ഇവരൊക്കെ സ്വർണം വാങ്ങികൂട്ടുകയാണ്;ലോകത്ത് ഏറ്റവുംകൂടുതൽ സ്വർണംവാങ്ങുന്ന രാജ്യങ്ങൾ?;ഇന്ത്യയുടെ സ്ഥാനം എത്ര

കേന്ദ്ര ബാങ്കുകളുടെ സ്വര്‍ണം വാങ്ങല്‍ കണക്കുകളില്‍ ഇന്ത്യ നാലാമത്. കരുതല്‍ ശേഖരത്തില്‍ എട്ടാം സ്ഥാനം

gold necklace

സ്വര്‍ണം ആഭരണമായി വാങ്ങുന്നതില്‍ മാത്രമല്ല സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിനും രാജ്യങ്ങള്‍ വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. സാമ്പത്തിക അനിശ്ചിതത്വങ്ങള്‍ വര്‍ധിക്കുമ്പോള്‍ കരുതല്‍ ശേഖരത്തിന്റെ ഭാഗമായി സ്വര്‍ണം വാങ്ങിക്കൂട്ടുന്ന രാജ്യങ്ങളുമുണ്ട്. 2020 മുതല്‍ 2025 വരെയുള്ള കാലയളവില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ സ്വര്‍ണം വാങ്ങിയ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും ആദ്യ അഞ്ചില്‍ ഇടംപിടിച്ചിട്ടുണ്ട്.

സ്വര്‍ണം വാങ്ങുന്നതില്‍ മുന്നില്‍ ചൈന

കേന്ദ്ര ബാങ്കുകള്‍ നടത്തിയ സ്വര്‍ണം വാങ്ങലിന്റെ കണക്കുകള്‍ പ്രകാരം 2020 മുതല്‍ 2025 വരെയുള്ള കാലയളവില്‍ ചൈനയാണ് ഒന്നാമത് എത്തിനില്‍ക്കുന്നത്. ഏകദേശം 357.1 ടണ്‍ സ്വര്‍ണമാണ് ചൈനയുടെ കരുതല്‍ ശേഖരത്തിലേക്ക് കൂട്ടിച്ചേര്‍ത്തിട്ടുള്ളത്. ഡോളറിനെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും വിദേശനാണയ കരുതല്‍ ശേഖരം വൈവിധ്യവത്കരിക്കുന്നതിനുമുള്ള നീക്കങ്ങളുടെ ഭാഗമായാണ് ചൈനയുടെ സ്വര്‍ണം വാങ്ങലെന്നാണ് വിലയിരുത്തുന്നത്.

രണ്ടാം സ്ഥാനത്ത് പോളണ്ട്

പോളണ്ടാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. ഈ കാലയളവില്‍ ഏകദേശം 313.6 ടണ്‍ സ്വര്‍ണം പോളണ്ട് വാങ്ങി. 251.8 ടണ്‍ സ്വര്‍ണം വാങ്ങിയ തുര്‍ക്കിയാണ് മൂന്നാം സ്ഥാനത്തുള്ളത്.

ആദ്യ അഞ്ചില്‍ ഇന്ത്യയും

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ സ്വര്‍ണം വാങ്ങല്‍ ഇന്ത്യയെ ലോകത്തെ മുന്‍നിര രാജ്യങ്ങളുടെ പട്ടികയില്‍ എത്തിച്ചു. 2020 മുതല്‍ 2025 വരെയുള്ള കാലയളവില്‍ ഏകദേശം 245.3 ടണ്‍ സ്വര്‍ണമാണ് ആര്‍ബിഐയുടെ കരുതല്‍ ശേഖരത്തിലേക്ക് കൂട്ടിച്ചേര്‍ത്തത്. ഇതോടെ കേന്ദ്ര ബാങ്കുകളുടെ സ്വര്‍ണം വാങ്ങലില്‍ ഇന്ത്യ നാലാം സ്ഥാനത്തെത്തി. സ്വര്‍ണം വാങ്ങുന്നതിലൂടെ രാജ്യത്തിന്റെ വിദേശനാണയ കരുതല്‍ ശേഖരത്തിന് കൂടുതല്‍ വൈവിധ്യം നല്‍കാനും സാമ്പത്തിക അനിശ്ചിതത്വങ്ങള്‍ നേരിടാനുള്ള സുരക്ഷ ശക്തിപ്പെടുത്താനും സാധിക്കും.

ഇന്ത്യയുടെ ആകെ സ്വര്‍ണശേഖരം എത്ര?

ഒരു നിശ്ചിത കാലയളവില്‍ വാങ്ങിയ സ്വര്‍ണത്തിന്റെ അളവും രാജ്യത്തിന്റെ ആകെ സ്വര്‍ണശേഖരവും രണ്ടാണ്. ആകെ ഔദ്യോഗിക സ്വര്‍ണശേഖരത്തിന്റെ കാര്യത്തില്‍ ഇന്ത്യയ്ക്ക് ലോകത്ത് എട്ടാം സ്ഥാനമാണുള്ളത്. റിസര്‍വ് ബാങ്കിന്റെ കൈവശം ഏകദേശം 880881 ടണ്‍ സ്വര്‍ണമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

എന്തുകൊണ്ടാണ് രാജ്യങ്ങള്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നത്?

സ്വര്‍ണത്തെ സാമ്പത്തിക സുരക്ഷയുടെ ഒരു പ്രധാന ഘടകമായാണ് പല രാജ്യങ്ങളും കാണുന്നത്. ഓഹരി വിപണികളിലും കറന്‍സി മൂല്യത്തിലും ചാഞ്ചാട്ടമുണ്ടാകുമ്പോള്‍ സ്വര്‍ണത്തിന് പ്രാധാന്യം വര്‍ധിക്കാറുണ്ട്. വിദേശനാണയ ശേഖരത്തില്‍ ഡോളര്‍ ഉള്‍പ്പെടെയുള്ള കറന്‍സികള്‍ക്കൊപ്പം സ്വര്‍ണവും സൂക്ഷിക്കുന്നത് നിക്ഷേപങ്ങള്‍ വൈവിധ്യമാക്കാന്‍ സഹായിക്കും.

ഇന്ത്യയില്‍ ആഭരണങ്ങളുടെയും നിക്ഷേപങ്ങളുടെയും കാര്യത്തില്‍ ഒരുപോലെ സ്വര്‍ണത്തിന് വലിയ പ്രാധാന്യമുണ്ട്. എന്നാല്‍ സാധാരണക്കാര്‍ വാങ്ങുന്ന ആഭരണങ്ങളുടെയും നാണയങ്ങളുടെയും അളവും കേന്ദ്ര ബാങ്കുകള്‍ രാജ്യത്തിന്റെ കരുതല്‍ ശേഖരത്തിലേക്ക് വാങ്ങുന്ന സ്വര്‍ണവും വ്യത്യസ്തമായ കണക്കുകളിലാണ് ഉള്‍പ്പെടുന്നത്.

Content Highlights :India has secured a place among the top five countries in the world in terms of gold purchases during the period from 2020 to 2025.

To advertise here,contact us