2026 അണ്ടർ 19 ലോകകപ്പിൽ ചരിത്രം കുറിച്ച് വൈഭവ് സൂര്യവംശി. അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ സിക്സ് അടിക്കുന്ന താരമെന്ന റെക്കോര്‍ഡാണ് വൈഭവ് സ്വന്തം പേരിലെഴുതിച്ചേർത്തത്. അഫ്ഗാനിസ്ഥാനെതിരായ സെമി ഫൈനലിലാണ് വൈഭവ് ചരിത്രം കുറിച്ചത്.
ഹരാരെ സ്പോര്‍ട്സ് ക്ലബ്ബില്‍ നടന്ന മത്സരത്തിൽ വൈഭവ് സൂര്യവംശി 33 പന്തില്‍ നാല് സിക്സും ഒൻപത് ബൗണ്ടറിയും സഹിതം 68 റണ്‍സെടുത്ത് ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് സമ്മാനിച്ചത്. അഫ്ഗാനിസ്ഥാനെതിരെ നാല് സിക്സുകള്‍ പറത്തിയ വൈഭവ് അണ്ടര്‍ 19 ലോകകപ്പിലെ സിക്സര്‍ നേട്ടം 15 ആക്കി ഉയര്‍ത്തി.
റെക്കോർഡിൽ മലയാളി സൂപ്പർ താരവും ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിൽ തന്റെ മുൻ ക്യാപ്റ്റനുമായിരുന്ന സഞ്ജു സാംസണെയാണ് വൈഭവ് മറികടന്നത്. 2014ലെ അണ്ടര്‍ 19 ലോകകപ്പില്‍ 12 സിക്സുകളാണ് സഞ്ജു നേടിയിരുന്നത്. ഗൗരവ് ധിമനും ഇന്ത്യക്കായി 12 സിക്സുകള്‍ അടിച്ചിട്ടുണ്ട്.
അതേസമയം അണ്ടർ 19 ലോകകപ്പിൽ ഫൈനലിലെത്തിയിരിക്കുകയാണ് ഇന്ത്യ. അണ്ടര്‍ 19 ലോകകപ്പ് സെമി ഫൈനലില്‍ അഫ്ഗാനിസ്ഥാനെ തോൽപ്പിച്ചാണ് ഇന്ത്യയുടെ കൗമാരപ്പട ഫൈനലിലേക്ക് ടിക്കറ്റെടുത്തത്. ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയമാണ് ഇന്ത്യ നേടിയത്. അഫ്ഗാൻ ഉയർത്തിയ 311 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 41 .1 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു.
Content Highlights: U19 World Cup 2026, IND vs AFG: Vaibhav Suryavanshi Creates History, Breaks Sanju Samson's Record Of Hitting Most Sixes