ആഗോള സാമ്പത്തിക വിപണിയിലെ കരുത്തനായ അമേരിക്കൻ ഡോളർ നിലവിൽ വലിയ തിരിച്ചടികൾ നേരിടുകയാണ്.കഴിഞ്ഞ കുറച്ചു നാളുകളായി ഡോളറിന്റെ വിനിമയ മൂല്യത്തിൽ ഇടിവ് രേഖപ്പെടുത്തുന്നത് ആഗോള വിപണിയെയും ഇന്ത്യൻ സമ്പദ്വ്യവസ്ഥയെയും ഒരുപോലെ ബാധിക്കുന്നു.അമേരിക്കൻ ഡോളർ കഴിഞ്ഞ നാല് വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് എത്തിയ വാർത്ത കഴിഞ്ഞ മൂന്ന്ആഴ്ചകളിലായി രാജ്യാന്തര മാധ്യമങ്ങളിലും, സമൂഹ മാധ്യമങ്ങളിലും വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.
അമേരിക്കൻ ഫെഡറൽ റിസർവിന്റെ പലിശ നിരക്കിലെ മാറ്റങ്ങളും, ട്രംപ് ഭരണകൂടത്തിന്റെ പുതിയ വ്യാപാര നയങ്ങളുമാണ് ഡോളറിന്റെ ഈ തളർച്ചയ്ക്ക് പ്രധാന കാരണമായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഡോളർ ദുർബലമാകുന്നത് സ്വർണ്ണവില ഉയരാനും ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ നേരിയ മാറ്റങ്ങൾ വരാനും കാരണമാകും. ഈ മാറ്റങ്ങൾ സാധാരണക്കാരെ എങ്ങനെ ബാധിക്കുമെന്നും ആഗോള തലത്തിൽ ഇത് എന്തൊക്കെ പ്രശ്നങ്ങൾക്ക് കരണമാകുമെന്നും പരിശോധിക്കാം.
ഡോളർ ദുർബലമാകുന്നത് എന്തുകൊണ്ട് ?
ഒരു സാധനത്തിന്റെ വില കൂടുന്നതും കുറയുന്നതും പോലെ തന്നെയാണ് കറൻസിയുടെ കാര്യവും. മുൻ വർഷങ്ങളെ അപേക്ഷിച്ച് കഴിഞ്ഞ വർഷം ഡോളർ കടുത്ത ക്ഷീണത്തിലായിരുന്നു. സാധാരണയായി ഡോളർ കരുത്താർജിക്കുന്ന വാർത്തകളാണ് നമ്മൾ കേൾക്കാറുള്ളത്. എന്നാൽ നിലവിൽ ഡോളർ സൂചിക താഴേക്ക് പോകുന്നത് ആഗോള സാമ്പത്തിക രംഗത്തെ ചില മാറ്റങ്ങൾ കാരണമാണ്. പലിശ നിരക്ക് കുറയുന്നത് പ്രധാന കാരണമാണ്. അമേരിക്കയിലെ ബാങ്കുകൾ പലിശ നിരക്ക് കുറച്ചാൽ, നിക്ഷേപകർക്ക് ഡോളറിൽ പണം നിക്ഷേപിക്കുന്നതിനോടുള്ള താല്പര്യം കുറയും. ഇത് ഡോളറിന്റെ ഡിമാൻഡ് കുറയ്ക്കും. കൂടാതെ യൂറോപ്യൻ രാജ്യങ്ങളിലെയും ജപ്പാനിലെയും കറൻസികൾ കൂടുതൽ ശക്തി പ്രാപിക്കുമ്പോൾ സ്വാഭാവികമായും ഡോളറിന്റെ ആധിപത്യം കുറയുന്നു.
അമേരിക്കയിലെ പുതിയ സാമ്പത്തിക നയങ്ങളും ചരക്ക് സേവന നികുതിയും നിക്ഷേപകർക്കിടയിൽ വല്ലാത്ത ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ഇത് ഡോളർ വിറ്റൊഴിക്കാൻ അവരെ പ്രേരിപ്പിക്കുന്നു.അതായത് അമേരിക്കൻ സമ്പദ്വ്യവസ്ഥയിൽ തളർച്ചയുണ്ടാകുമെന്ന് തോന്നുമ്പോൾ നിക്ഷേപകർ ഡോളർ വിറ്റഴിച്ച് മറ്റ് സുരക്ഷിതമായ ഇടങ്ങളിലേക്ക് (ഉദാഹരണത്തിന് സ്വർണം) മാറും. അമേരിക്കൻ സർക്കാർ, വിപണിയിലേക്ക് കൂടുതൽ പണം ഇറക്കുമ്പോൾ ഡോളറിന്റെ ലഭ്യത കൂടുകയും തൽഫലമായി മൂല്യം കുറയുകയും ചെയ്യും.
