കടല്‍ച്ചുഴിയില്‍ നിന്ന് കോടീശ്വരന്‍മാരുടെ സ്വര്‍ഗ്ഗത്തിലേക്ക്; സിംഗപ്പൂര്‍ എന്ന അത്ഭുതം

2023-ലെ കണക്കനുസരിച്ച് 500 ബില്യണ്‍ ഡോളറിലധികം മൊത്തം ആഭ്യന്തര ഉല്‍പ്പാദനവും, 84,714 യുഎസ് ഡോളര്‍ പ്രതിശീര്‍ഷ ജിഡിപിയും ഉള്ള സിംഗപ്പൂര്‍ ഇന്ന് ആഗോളതലത്തിലെ കരുത്തുറ്റ സമ്പദ്വ്യവസ്ഥയാണ്

വെറുമൊരു കൊളോണിയല്‍ തുറമുഖമായിരുന്ന ഒരു കൊച്ചു രാജ്യം ഇന്ന് ലോകത്തെ വിറപ്പിക്കുന്ന സാമ്പത്തിക ശക്തിയായി മാറിയ കഥയാണിത്. വിഭവങ്ങളില്ലാത്ത സിംഗപ്പൂര്‍ എങ്ങനെ ലോകത്തെ അഞ്ച് മികച്ച സാമ്പത്തിക കേന്ദ്രങ്ങളില്‍ ഒന്നായി?

ലോകത്തിലെ ഏറ്റവും മികച്ച അഞ്ച് സാമ്പത്തിക കേന്ദ്രങ്ങളില്‍ ഒന്നായ സിംഗപ്പൂര്‍, ഏഷ്യ-പസഫിക് മേഖലയിലെ ഒന്നാം സ്ഥാനവുമായാണ് ആഗോള സാമ്പത്തിക ഭൂപടത്തില്‍ തിളങ്ങുന്നത്. രാഷ്ട്രീയ സ്ഥിരത, തന്ത്രപരമായ ഭൂമിശാസ്ത്രപരമായ സ്ഥാനം, കുറഞ്ഞ നികുതി നിരക്കുകള്‍ എന്നിവ സിംഗപ്പൂരിനെ നിക്ഷേപകരുടെ പ്രിയപ്പെട്ട കേന്ദ്രമാക്കി മാറ്റുന്നു.

1965-ല്‍ വിഭവശേഷി കുറഞ്ഞ ഒരു കൊളോണിയല്‍ തുറമുഖം മാത്രമായിരുന്ന സിംഗപ്പൂര്‍, ലോകത്തിലെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളിലൊന്നായി മാറിയത് ഒരു 'സാമ്പത്തിക അത്ഭുതം' തന്നെയാണ്. 2023-ലെ കണക്കനുസരിച്ച് 500 ബില്യണ്‍ ഡോളറിലധികം മൊത്തം ആഭ്യന്തര ഉല്‍പ്പാദനവും, 84,714 യുഎസ് ഡോളര്‍ പ്രതിശീര്‍ഷ ജിഡിപിയും ഉള്ള സിംഗപ്പൂര്‍ ഇന്ന് ആഗോളതലത്തിലെ കരുത്തുറ്റ സമ്പദ്വ്യവസ്ഥയാണ്.

മാറ്റത്തിന്റെ ശില്പി

സിംഗപ്പൂരിന്റെ വളര്‍ച്ചയുടെ പിന്നിലെ ബുദ്ധി ആദ്യ പ്രധാനമന്ത്രി ലീ ക്വാന്‍ യൂവിന്റേതായിരുന്നു. 'അഴിമതിയില്ലാത്ത രാജ്യം' എന്നതായിരുന്നു അദ്ദേഹത്തിന്റെ മുദ്രാവാക്യം. കര്‍ക്കശമായ നിയമങ്ങളിലൂടെ അദ്ദേഹം നിക്ഷേപകര്‍ക്ക് ആത്മവിശ്വാസം നല്‍കി. അഴിമതി അന്വേഷിക്കാന്‍ CPIB എന്ന കരുത്തുറ്റ ഏജന്‍സിയെ അദ്ദേഹം നിയോഗിച്ചു. ഇന്ന് ലോകത്ത് ഏറ്റവും കുറഞ്ഞ അഴിമതിയുള്ള രാജ്യങ്ങളില്‍ ഒന്നാണ് സിംഗപ്പൂര്‍.

