സംഭവം നടക്കുന്നത് തായ്ലൻഡിലെ ചൈയാഫും (Chaiyaphum) ആധുനിക ലോകത്തിന്റെ ബഹളങ്ങളിൽ നിന്നെല്ലാം മാറി ശാന്തമായി കിടക്കുന്ന ഒരു ഉൾഗ്രാമം. അവിടെയുള്ള ഒരു സാധാരണ ഗ്രാമീണൻ ഒരു ദിവസം തന്റെ പതിവ് നടത്തത്തിനായി ഇറങ്ങിയതായിരുന്നു. നടക്കുന്നതിനിടെ എന്തോ വലിയൊരു സാധനം നിലത്ത് തറഞ്ഞ് നിൽക്കുന്നതായി കാണപ്പെട്ടു. മണ്ണിൽ പൂണ്ടുപോയ വലിയ പാറക്കഷ്ണം പോലെ തോന്നിക്കാമെങ്കിലും സൂക്ഷ്മമായി നിരീക്ഷിച്ചപ്പോൾ അത് ഏതോ ഒരു ജീവിയുടെ അസ്ഥിയാണെന്ന് മനസിലായി.
വിവരമറിഞ്ഞ് പാലിയന്റോളജിസ്റ്റുകൾ (paleontologists) സ്ഥലത്തെത്തി. പുരാതന ജീവികളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രജ്ഞരാണ് പാലിയന്റോളജിസ്റ്റുകൾ. വിപുലമായ ഖനനത്തിനൊടുവിൽ ഭൂമിയുടെ അടിയിൽ മറഞ്ഞുകിടന്ന ആ അത്ഭുതം പൂർണ്ണമായും പുറത്തെടുത്തു. ഒരു സാധാരണ ഗ്രാമീണന്റെ കൗതുകം ചെന്നെത്തി നിന്നത് കോടിക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള ഒരു ചരിത്രത്തിലേക്കായിരുന്നു. കണ്ടെടുത്ത അസ്ഥി തെക്കുകിഴക്കൻ ഏഷ്യയിലെ ഏറ്റവും വലിയ ഡൈനസോറിന്റെ ഫോസിലുകളായിരുന്നു. ശാസ്ത്രലോകത്തെത്തന്നെ അമ്പരപ്പിച്ച ഒന്നായിരുന്നു ഈ കണ്ടെത്തൽ.
തായ്ലൻഡിലെ ചൈയാഫും പ്രവിശ്യയിൽ (Chaiyaphum province) നിന്നും കണ്ടെത്തിയതുകൊണ്ട് ഈ ദിനോസറിന് ശാസ്ത്രജ്ഞർ 'നാഗടൈറ്റൻ ചൈയാഫുമെൻസിസ്' (Nagatitan chaiyaphumensis) എന്ന് പേരിട്ടു. തായ് പുരാണങ്ങളിലെ ഭീമാകാരമായ സർപ്പരൂപമുള്ള 'നാഗ' എന്ന സങ്കൽപ്പത്തിൽ നിന്നുമാണ് 'നാഗടൈറ്റൻ' എന്ന പേര് സ്വീകരിച്ചത്.
ശാസ്ത്രലോകത്തിന് ഇതുവരെ അപരിചിതമായിരുന്നു ഈ ദിനോസറുകൾ. കൂടുതൽ ശാസ്ത്രീയ പരീക്ഷണങ്ങൾക്കൊടുവിൽ ഇവ സസ്യഭുക്കുകളാണെന്നും വലിയ ദിനോസറുകളുടെ 'സോരോപോഡ്' (Sauropod) കുടുംബത്തിൽ ഉൾപ്പെട്ടവയാണെന്നും കണ്ടെത്തി. നീളമുള്ള കഴുത്തും വാലും വലിയ തൂൺ പോലുള്ള നാല് കാലുകളുമുള്ള ഭീമന്മാരായിരുന്നു നാഗടൈറ്റൻ ചൈയാഫുമെൻസിസ് ദിനോസറുകൾ.
ഏകദേശം 11.3 കോടി (113 മില്യൺ) വർഷങ്ങൾക്ക് മുമ്പ് ഭൂമിയിൽ ജീവിച്ചിരുന്നവയാണ് ഈ ദിനോസറുകൾ എന്നാണ് ശാസ്ത്രജ്ഞരുടെ കണക്കുകൂട്ടൽ. ഇതിന്റെ അസ്ഥികൂടത്തിന്റെ വലുപ്പം കണ്ട് ഗവേഷകർ പോലും അത്ഭുതപ്പെട്ടുപോയി. ഏകദേശം 90 അടിയോളം നീളമുണ്ടായിരുന്നു ഈ ജീവിക്ക്. ഇവയുടെ ഭാരം ശാസ്ത്രജ്ഞരെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. വലിയ അഞ്ച് മുതൽ ആറ് വരെയുള്ള ആനകളുടെ ഭാരമുണ്ടായിരുന്നു ഇവക്ക് എന്നാണ് ശാസ്ത്രജ്ഞരുടെ അനുമാനം. നാഗടൈറ്റൻ ചൈയാഫുമെൻസിസിന്റെ ഒരു കാലിലെ അസ്ഥിക്ക് മാത്രം ഏകദേശം ആറടി നീളമുണ്ട് എന്നത് ഈ ജീവിയുടെ ഭീകരമായ വലുപ്പത്തെ സൂചിപ്പിക്കുന്നു.