ഡി ഡോളറൈസേഷൻ
ലോകരാജ്യങ്ങൾ വ്യാപാരത്തിന് ഡോളറിനെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതാണ് ഡി-ഡോളറൈസേഷൻ. സാധാരണയായി രണ്ട് രാജ്യങ്ങൾ തമ്മിൽ കച്ചവടം നടത്തുമ്പോൾ (ഉദാഹരണത്തിന് ഇന്ത്യയും റഷ്യയും) പണം നൽകുന്നത് ഡോളറിലാണ്. എന്നാൽ അമേരിക്ക ഏർപ്പെടുത്തുന്ന സാമ്പത്തിക ഉപരോധങ്ങളിൽ നിന്ന് രക്ഷപ്പെടാനും അമേരിക്കയുടെ സാമ്പത്തിക സ്വാധീനം കുറയ്ക്കാനും പല രാജ്യങ്ങളും ഇപ്പോൾ സ്വന്തം കറൻസിയിൽ (രൂപ, യുവാൻ) വ്യാപാരം നടത്താൻ ശ്രമിക്കുന്നു.
അമേരിക്കൻ ഡോളറിന് ലോകത്തുള്ള 'വലിയ ശക്തി'ക്ഷയിപ്പിക്കാനാണ് ഈ നടപടി. തങ്ങളുടെ കറൻസികളും ശക്തിപ്പെടണം എന്ന ചിന്തയും ഇതിനു പിന്നിലുണ്ട്. അമേരിക്കയെ അന്ധമായി പിന്തുടർന്നിരുന്ന കാലത്ത് നിന്ന് ഒരു മാറ്റത്തിനാണ് രാജ്യങ്ങൾ ശ്രമിക്കുന്നത്. ഡോളറിന്റെ 'ശക്തി' ഉപയോഗിച്ച് സാമ്പത്തിക ലോകത്തിൽ അമേരിക്ക നേടിയെടുത്ത 'സ്ഥാനത്തിന്' ഇളക്കം തട്ടാനും ഇതിലൂടെ സാധിക്കുമെന്ന് മറ്റു രാജ്യങ്ങൾ കണക്കുകൂട്ടുന്നു.ലോകം മുഴുവൻ ഡോളറിനെ മാത്രം വിശ്വസിച്ചിരുന്ന കാലം മാറി വരികയാണ്. രാജ്യങ്ങൾ തങ്ങളുടെ സ്വന്തം കറൻസികൾക്ക് പ്രാധാന്യം നൽകുന്നതിനനുസരിച്ച് ഡോളറിന്റെ പഴയ 'പവർ' കുറഞ്ഞു വരുന്നുണ്ട് എന്നും പറയാം.
എങ്ങിനെ നിങ്ങളുടെ പോക്കറ്റിനെ ബാധിക്കും?
'ഡോളർ ദുർബലമാകുന്നു' എന്ന് കേൾക്കുമ്പോൾ വലിയ ആഗോള സാമ്പത്തിക കാര്യമാണെന്ന് തോന്നുമെങ്കിലും, ഒരു സാധാരണക്കാരന്റെ ദൈനംദിന ജീവിതത്തിലും ഇതിന് വലിയ പ്രാധാന്യമുണ്ട്. ഇന്ത്യ ഏറ്റവും കൂടുതൽ ഇറക്കുമതി ചെയ്യുന്നത് അസംസ്കൃത എണ്ണ ആണ്. ഇതിന് പണം നൽകുന്നത് ആകട്ടെ ഡോളറിലും.
ഡോളർ ദുർബലമാകുമ്പോൾ ഇന്ത്യയ്ക്ക് കുറഞ്ഞ രൂപ നൽകി കൂടുതൽ എണ്ണ വാങ്ങാം. ഇത് രാജ്യത്തെ പെട്രോൾ, ഡീസൽ വില കുറയാൻകാരണമായേക്കാം. വണ്ടി വാടകയും സാധനങ്ങൾ എത്തിക്കുന്ന ചിലവും കുറയുന്നതോടെ വിപണിയിൽ പച്ചക്കറി മുതൽ നിത്യോപയോഗ സാധനങ്ങളുടെ വരെ വില കുറയാൻ സഹായിക്കും.
