അഭിഷേകിന് പകരം സഞ്ജു; പ്രോട്ടീസിനെതിരെ സൂപ്പർ എട്ട് പോരാട്ടത്തിലെ ഇന്ത്യയുടെ ഇലവനുമായി ഹർഭജൻ സിംഗ്

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നാളെ ഇന്ത്യ ഇറങ്ങുമ്പോൾ ഇലവനെ നിർദേശിച്ച് മുൻ താരം ഹർഭജൻ സിംഗ്.

ടി20 ലോകകപ്പിലെ സൂപ്പര്‍ 8 പോരാട്ടത്തിലെ ആദ്യ പോരിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നാളെ ഇന്ത്യ ഇറങ്ങുമ്പോൾ ഇലവനെ നിർദേശിച്ച് മുൻ താരം ഹർഭജൻ സിംഗ്. നിർണായക പോരിന് ഇറങ്ങുമ്പോൾ ഇന്ത്യ പരീക്ഷണങ്ങൾക്ക് മുതിരരുതെന്ന് ഹർഭജൻ സിംഗ് പറഞ്ഞു. അമേരിക്കക്കെതിരെ ആദ്യ മത്സരം കളിച്ച ടീമിൽ മാറ്റം വരുത്തേണ്ട കാര്യമില്ലെന്നും അതാണ് ശരിയായ ടീമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ ലോകകപ്പിൽ കളിച്ച മൂന്ന് ഇന്നിംഗ്സുകളിലും പൂജ്യത്തിന് പുറത്തായെങ്കിലും ഓപ്പണർ അഭിഷേക് ശർമ്മക്ക് ഒരവസരം കൂടി നല്‍കണണമെന്ന് ഹർഭജൻ പറഞ്ഞു. അടുത്ത മത്സരത്തിലും അഭിഷേക് ശർമ്മ പരാജയപ്പെട്ടാൽ വരും മത്സരങ്ങളിൽ സഞ്ജു സാംസണ് അവസരം നല്‍കണം. എന്നാൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അഭിഷേകിന്‍റെ ബാറ്റ് സംസാരിക്കുമെന്നാണ് താൻ കരുതുന്നതെന്നും ടീം മാനേജ്‌മെന്‍റിന് അവനിൽ പൂര്‍ണ വിശ്വാസമുണ്ടെന്നും ഹര്‍ഭജന്‍ പറഞ്ഞു.

നെതര്‍ലന്‍ഡ്സിനെതിരായ അവസാന മത്സരത്തില്‍ കളിക്കാതിരുന്ന വൈസ് ക്യാപ്റ്റൻ അക്സര്‍ പട്ടേല്‍ ടീമിലെത്തണമെന്നും ഈ ഒരു മാറ്റം മാത്രമെ പ്ലേയിംഗ് ഇലവനില്‍ വരുത്തേണ്ടതുള്ളൂവെന്നും ഹര്‍ഭജന്‍ പറ‌ഞ്ഞു. ഏത് ബാറ്റിംഗ് നിരയ്‌ക്കെതിരെയും പന്തെറിയാൻ കെൽപ്പുള്ള ബൗളറാണ് അക്‌സറെന്നും ഹര്‍ഭജന്‍ പറഞ്ഞു.

റിങ്കു സിംഗും ശിവം ദുബെയും ഫിനിഷര്‍മാരായി തുടരണമെന്നും മെല്ലെപ്പോക്കിന്‍റെ പേരില്‍ വിമര്‍ശനങ്ങള്‍ നേരിടുമ്പോഴും തിലക് വര്‍മയെ മൂന്നാം നമ്പറില്‍ നിലനിര്‍ ത്തണമെന്നും അദ്ദേഹം പറഞ്ഞു.. ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവാണ് നാലാം നമ്പറില്‍.

അഹമ്മദാബാദിലെ സാഹചര്യം കൊളംബോയിലേതു പോലെ സ്പിന്നിനെ അമിതമായി തുണയ്ക്കുന്നതല്ലെന്നും അതിനാൽ അർഷ്ദീപ് സിംഗിനും ജസ്പ്രീത് ബുമ്രക്കും നാളെ നിര്‍ണായക പങ്കുണ്ടാകുമെന്നും ഹര്‍ഭജന്‍ പറഞ്ഞു.

ഹർഭജൻ സിംഗ് തിരഞ്ഞെടുത്ത ഇന്ത്യൻ ഇലവൻ

ഇഷാൻ കിഷൻ,അഭിഷേക് ശർമ്മ,തിലക് വർമ്മ,സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ),ഹാർദിക് പാണ്ഡ്യ,ശിവം ദുബെ,റിങ്കു സിംഗ്, അക്‌സർ പട്ടേൽ (വൈസ് ക്യാപ്റ്റൻ),അർഷ്ദീപ് സിംഗ്, ജസ്പ്രീത് ബുമ്ര, വരുൺ ചക്രവർത്തി.

Content highlights: Sanju replaces Abhishek; Harbhajan Singh in India's XI for Super Eight clash against Proteas

To advertise here,contact us