ഉയര്‍ന്ന തൊഴിലില്ലായ്മ പരിഹരിക്കുന്നതിനായി തുടക്കത്തില്‍ തൊഴിലധിഷ്ഠിത ഉല്‍പ്പാദന മേഖലയിലാണ് സിംഗപ്പൂര്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. വിദേശ നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനായി നികുതി ഇളവുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ച സര്‍ക്കാര്‍, 1961-ല്‍ ഇക്കണോമിക് ഡെവലപ്മെന്റ് ബോര്‍ഡ് (EDB) സ്ഥാപിച്ച് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൂട്ടി.

ഹൈ-ടെക്, സാമ്പത്തിക വിപ്ലവം

1980-കളില്‍ ഇലക്ട്രോണിക്‌സ്, പെട്രോകെമിക്കല്‍സ് തുടങ്ങിയ മൂലധനാധിഷ്ഠിത ഹൈടെക് വ്യവസായങ്ങളിലേക്ക് രാജ്യം ശ്രദ്ധ തിരിച്ചു. ഇതോടൊപ്പം സാമ്പത്തിക മേഖലയില്‍ കൊണ്ടുവന്ന ഉദാരവല്‍ക്കരണ നയങ്ങള്‍ സിംഗപ്പൂരിനെ ലോകത്തിലെ തന്നെ പ്രമുഖ സാമ്പത്തിക കേന്ദ്രമാക്കി മാറ്റി. ഇന്ന് നവീന സാങ്കേതികവിദ്യകള്‍, ഗവേഷണം , ഡിജിറ്റല്‍ സേവനങ്ങള്‍ എന്നിവയിലൂന്നിയ വിജ്ഞാന സമ്പദ്വ്യവസ്ഥക്കാണ് സിംഗപ്പൂര്‍ മുന്‍തൂക്കം നല്‍കുന്നത്.

ബിസിനസ് സൗഹൃദ അന്തരീക്ഷം

ഏറ്റവും കുറഞ്ഞ കോര്‍പ്പറേറ്റ് നികുതി നിരക്കാണ് (ഏകദേശം 17%, പ്രത്യേക മേഖലകളില്‍ 13.5% വരെ ഇളവ്) സിംഗപ്പൂരിന്റെ മറ്റൊരു സവിശേഷത. ഇത് നാലായിരത്തിലധികം ബഹുരാഷ്ട്ര കമ്പനികളെ തങ്ങളുടെ പ്രാദേശിക ആസ്ഥാനങ്ങള്‍ ഇവിടെ തുടങ്ങാന്‍ പ്രേരിപ്പിച്ചു.അതുപോലെ ലോകത്ത് ഏറ്റവും എളുപ്പത്തില്‍ ബിസിനസ് ആരംഭിക്കാന്‍ കഴിയുന്ന രാജ്യങ്ങളില്‍ ഒന്നാണ് സിംഗപ്പൂര്‍. സങ്കീര്‍ണ്ണമായ ചുവപ്പുനാടകളില്ലാതെ ഒരു ദിവസത്തിനുള്ളില്‍ തന്നെ കമ്പനി രജിസ്റ്റര്‍ ചെയ്യാന്‍ ഇവിടെ സാധിക്കും.

സ്വര്‍ണ്ണമോ എണ്ണയോ ഖനികളോ സിംഗപ്പൂരിനില്ല. അവരുടെ ഒരേയൊരു സമ്പത്ത് അവിടുത്തെ ജനങ്ങളാണ്. വിദ്യാഭ്യാസത്തിന് രാജ്യം നല്‍കുന്ന മുന്‍ഗണന ലോകപ്രശസ്തമാണ്.രാജ്യാന്തരതലത്തിലുള്ള PISA റാങ്കിംഗില്‍ സിംഗപ്പൂരിലെ വിദ്യാര്‍ത്ഥികള്‍ സ്ഥിരമായി ഒന്നാം സ്ഥാനം നേടുന്നത് ഇതിന് തെളിവാണ്.

മലാക്ക കടലിടുക്കിലെ തന്ത്രപരമായ സ്ഥാനം സിംഗപ്പൂര്‍ നന്നായി ഉപയോഗിച്ചു. ലോകത്തെ ഏറ്റവും തിരക്കേറിയ തുറമുഖവും, ആഡംബര സൗകര്യങ്ങളുള്ള ചാങി വിമാനത്താവളവും രാജ്യത്തെ ആഗോള വാണിജ്യ കേന്ദ്രമാക്കി മാറ്റി. ഇതിനുപുറമെ, മറീന ബേ സാന്‍ഡ്സ് പോലുള്ള റിസോര്‍ട്ടുകള്‍ ടൂറിസം മേഖലയില്‍ വന്‍ കുതിച്ചുചാട്ടമുണ്ടാക്കി.