ഡോളർ ദുർബലമാകുമ്പോൾ ഗൾഫിൽ നിന്നോ അമേരിക്കയിൽ നിന്നോ അയക്കുന്ന പണത്തിന് നാട്ടിൽ കുറഞ്ഞ രൂപയേ ലഭിക്കൂ. എന്നാൽ കഴിഞ്ഞ വർഷവും, ഈ വർഷവും രൂപയുടെ മൂല്യവും കുറയുകയാണ്. അതുകൊണ്ടു പ്രവാസികൾക്ക് നിലവിൽ'സന്തോഷമാണ്'. ഡോളറിന്റെ ശക്തി ക്ഷയിച്ച്, രൂപ ശക്തിപ്പെട്ടാൽ അത് ഇന്ത്യയിലേക്ക് പണമയക്കുന്ന പ്രവാസികളെ ബാധിക്കും.
ഉദാഹരണത്തിന് മുമ്പ് 100 ഡോളർ അയക്കുമ്പോൾ 8,400 രൂപ കിട്ടിയിരുന്ന സ്ഥാനത്ത്, ഡോളർ മൂല്യം കുറഞ്ഞാൽ ചിലപ്പോൾ 8,200 രൂപയേ ലഭിക്കൂ. ഇത് പ്രവാസി കുടുംബങ്ങളുടെ ബജറ്റിനെ ബാധിക്കും. നമ്മൾ ഉപയോഗിക്കുന്ന മിക്ക സ്മാർട്ട്ഫോണുകളും ലാപ്ടോപ്പുകളും വിദേശത്തുനിന്ന് വരുന്നവയോ അവയുടെ ഭാഗങ്ങൾ ഇറക്കുമതി ചെയ്യുന്നവയോ ആണ്. ഡോളർ വില കുറയുമ്പോൾ ഈ കമ്പനികൾക്ക് കുറഞ്ഞ ചിലവിൽ സാധനങ്ങൾ ഇന്ത്യയിൽ എത്തിക്കാം. ഇത് പുതിയ ഫോണുകളുടെയും അനുബന്ധ ഉപകരണങ്ങളുടെയും വില കുറയാൻ ഇടയാക്കും.
മക്കളോ ബന്ധുക്കളോ വിദേശത്ത് പഠിക്കാൻ പോകുന്നുണ്ടെങ്കിൽ ഡോളറിന്റെ മൂല്യം കുറഞ്ഞാൽ നേട്ടമാണ്. ഇതിലൂടെ വിദേശ സർവകലാശാലകളിലെ ഫീസ് അടയ്ക്കാം. ജീവിത ചെലവും കുറയും. വിദേശയാത്രകൾക്ക് പോകുന്നവർക്ക് വിമാന ടിക്കറ്റിലുംമറ്റും ലാഭം കിട്ടും .
ഇന്ത്യയിലെ ഐടി കമ്പനികളുടെ പ്രധാന വരുമാനം അമേരിക്കയിൽ നിന്നുള്ള ഡോളർ ഇടപാടുകളിലാണ് . ഡോളർ ദുർബലമാകുമ്പോൾ ഈകമ്പനികളുടെ ലാഭം കുറയാൻ സാധ്യതയുണ്ട്. ഇത് പുതിയ നിയമനങ്ങളെയും ശമ്പള വർധനവിനെയും ബാധിച്ചേക്കാം.
സാധാരണ ഡോളർ വില കൂടുമ്പോഴാണ് നമ്മൾ ആശങ്കപ്പെടാറുള്ളത്.
എന്നാൽ ഇപ്പോൾ ഡോളർ 'വീഴുന്നത്' ആഗോള വിപണിയിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കുന്നുണ്ട്. ഡോളർ ദുർബലമാകുന്നത് അമേരിക്കയെ സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിക്കുമോ എന്ന വലിയ ഭയം ആഗോളതലത്തിൽ തന്നെ നിക്ഷേപകർക്കുണ്ട്. കാരണം 'അമേരിക്ക തുമ്മിയാൽ മറ്റു രാജ്യങ്ങളിലെ ഓഹരി വിപണികൾക്കും പനിപിടിക്കും' എന്ന ആശങ്കയാണ് ഇതിന് പിന്നിൽ . നിക്ഷേപം സുരക്ഷിതമാക്കാൻ ഓഹരികൾ വിറ്റ് സ്വർണത്തിലേക്ക് മാറണോ അതോ കുറഞ്ഞ തുക ലഭിച്ചാലും , സ്ഥിര നിക്ഷേപങ്ങളിൽതുടരുന്നതാണോ നല്ലത് എന്ന സംശയത്തിലാണ് ഇന്ത്യക്കാർ.
Content highlights : Why the US dollar hit a four-year low and could fall further