ്ക് വഹിച്ചിരുന്ന വരുൺ ചക്രവർത്തിക്ക് ദക്ഷിണാഫ്രിക്കയ്ക്കെതിരെ തിളങ്ങാൻ സാധിച്ചിരുന്നില്ല. നാല് ഓവറിൽ 47 റൺസ് വഴങ്ങി ഒരു വിക്കറ്റ് മാത്രമാണ് താരത്തിന് സ്വന്തമാക്കാൻ കഴിഞ്ഞത്. ബാറ്റർമാരെ കുഴപ്പിക്കുന്ന തരത്തിലുള്ള പന്തുകളും വരുണിന് പുറത്തെടുക്കാൻ കഴിയാതിരുന്നത് ഡേവിഡ് മില്ലറും ഡെവാള്‍ഡ് ബ്രെവിസും നന്നായി മുതലെടുക്കുകയും ചെയ്തിരുന്നു.

ഇതിനുപിന്നാലെയാണ് വരുണിനെതിരെ ദ​ക്ഷിണാഫ്രിക്ക തയ്യാറാക്കിയ പ്ലാനുകളെ കുറിച്ച് മത്സരത്തിലെ താരം കൂടിയായ മില്ലർ വ്യക്തമാക്കിയത്. 'വരുൺ ലോകോത്തര ബോളറാണ്. എല്ലാ ഫോർമാറ്റുകളിലും വിജയിച്ചിട്ടുള്ള താരം. അദ്ദേഹം എതിർ ടീമുകൾക്കെല്ലാം ഒരു ഭീഷണിയാണ്. അതുകൊണ്ടുതന്നെ വരുണിനെ കുറിച്ച് ഞങ്ങൾ സംസാരിച്ചിരുന്നു', മില്ലർ പറഞ്ഞു.

'വരുൺ ഒരു മോശം പന്ത് എറിയുകയാണെങ്കിൽ അത് ബൗണ്ടറി കടത്താനായിരുന്നു ഞങ്ങളുടെ പ്ലാൻ. ബൗണ്ടറിയിലെത്തിച്ച് അദ്ദേഹത്തെ സമ്മർദ്ദത്തിലാക്കുകയായിരുന്നു ലക്ഷ്യം. പക്ഷേ കഴിഞ്ഞ ദിവസം വരുൺ എറിഞ്ഞ പന്ത് അധികം ടേൺ ചെയ്തിരുന്നില്ല. അതുകൊണ്ട് തന്നെ വരുണിന്റെ ഓവർ നല്ല രീതിയിൽ പ്രയോജനപ്പെടുത്താൻ ഞങ്ങൾക്ക് സാധിച്ചു. ബാറ്റർമാരുടെ മേൽ ആധിപത്യം സ്ഥാപിക്കുന്നതിന് മുൻപുതന്നെ വരുണിനെ സമ്മർദത്തിലാക്കാൻ ഞങ്ങൾക്ക് സാധിച്ചു', ഡേവിഡ് മില്ലർ കൂട്ടിച്ചേർത്തു.

Content Highlights: T20 World Cup: South Africa were prepared for India's Varun Chakravarthy, says David Miller

To advertise here,contact us