വർഷങ്ങളോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് ഈ അസ്ഥികൾ പൂർണ്ണമായി പുറത്തെടുക്കാൻ സാധിച്ചത്. ഇതിന്റെ തലയോട്ടിയോ പല്ലുകളോ കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിലും നട്ടെല്ല്, വാരിയെല്ലുകൾ, ഇടുപ്പെല്ല് എന്നിവയുടെ ഫോസിലുകൾ ലഭിച്ചു. ഈ എല്ലുകളുടെ ഘടന പരിശോധിച്ചപ്പോഴാണ് മറ്റൊരു പ്രത്യേകത കൂടി ശാസ്ത്രജ്ഞർക്ക് മനസ്സിലായത്. ഇവയുടെ ഉള്ളിൽ Honeycomb അസ്ഥികൾ ഉണ്ടായിരുന്നു. തേൻകൂട് പോലെ വായു അറകൾ ഉള്ള അസ്ഥികളാണ് ഇവ. ഇത് അസ്ഥികൾക്ക് ഭാരക്കുറവും എന്നാൽ അതേസമയം വലിയ കരുത്ത് നൽകാനും സഹായിക്കുന്നവയാണ്.
നാഗടൈറ്റൻ ജീവിച്ചിരുന്ന കാലത്ത് ഇന്നത്തെ തായ്ലൻഡിന്റെ ഭൂപ്രകൃതി തികച്ചും വ്യത്യസ്തമായിരുന്നു. വരണ്ടതും ചൂടുള്ളതുമായ കാലാവസ്ഥയായിരുന്നു അന്ന്. കുറഞ്ഞ മരങ്ങളും ധാരാളം കാടുകളും പുൽമേടുകളുമുള്ള ആ പ്രദേശത്ത് ഇവയുടെ പ്രധാന ഭക്ഷണം ഫേൺ (Ferns), കോണിഫറുകൾ തുടങ്ങിയ സസ്യങ്ങൾ ആയിരുന്നു. ആഹാരം ചവച്ചരച്ച് കഴിക്കാനുള്ള ശേഷി ഇവയ്ക്ക് കുറവായിരുന്നു. അതുകൊണ്ടുതന്നെ വലിയ അളവിൽ സസ്യങ്ങൾ പച്ചയോടെ വിഴുങ്ങുകയായിരുന്നു പതിവ്.
തായ്ലൻഡിൽ നിലനിന്നിരുന്ന കാലാവസ്ഥ മൂലമാകാം സോരോപോഡ് വംശത്തിലെ ദിനോസറുകൾക്ക് ഇത്രയും വലിയ ശരീരഘടന കൈവന്നതെന്ന് ശാസ്ത്രജ്ഞർ കരുതുന്നു. ഭീമാകാരമായ വലുപ്പം ഉണ്ടായിരുന്നതുകൊണ്ട് തന്നെ അക്കാലത്ത് ഉണ്ടായിരുന്ന മാംസഭുക്കുകളായ ഒരു ജീവികളെയും നാഗടൈറ്റനുകൾക്ക് ഭയപ്പെടേണ്ടി വന്നിരുന്നില്ല. അന്നുണ്ടായിരുന്ന ഏറ്റവും വലിയ മാംസഭുക്കുകളായ ദിനോസറുകൾ പോലും ഇവയെ ആക്രമിക്കാൻ ഭയപ്പെട്ടിരുന്നു. കാരണം ഇവയുടെ ഒരൊറ്റ ചവിട്ടിലോ വാലുകൊണ്ടുള്ള ഒരടിയിലോ ശത്രുക്കളുടെ ജീവൻ പോലും നഷ്ടപ്പെടാൻ സാധ്യതയുണ്ടായിരുന്നു. അത്രത്തോളം ശക്തരായിരുന്നു നാഗടൈറ്റനുകൾ.
നാഗടൈറ്റൻ ചൈയാഫുമെൻസിസിന്റെ അസ്ഥി കണ്ടെത്തിയത് ഇന്നും ശാസ്ത്രലോകത്തിന് അപരിചിതമായ പ്രതിഭാസങ്ങളിലേക്കുള്ള ഒരു താക്കോൽ ആയിരുന്നു. ഭൂമിയുടെ ചരിത്രത്തെയും ജീവികളുടെ പരിണാമത്തെയും കുറിച്ച് പഠിക്കാൻ വലിയ രീതിയിൽ സഹായിക്കുന്ന ഒന്നായി മാറിയിരിക്കുകയാണ് ഈ കണ്ടെത്തൽ. തായ്ലൻഡിനെ സംബന്ധിച്ചിടത്തോളവും ഇതൊരു ചരിത്ര നിമിഷമാണ്. രാജ്യത്തുനിന്നും കണ്ടെത്തുന്ന പതിനാലാമത്തെ ഇനം ദിനോസറാണ് നാഗടൈറ്റൻ ചൈയാഫുമെൻസിസ്. അതും ഇന്നേവരെ കണ്ടെത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ അസ്ഥിയും നാഗടൈറ്റൻ ചൈയാഫുമെൻസിസിന്റെ തന്നെയാണ്.
Content Highlight: A new discovery occured in Thailand which revealed Southeast Asia's largest dinosaur fossil, named Nagatitan chaiyaphumensis, a 90-foot-long sauropod from 113 million years ago.