ടി20 ലോകകപ്പ് സൂപ്പർ 8 പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയെ നേരിടാനിരിക്കെ ടീം ഇന്ത്യയുടെ ബാറ്റിംഗ് നിരയിൽ നിർണ്ണായക മാറ്റം നിർദ്ദേശിച്ച് മുൻ താരം മുഹമ്മദ് കൈഫ്. ടീമിൽ നിലവിൽ ഇടംകൈയൻ ബാസ്റ്റർമാരുടെ ആധിക്യമാണെന്നും ഇത് എതിരാളികൾ മുതലെടുക്കാൻ സാധ്യതയുണ്ടെന്നും കൈഫ് മുന്നറിയിപ്പ് നൽകി. ഫോമില്ലെങ്കിൽ പോലും ഒരു സ്പെഷ്യലിസ്റ്റ് വലംകൈയൻ ബാസ്റ്റർ എന്ന നിലയിൽ സഞ്ജു സാംസണെ ടീമിൽ ഉൾപ്പെടുത്തണമെന്നാണ് കൈഫിന്റെ നിർദ്ദേശം.
ഗ്രൂപ്പ് ഘട്ടത്തിലെ മത്സരങ്ങളിൽ ഇന്ത്യൻ ബാറ്റിംഗ് നിര ഓഫ് സ്പിന്നർമാർക്ക് മുന്നിൽ പതറുന്നത് ചൂണ്ടിക്കാട്ടിയാണ് കൈഫിന്റെ നിരീക്ഷണം. അമേരിക്കയുടെ ഹർമീത് സിംഗ് (2/26), നമീബിയയുടെ ജെറാര്ഡ് ഇറാസ്മസ് (4/20), പാകിസ്ഥാന്റെ സയിം അയ്യൂബ് (3/25), നെതർലൻഡ്സിന്റെ ആര്യൻ ദത്ത് (2/19) എന്നിവർ ഇന്ത്യൻ ബാറ്റിംഗ് നിരയെ ഗ്രൂപ്പ് ഘട്ടത്തിൽ വെള്ളം കുടിപ്പിച്ചിരുന്നു.
തുടർച്ചയായി രണ്ട് മത്സരങ്ങളിൽ ഓഫ് സ്പിന്നർമാർക്ക് മുന്നിൽ അഭിഷേക് ശർമ്മ പൂജ്യത്തിന് പുറത്തായത് വലിയ ആശങ്കയാണെന്ന് കൈഫ് തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു. 'സഞ്ജു സാംസൺ ഇപ്പോൾ അത്ര ഫോമിലല്ലായിരിക്കാം, എങ്കിലും ഓഫ് സ്പിന്നിനെ നേരിടാൻ ഒരു വലംകൈയൻ ബാറ്റർ എന്ന നിലയിൽ സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തുന്നത് തന്ത്രപരമായ നീക്കമായിരിക്കും' കൈഫ് വ്യക്തമാക്കി.
അതേ സമയം സൂപ്പർ എട്ട് റൗണ്ട് പോരാട്ടത്തിലെ രണ്ടാം പോരിൽ ഇന്ത്യ ഇന്ന് ദക്ഷിണാഫ്രിക്കയെ നേരിടുന്നു. 2024 ടി20 ലോകകപ്പ് ഫൈനലിന്റെ ആവര്ത്തനമെന്നോണമുള്ള പോരാട്ടത്തിന് രാത്രി ഏഴ് മണി മുതൽ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം സാക്ഷിയാകും. 2024 ഫൈനലിൽ അവസാന ഓവറിൽ വിജയം പിടിച്ചെടുത്ത് ഇന്ത്യ കിരീടം നേടിയിരുന്നു.
Content highlights: T20 Worldcup; mohammed kaif want to play sanju samson in super eight round