ഡ്രൈവിംഗ് ലൈസന്‍സിന്റെ കാലാവധി 50 വയസ് വരെ നീട്ടിയേക്കും

നിലവിലുള്ള 20 വര്‍ഷത്തെ കാലാവധിക്ക് പകരം, ലൈസന്‍സ് ഉടമയ്ക്ക് 50 വയസ്സ് തികയുന്നത് വരെ കാലാവധി നീട്ടി നല്‍കാനാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം പദ്ധതിയിടുന്നത്

ഡ്രൈവിംഗ് ലൈസന്‍സിന്റെ കാലാവധി 20 വര്‍ഷത്തില്‍നിന്ന് 50 വര്‍ഷമായി ഉയര്‍ത്തുന്നതിനെക്കുറിച്ചുളള ആലോചനയുമായി കേന്ദ്ര സര്‍ക്കാര്‍. പൊതുജനങ്ങള്‍ക്ക് കൂടുതല്‍ ആശ്വാസം നല്‍കുന്നതിനായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. നിലവിലുള്ള 20 വര്‍ഷത്തെ കാലാവധിക്ക് പകരം, ലൈസന്‍സ് ഉടമയ്ക്ക് 50 വയസ്സ് തികയുന്നത് വരെ കാലാവധി നീട്ടി നല്‍കാനാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം പദ്ധതിയിടുന്നത്. ഇതോടൊപ്പം വാഹനങ്ങളുടെ ഉടമസ്ഥാവകാശം മാറ്റുന്നതും പെര്‍മിറ്റുകള്‍ പുതുക്കുന്നതും ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ പൂര്‍ണ്ണമായും ഓണ്‍ലൈന്‍ വഴിയാക്കാനും നീക്കമുണ്ട്.

നിലവിലുള്ള സംവിധാനത്തില്‍ ഡ്രൈവിംഗ് ലൈസന്‍സിന് 20 വര്‍ഷത്തേക്ക് സാധുതയുണ്ട്. ഈ കാലാവധി കഴിഞ്ഞ ശേഷം ലൈസന്‍സ് ഉടമ പുതുക്കലിനായി അപേക്ഷിക്കുകയും ചില സന്ദര്‍ഭങ്ങളില്‍ ആരോഗ്യ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള ആവശ്യ രേഖകള്‍ സമര്‍പ്പിക്കുകയും വേണം. ഈ പ്രക്രിയ ലളിതമാക്കുന്നതിനും പൊതു സേവനങ്ങളിലേക്കുള്ള പ്രവേശനം എളുപ്പമാക്കുന്നതിനും ലക്ഷ്യമിട്ടുള്ള നീക്കത്തിന്റെ ഭാഗമായയാണ് ഡ്രൈവിംഗ് ലൈസന്‍സിന്റെ കാലയളവ് 50 വര്‍ഷമായി നീട്ടാന്‍ ലക്ഷ്യമിടുന്നത്.

എന്നാല്‍ ലൈസന്‍സ് പുതുക്കല്‍ കുറയുന്നത് മൂലം വരുമാനത്തില്‍ നഷ്ടം ഉണ്ടാകുമോ എന്ന ആശങ്ക ചില സംസ്ഥാന സര്‍ക്കാരുകള്‍ ഉയര്‍ത്തിയിട്ടുണ്ട്. എന്നാല്‍ മാറ്റങ്ങള്‍ നടപ്പിലാക്കിയാല്‍ സംസ്ഥാനങ്ങള്‍ക്ക് കാര്യമായ വരുമാന നഷ്ടം ഉണ്ടാകാന്‍ സാധ്യതയില്ലെന്ന് ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു.

ഡ്രൈവിംഗ് ലൈസന്‍സുകള്‍ക്ക് പുറമേ, വാഹന ഉടമസ്ഥാവകാശ കൈമാറ്റം, പെര്‍മിറ്റ് പുതുക്കല്‍ തുടങ്ങിയ പ്രക്രിയകള്‍ പൂര്‍ണ്ണമായും ഓണ്‍ലൈനാക്കാനും സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്.

പേപ്പര്‍വര്‍ക്കുകള്‍ കുറയ്ക്കുന്നതിനും പതിവ് സേവനങ്ങള്‍ക്കായി പൗരന്മാര്‍ ഓഫീസുകള്‍ സന്ദര്‍ശിക്കേണ്ടതിന്റെ ആവശ്യകത ഇല്ലാതാക്കുന്നതിനും ഈ നടപടികള്‍ ലക്ഷ്യമിടുന്നു.

ഡ്രൈവിംഗ് ലൈസന്‍സുകള്‍ നേടുന്നതിനോ പുതുക്കുന്നതിനോ ഉള്ള ഫീസ് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ വഴി ശേഖരിക്കുന്നത് തുടരാമെന്നും ഇത് വരുമാന സ്രോതസ്സുകളെ ബാധിക്കില്ലെന്ന് ഉറപ്പാക്കുമെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

ഗതാഗത നിയമലംഘനങ്ങള്‍ക്ക് നെഗറ്റീവ് പോയിന്റുകള്‍ നല്‍കുന്നതിനും ലൈസന്‍സുകള്‍ സസ്പെന്‍ഷന്‍ ചെയ്യുന്നതിനോ റദ്ദാക്കുന്നതിനോ ബന്ധിപ്പിക്കുന്നതിനുമുള്ള ഒരു സംവിധാനം നിലവില്‍ വന്നുകഴിഞ്ഞാല്‍, നിയമലംഘനം നടത്തുന്ന ഡ്രൈവര്‍മാരെ ഫലപ്രദമായി നിയന്ത്രിക്കാന്‍ കഴിയുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. ഈ നിര്‍ദ്ദേശം നടപ്പിലാക്കുന്നത് എപ്പോഴാണെന്ന് മന്ത്രാലയം പ്രഖ്യാപിച്ചിട്ടില്ല. ചര്‍ച്ചകള്‍ ഇപ്പോഴും പ്രാഥമിക ഘട്ടത്തിലാണെന്ന് ഉദ്യോഗസ്ഥര്‍ ഊന്നിപ്പറഞ്ഞു.

Content Highlights : The Union Ministry of Surface Transport is planning to extend the validity of the license till the holder attains the age of 50 years, instead of the existing 20-year period.

To advertise here,contact us