'ഓപ്പറേഷന്‍ തിലക് എന്ന് ദയവുചെയ്ത് വിശേഷിപ്പിക്കരുത്'; ഏഷ്യാ കപ്പ് വിജയത്തിന് പിന്നാലെ ഇന്ത്യന്‍ താരം

ഇന്ത്യയുടെ വിജയത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ഇന്ത്യയുടെ 'ഓപ്പറേഷന്‍ തിലക്' എന്ന വിശേഷണം വൈറലാവുകയും ചെയ്തു

ഏഷ്യാ കപ്പ് ഫൈനലില്‍ പാകിസ്താനെതിരായ ഇന്ത്യയുടെ വിജയത്തെ 'ഓപ്പറേഷന്‍ തിലക്' എന്ന് വിശേഷിപ്പിക്കരുതെന്ന് ഇന്ത്യന്‍ താരം തിലക് വര്‍മ. ഏഷ്യാ കപ്പിലെ ത്രില്ലർ ക്ലൈമാക്സിൽ ചിരവൈരികളായ പാകിസ്താനെ വീഴ്ത്തി ഇന്ത്യ വിജയവും കിരീടവും സ്വന്തമാക്കുമ്പോൾ പുറത്താകാതെ 69 റണ്‍സെടുത്ത് ഇന്ത്യയുടെ ഹീറോയായത് യുവതാരം തിലക് വര്‍മയായിരുന്നു. ഇന്ത്യയുടെ വിജയത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ഇന്ത്യയുടെ 'ഓപ്പറേഷന്‍ തിലക്' എന്ന വിശേഷണം വൈറലാവുകയും ചെയ്തു.

ഈ സാഹചര്യത്തിലാണ് തിലക് അഭ്യർത്ഥനയുമായി എത്തിയത്. മത്സരത്തിലെ വിജയത്തെ ആഘോഷിക്കാൻ ഈ വിശേഷണത്തെ കുറിച്ച് ചോദിച്ചപ്പോൾ, പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതിനെ 'ഓപ്പറേഷൻ സിന്ദൂർ ഓൺ ദി ഗെയിംസ് ഫീൽഡ്' എന്ന് വിശേഷിപ്പിച്ചിട്ടുണ്ടെന്നാണ് 22 കാരനായ ബാറ്റർ ചൂണ്ടിക്കാട്ടിയത്.

"ആദ്യം തന്നെ പറയാം, പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ വിജയത്തെ ഓപ്പറേഷൻ സിന്ദൂർ എന്നാണ് വിളിച്ചത്. പക്ഷേ ഓപ്പറേഷൻ തിലക് എന്ന് വിളിക്കുന്നത് ഒരു വലിയ കാര്യമാണ്. സ്പോര്‍ട്സില്‍ ഞങ്ങള്‍ രാജ്യത്തെയാണ് പ്രതിനിധീകരിക്കുന്നത്. ശരിയായ സമയത്ത് ശരിയായ അവസരം എനിക്ക് കിട്ടിയെന്നേയുള്ളു. രാജ്യത്തിനുവേണ്ടി എന്തെങ്കിലും ചെയ്യാനായതില്‍ എനിക്ക് സന്തോഷമുണ്ട്", തിലക് പറഞ്ഞു.

Tilak Varma’s Insta story featuring PM Modi 🇮🇳From Operation Sindoor to Operation Tilak 🔥🚩 pic.twitter.com/AAQGN1b2ZH

ദുബായിൽ നടന്ന കലാശപ്പോരിൽ അഞ്ച് വിക്കറ്റിനാണ് ഇന്ത്യ പാകിസ്താനെ വീഴ്ത്തിയത്. ഇന്ത്യയുടെ ഒൻപതാം ഏഷ്യാ കപ്പ് കിരീടമാണിത്. പാകിസ്താനെ 147 റൺസിന് എറിഞ്ഞൊതുക്കിയ ഇന്ത്യ രണ്ട് പന്തുകൾ ബാക്കിനിൽക്കെ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി വിജയലക്ഷ്യം മറികടന്നു. പുറത്താകാതെ 53 പന്തിൽ 69 റൺസെടുത്ത തിലക് വർമയാണ് ഇന്ത്യയുടെ വിജയശിൽപി.

147 റൺസ് പിന്തുടരാനിറങ്ങിയ ഇന്ത്യ കൂട്ടത്തകർച്ചയോടെയായിരുന്നു തുടങ്ങിയത്. 20 റൺസെടുക്കുന്നതിനിടെ മൂന്ന് ടോപ് ഓർഡർ ബാറ്റർമാരെയും നഷ്ടപ്പെട്ടു. രണ്ടാം ഓവറിൽ അഭിഷേക് ശർമയും മൂന്നാം ഓവറിൽ സൂര്യകുമാർ യാദവും നാലാം ഓവറിൽ ശുഭ്മാൻ ഗില്ലും കൂടാരം കയറിയതോടെ ഇന്ത്യ പതറി. ആറ് പന്തിൽ അഞ്ച് റൺസെടുത്ത അഭിഷേകിനെയും, 10 പന്തിൽ 12 റൺസെടുത്ത ഗില്ലിനെയും ഫഹീം അഷ്‌റഫാണ് പുറത്താക്കി. അഞ്ച് പന്തിൽ ഒരു റൺസെടുത്ത സൂര്യകുമാർ യാദവിനെ ഷഹീൻ അഫ്രീദിയും മടക്കി.

നാലാം വിക്കറ്റിൽ ഒരുമിച്ച തിലക് വർമയും സഞ്ജു സാംസണുമാണ് ഇന്ത്യയെ കൂട്ടത്തകർച്ചയിൽ നിന്ന് കരകയറ്റിയത്. 57 റൺസിന്റെ പാർട്ണർഷിപ്പാണ് ഇരുവരും ഇന്ത്യയ്ക്ക് സമ്മാനിച്ചത്. ഇതിനിടെ 21 പന്തിൽ 24 റൺസെടുത്ത സഞ്ജുവിനെ അബ്രാർ അഹമ്മദ് പുറത്താക്കിയതോടെ പാകിസ്താൻ വീണ്ടും മത്സരത്തിലേക്ക് തിരികെയെത്തി.

എന്നാൽ തുടർന്ന് ക്രീസിലെത്തിയ ശിവം ദുബെ കൂറ്റനടികളുമായി കളം നിറഞ്ഞതോടെ ഇന്ത്യയുടെ പ്രതീക്ഷകൾക്ക് ജീവൻ വെച്ചു. 22 പന്തിൽ 33 റൺസെടുത്താണ് ദുബെ മടങ്ങിയത്. ഹാരിസ് റൗഫ് എറിഞ്ഞ അവസാന ഓവറിൽ ഇന്ത്യയ്ക്ക് വിജയിക്കാൻ 10 റൺസായിരുന്നു വേണ്ടത്. എന്നാൽ ഭയമോ സമ്മർദ്ദമോ ഇല്ലാതെ ബാറ്റുവീശിയ തിലക് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. അവസാന ഓവറിലെ നാലാം പന്തിൽ ബൗണ്ടറിയടിച്ച് റിങ്കു സിങാണ് ഇന്ത്യയുടെ വിജയറൺ കുറിച്ചത്.

Content Highlights: Tilak Varma refuses to call India's Asia Cup win over Pakistan Operation Tilak

To advertise here,contact us