'സഞ്ജു ലോകകപ്പ് ഇലവനിൽ ഉണ്ടാകുമെന്ന് കരുതുന്നില്ല'; തുറന്നുപറഞ്ഞ് ​ഗവാസ്കർ

സഞ്ജുവിന്റെ ആത്മവിശ്വാസകുറവാണ് ഇത് സൂചിപ്പിക്കുന്നതെന്നും ഗവാസ്കർ

ന്യൂസിലാന്‍ഡിനെതിരായ ‌ടി20 പരമ്പരയിൽ ലഭിച്ച അവസരങ്ങള്‍ നഷ്ടപ്പെടുത്തിയ മലയാളി താരം സഞ്ജു സാംസണെതിരെ രൂക്ഷവിമര്‍ശനവുമായി ഇന്ത്യയുടെ മുൻതാരം സുനില്‍ ഗവാസ്‌കര്‍. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന നിര്‍ണ്ണായകമായ അഞ്ചാം ടി20 മത്സരത്തില്‍ സഞ്ജു പരാജയപ്പെട്ടതിന് പിന്നാലെയാണ് ഗവാസ്‌കറുടെ വിമര്‍ശനം. ലോകകപ്പ് പോലൊരു വലിയൊരു ടൂര്‍ണമെന്റില്‍ സഞ്ജുവിന് ഇനിയും അവസരം നൽകാൻ ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് തയ്യാറാകില്ലെന്ന് ഗവാസ്‌കര്‍ പറഞ്ഞു.

'സഞ്ജു സാംസണ്‍ കഴിവ് തെളിയിച്ചിട്ടുള്ള താരമാണ്. എന്നാല്‍ അദ്ദേഹം ഇപ്പോള്‍ ഫോമിലല്ല. ഫോമില്ലാത്തതും സഞ്ജുവിന്റെ കഴിവും തമ്മില്‍ യാതൊരു ബന്ധവുമില്ല. എങ്കിലും ലോകകപ്പ് പോലൊരു ടൂര്‍ണമെന്റില്‍ റിസ്‌കെടുക്കാന്‍ സാധിക്കില്ല', ഗവാസ്‌കര്‍ പറഞ്ഞു.

'സഞ്ജുവിന് മതിയായ അവസരങ്ങള്‍ സെലക്ഷന്‍ കമ്മിറ്റി നല്‍കി കഴിഞ്ഞു. അഞ്ച് ഇന്നിങ്ങ്‌സുകളില്‍ നിന്ന് ആകെ 46 റണ്‍സാണ് സഞ്ജു നേടിയത്. 24 റണ്‍സാണ് പരമ്പരയിലെ ഉയര്‍ന്ന സ്‌കോര്‍. സഞ്ജുവിന്റെ ആത്മവിശ്വാസകുറവാണ് ഇത് സൂചിപ്പിക്കുന്നത്. തിലക് വര്‍മ പൂര്‍ണ്ണ കായികക്ഷമത കൈവരിച്ചാല്‍ ഫെബ്രുവരി 7ന് അമേരിക്കക്കെതിരെ സഞ്ജു പ്ലേയിങ് ഇലവനില്‍ കളിക്കുമെന്ന് ഞാന്‍ കരുതുന്നില്ല', ഗവാസ്‌കര്‍ കൂട്ടിച്ചേർത്തു.

Content Highlights: "Don't See Him Play": Sunil Gavaskar about Sanju Samson place in T20 World Cup

To advertise here,contact us