'എത്ര മനോഹരമായാണ് അവര്‍ സമ്മര്‍ദ്ദം കൈകാര്യം ചെയ്തത്, ഒരുപാട് ബഹുമാനം'; സഹതാരത്തെ പുകഴ്ത്തി പ്രതിക റാവല്‍

'ഫൈനലിൽ അവൾ എത്ര നന്നായി കളിച്ചെന്ന് നമുക്കറിയാം'

ഇന്ത്യയുടെ വനിതാ ഓൾറൗണ്ടർ ഷഫാലി വർമയെ വാനോളം പുകഴ്ത്തി പ്രതിക റാവൽ. വനിതാ ഏകദിന ലോകകപ്പിൽ ഇന്ത്യയുടെ വിജയത്തിൽ ബാറ്റുകൊണ്ടും പന്തുകൊണ്ടും നിർണായക പ്രകടനമാണ് ഷഫാലി കാഴ്ചവെച്ചത്. ലോകകപ്പ് റിസർവ് ടീമിൽ പോലും ഇടംലഭിക്കാതിരുന്ന ഷഫാലി, പ്രതിക റാവലിന് പരിക്കേറ്റ് പുറത്തായതിനെ തുടർന്ന് സെമിയിലാണ് ടീമിലെത്തുന്നത്. ഫൈനലിൽ 87 റൺസും രണ്ട് വിക്കറ്റും വീഴ്ത്തിയ ഷഫാലിയായിരുന്നു മത്സരത്തിലെ താരമായതും.

സെമിഫൈനലിൽ നേരിട്ടെത്തിയ സമ്മർദ്ദം വളരെ മികച്ച രീതിയിൽ കൈകാര്യം ചെയ്യാൻ ഷഫാലിക്ക് സാധിച്ചെന്നാണ് പ്രതിക പറയുന്നത്. "അത്ര സമ്മർദ്ദത്തിൽ സെമിഫൈനലിൽ കളിക്കുകയെന്നത് ഒട്ടും എളുപ്പമല്ല. പക്ഷേ ഷഫാലി അത് മനോഹരമായി കൈകാര്യം ചെയ്തു. ഫൈനലിൽ അവൾ എത്ര നന്നായി കളിച്ചെന്ന് നമുക്കറിയാം.", ഇന്ത്യ ടുഡേയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ പ്രതിക റാവൽ പറഞ്ഞു.

ലോകകപ്പിൽ പ്രതിക റാവൽ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഏഴ് മത്സരങ്ങളിൽ നിന്ന് 308 റൺസ് നേടിയ താരം ന്യൂസിലൻഡിനെതിരെ സെഞ്ച്വറി നേടുകയും ചെയ്തു. 51.33 ശരാശരിയും 77.77 സ്ട്രൈക്ക് റേറ്റും താരത്തിനുണ്ട്. ലീഗ് ഘട്ടത്തിലെ അവസാന മത്സരത്തിലാണ് താരത്തിന് പരിക്കേറ്റത്.

ഫൈനലിൽ ദക്ഷിണാഫ്രിക്കയെ 52 റൺസിന് കീഴടക്കിയാണ് ഇന്ത്യ കിരീടം നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 299 റൺസിൻ്റെ വിജയലക്ഷ്യം മുന്നോട്ടുവച്ചപ്പോൾ ദക്ഷിണാഫ്രിക്ക 246 റൺസിന് ഓളൗട്ടായി. ദക്ഷിണാഫ്രിക്കയ്ക്കെതിരായ കലാശപ്പോരില്‍ ബാറ്റുകൊണ്ടും പന്തുകൊണ്ടും ഷഫാലി തിളങ്ങി. ഫൈനലിലെ മികച്ച താരത്തിനുള്ള പുരസ്‌കാരം കൂടി സ്വന്തമാക്കിയാണ് ഷഫാലി മടങ്ങുന്നത്. 78 പന്തിൽ 87 റൺസെടുത്ത ഷഫാലി വർമ, ദക്ഷിണാഫ്രിക്കയുടെ രണ്ടു വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്തു.

Content Highlights: Shafali Verma handled pressure beautifully, immense respect for her says Pratika Rawal

To advertise here,contact us