'നിങ്ങളുടെ രാഷ്ട്രീയമെല്ലാം മാറ്റിവെക്കൂ'; ഏഷ്യാ കപ്പ് വിവാദത്തില്‍ ഇന്ത്യന്‍ ടീമിനെതിരെ ഡിവില്ലിയേഴ്‌സ്

'ഭാവിയില്‍ ഈ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു'

ഏഷ്യാ കപ്പ് ഫൈനലില്‍ പാകിസ്താനെ പരാജയപ്പെടുത്തിയ ശേഷം കിരീടം സ്വീകരിക്കാന്‍ തയ്യാറാവാതിരുന്ന ടീം ഇന്ത്യയെ വിമര്‍ശിച്ച് ദക്ഷിണാഫ്രിക്കയുടെ മുന്‍താരം എബി ഡി വില്ലിയേഴ്സ്. കായികമേഖലയില്‍ രാഷ്ട്രീയത്തെ മാറ്റി നിര്‍ത്തണമെന്നാണ് ഡി വില്ലിയേഴ്സ് പറയുന്നത്. തന്റെ യുട്യൂബ് ചാനലിലൂടെയാണ് ഡിവില്ലിയേഴ്സിന്റെ പ്രതികരണം.

'ട്രോഫി സമ്മാനിക്കുന്നയാളില്‍ ഇന്ത്യന്‍ ടീമിന് അതൃപ്തി ഉണ്ടായിരുന്നെന്ന് തോന്നിയിട്ടുണ്ട്. എന്നാല്‍ സ്പോര്‍ട്സില്‍ ഇത്തരം കാര്യങ്ങളെ ഉള്‍പ്പെടുത്തരുത്. സ്പോര്‍ട്സില്‍ നിന്ന് രാഷ്ട്രീയത്തെ മാറ്റിനിര്‍ത്തണം. സ്‌പോര്‍ട്‌സ് എന്നാല്‍ തീര്‍ത്തു വ്യത്യസ്തമാണ്. അത് ആഘോഷിക്കപ്പെടേണ്ട ഒന്നാണ്', ഡിവില്ലിയേഴ്‌സ് പറഞ്ഞു.

'ഇത്തരം സംഭവങ്ങള്‍ കാണേണ്ടിവരുന്നത് സങ്കടപ്പെടുത്തുന്നുണ്ട്. ഭാവിയില്‍ ഈ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ഇതെല്ലാം കായിക താരങ്ങളെയും മനോവിഷമത്തിലാക്കുന്ന കാര്യമാണ്. അത് ഞാന്‍ കാണാന്‍ ആഗ്രഹിക്കുന്നുമില്ല', ഡി വില്ലിയേഴ്സ് പറഞ്ഞു.

ഏഷ്യാ കപ്പിനെ ചൊല്ലിയുള്ള വിവാദങ്ങള്‍ അന്ത്യമില്ലാതെ തുടരുകയാണ്. പാകിസ്താനെ തോല്‍പ്പിച്ച് ഇന്ത്യ ജേതാക്കളായെങ്കിലും കിരീടം ഇതുവരെ ഇന്ത്യയുടെ കയ്യിലെത്തിയിട്ടില്ല. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്റും പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാനുമായ മൊഹ്സിന്‍ നഖ്വിയില്‍ നിന്നും ട്രോഫി ഏറ്റുവാങ്ങില്ലെന്ന നിലപാടില്‍ ഇന്ത്യന്‍ ടീം ഉറച്ചുനിന്നിരുന്നു. നിലപാടില്‍ നിന്നും ഇന്ത്യന്‍ ടീം മാറാതിരുന്നതോടെ നഖ്വി ട്രോഫിയുമായി കളം വിട്ടു. ഇതോടെ ഇന്ത്യ ട്രോഫി ഇല്ലാതെ തന്നെ വിജയാഘോഷം തുടങ്ങിയിരുന്നു.

Content Highlights: 'Politics should stay aside': AB de Villiers on India-Pakistan Asia Cup trophy row

To advertise here,contact us