വെല്‍ത്ത് മാനേജ്മെന്റും ടൂറിസവും

മൂന്ന് ട്രില്യണ്‍ യുഎസ് ഡോളറിലധികം ആസ്തി കൈകാര്യം ചെയ്യുന്ന സിംഗപ്പൂര്‍, ലോകത്തിലെ അതിസമ്പന്നരുടെയും കുടുംബ ഓഫീസുകളുടെയും പ്രിയപ്പെട്ട കേന്ദ്രമാണ്. മറീന ബേ സാന്‍ഡ്സ് പോലുള്ള 'ഇന്റഗ്രേറ്റഡ് റിസോര്‍ട്ടുകള്‍' ആരംഭിച്ച് ടൂറിസം മേഖലയില്‍ വലിയ കുതിച്ചുചാട്ടം രാജ്യം നടത്തി. ഇത് ആഡംബര വിനോദസഞ്ചാരത്തിന് പുതിയൊരു മുഖം നല്‍കി.ഏഷ്യയിലെ ഏറ്റവും വലിയ ഫിന്‍ടെക് ഹബ്ബായ ഇവിടെ ആയിരത്തിലധികം പ്രമുഖ ഫിന്‍ടെക് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നു. രാജ്യാന്തര ബാങ്കിംഗ് ഇടപാടുകള്‍ക്കും വിദേശനാണ്യ വിനിമയത്തിനും (Forex) ലോകത്തെ മുന്‍നിര കേന്ദ്രങ്ങളിലൊന്നായി സിംഗപ്പൂര്‍ നിലകൊള്ളുന്നു.മോണിറ്ററി അതോറിറ്റി ഓഫ് സിംഗപ്പൂരിന്റെ (MAS) ശക്തമായ പണനയവും ബിസിനസ് സൗഹൃദമായ നിയമവ്യവസ്ഥയും വിശ്വസനീയമായ ഒരു സാമ്പത്തിക അന്തരീക്ഷം ഒരുക്കുന്നു.ലോകപ്രശസ്തമായ സിംഗപ്പൂര്‍ എക്‌സ്‌ചേഞ്ചിന്റെ (SGX) കരുത്തും ആഗോള സാമ്പത്തിക സ്ഥാപനങ്ങളുടെ സാന്നിധ്യവും നഗരത്തിന്റെ പദവി ഉയര്‍ത്തുന്നു.

ഹൗസിംഗ് ആന്‍ഡ് ഡെവലപ്മെന്റ് ബോര്‍ഡ് (HDB) വഴി ചേരികളെ അത്യാധുനിക അപ്പാര്‍ട്ടുമെന്റുകളാക്കി മാറ്റി. ഇന്ന് 80 ശതമാനത്തിലധികം ആളുകളും എച്ച്.ഡി.ബി ഫ്‌ലാറ്റുകളില്‍ താമസിക്കുന്നു. ഇത് ജനങ്ങള്‍ക്കിടയില്‍ ഉടമസ്ഥാവകാശബോധവും സാമൂഹിക സുരക്ഷിതത്വവും ഉറപ്പാക്കി. സെന്‍ട്രല്‍ പ്രൊവിഡന്റ് ഫണ്ട് (CPF) എന്ന നിര്‍ബന്ധിത സമ്പാദ്യ പദ്ധതിയിലൂടെ വിരമിക്കല്‍ കാലം, ആരോഗ്യ സംരക്ഷണം, ഭവന നിര്‍മ്മാണം എന്നിവയ്ക്കുള്ള തുക കണ്ടെത്താന്‍ ജനങ്ങളെ പ്രാപ്തരാക്കി. ഇത് രാജ്യത്തെ ജനങ്ങളെ സ്വാശ്രയത്വമുള്ളവരാക്കി മാറ്റി.

'ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഇന്‍ഡസ്ട്രി ട്രാന്‍സ്ഫര്‍മേഷന്‍ മാപ്പ് 2025' പോലുള്ള ദീര്‍ഘവീക്ഷണമുള്ള പദ്ധതികളിലൂടെയും വിദഗ്ധരായ തൊഴില്‍ശക്തിയിലൂടെയും സിംഗപ്പൂര്‍ ആഗോള സാമ്പത്തിക രംഗത്തെ തങ്ങളുടെ ആധിപത്യം നിലനിര്‍ത്തുകയാണ്.

Content Highlights: How did Singapore become one of the world’s top five financial centres?

To advertise here,contact us