ഡിജിറ്റല്‍ പണമിടപാടുകള്‍ നിങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ചോര്‍ത്തുന്നുണ്ടോ? എങ്ങനെ, എന്തിനുവേണ്ടി?

നിങ്ങള്‍ വാങ്ങുന്ന ഓരോ ഉല്പന്നവും നിങ്ങളുടെ വ്യക്തിത്വത്തെ കുറിച്ചുള്ള സൂചനകളാണ് നല്‍കുന്നത്.

എന്നും രാവിലെ ഓഫിസിലെത്തിയാല്‍ തൊട്ടടുത്ത ചായക്കടയില്‍ നിന്നൊരു ചായ പതിവാണ്. 10-12 രൂപയുടെ ചായയുടെ ബില്‍ പോലും യുപിഐ ഇടപാടിലൂടെ നടത്തുന്നവരാണ് നമ്മളില്‍ ഭൂരിഭാഗം പേരും. ഈ ഡിജിറ്റല്‍ പണമിടപാടുകള്‍ നിങ്ങളുടെ സാമ്പത്തിക ഇടപാടുകളുടെ മാത്രമല്ല നിങ്ങളുടെ വ്യക്തിജീവിതത്തിന്റെ ചരിത്രം കൂടിയാണ് ഡിജിറ്റലായി രേഖപ്പെടുത്തുന്നത് എന്ന് നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? നിങ്ങളുടെ ജീവിതശൈലി, ഇഷ്ടങ്ങള്‍, ഹോബി, പാഷന്‍ എല്ലാം ഈ സാമ്പത്തിക ഇടപാടുകളുടെ ഹിസ്റ്ററിയില്‍ അന്തര്‍ലീനമാണ്. നിങ്ങള്‍ എന്തുവാങ്ങുന്നു, എപ്പോള്‍ വാങ്ങുന്നു, എവിടെപോകുന്നു..തുടങ്ങി ഏതുതരത്തിലുള്ള മനുഷ്യനാണെന്ന് വരെ കൃത്യമായി വരച്ചിടുന്നുണ്ട് ട്രാന്‍സാക്ഷന്‍ ഹിസ്റ്ററികള്‍. ഈ ഹിസ്റ്ററികള്‍ അവലോകനം ചെയ്യുന്ന ഒരു ഡേറ്റ സയന്‍റിസ്റ്റിന് വളരെ എളുപ്പത്തില്‍ നിങ്ങളുടെ അടുത്ത നീക്കം പ്രവചിക്കാനാകുമെന്ന് പറഞ്ഞാലും അതിശയോക്തിയില്ല.

നിങ്ങള്‍ വാങ്ങുന്ന ഓരോ ഉല്പന്നവും നിങ്ങളുടെ വ്യക്തിത്വത്തെ കുറിച്ചുള്ള സൂചനകളാണ് നല്‍കുന്നത്. നേരത്തേ പറഞ്ഞതുപോലെ രാവിലെ കുടിച്ച ചായയുടെ ബില്‍ പരിശോധിച്ചാല്‍ നിത്യവും ഒരു പ്രത്യേക സമയത്ത് ഒരു പ്രത്യേക ചായക്കടയില്‍ നിന്ന് നിങ്ങള്‍ ചായ കുടിക്കുന്നുണ്ട് എന്നുമാത്രമല്ല, രാവിലെ ചായ കുടിക്കുന്നത് ഒരു ശീലമായ വ്യക്തിയാണ് നിങ്ങള്‍ എന്നുള്ള സൂചന കൂടിയാണ് ഈ ട്രാന്‍സാക്ഷന്‍ ഹിസ്റ്ററി നിങ്ങള്‍ക്ക് നല്‍കുന്നത്. അതുപോലെ നിങ്ങള്‍ പതിവായി കഴിക്കുന്ന ഭക്ഷണം, നിങ്ങളുടെ പ്രിയപ്പെട്ട ഭക്ഷണം, നിങ്ങളുടെ ഇഷ്ടപ്പെട്ട റെസ്റ്ററന്റ്, അവിടെ നിങ്ങള്‍ക്കേറ്റവും ഇഷ്ടമുള്ള ഭക്ഷണം എന്നിവയെല്ലാം ഇതിലൂടെ മനസ്സിലാക്കാം.

ശീലങ്ങള്‍ക്ക് പുറമേ ഇനി ഇഷ്ടങ്ങള്‍ എങ്ങനെ തിരിച്ചറിയുന്നു എന്ന് നോക്കാം. നിങ്ങള്‍ സിനിമ ഇഷ്ടപ്പെടുന്ന ആളാണെങ്കില്‍ പതിവായി ഇറങ്ങുന്ന സിനിമകളുടെ ടിക്കറ്റുകള്‍ വാങ്ങിയതിന്റെ ഹിസ്റ്ററി കാണും, ഇനി വായന ഇഷ്ടപ്പെടുന്നുണ്ടെങ്കില്‍ നിങ്ങള്‍ പുസ്തകങ്ങള്‍ വാങ്ങിയതിന്റെയും, നിങ്ങള്‍ ചെടികള്‍ പരിപാലിക്കാന്‍ ഇഷ്ടമുള്ളയാളാണെങ്കില്‍ ചെടിയോ വളമോ വാങ്ങിയതിന്റെ രേഖകള്‍..നിങ്ങള്‍ക്ക് ഒരു ഓമനമൃഗമുണ്ടെങ്കില്‍ അതിനായി സ്ഥിരം ഭക്ഷണം വാങ്ങുന്നതിന്റെ ബില്ലുകള്‍..ഇനി ആരോഗ്യത്തില്‍ ശ്രദ്ധാലുവാണോ..ജിമ്മില്‍ എത്ര പണം മുടക്കുന്നുണ്ടെന്ന് നോക്കി മനസ്സിലാക്കാം. പതിവായി എന്തെങ്കിലും അസുഖത്തിന് മരുന്ന് കഴിക്കുന്നുണ്ടോ, എന്താണ് അസുഖം? ബില്ലില്‍ നോക്കി മനസ്സിലാക്കാം.

ജിപിഎസ ഇല്ലെങ്കിലും നിങ്ങളുടെ ചലനങ്ങള്‍ പോലും സസൂക്ഷ്മമായി ട്രാന്‍സാക്ഷന്‍ ഹിസ്റ്ററിയിലൂടെ കണ്ടെത്താം. ഓരോ പണമിടപാടും ഒരു പ്രത്യേക മര്‍ച്ചന്റ് ലൊക്കേഷനെയാണ് ബന്ധിപ്പിക്കുന്നത്. നിങ്ങള്‍ എവിടെയാണ് താമസിക്കുന്നത് നിങ്ങള്‍ എവിടെ നിന്നാണ് പതിവായി സാധനങ്ങള്‍ വാങ്ങുന്നത് ഏതെല്ലാം സമയത്താണ് പതിവായി അവിടെ പോകാറുള്ളത്..ഒരു ദിവസം അവിടെ പോയിട്ടില്ലെങ്കില്‍ വളരെ ദൂരെ മറ്റൊരുസ്ഥലത്തുനിന്ന് നിങ്ങള്‍ സാധനങ്ങള്‍ വാങ്ങുകയാണെങ്കില്‍ നിങ്ങള്‍ താമസസ്ഥലത്തില്ല യാത്രയിലാണ് തുടങ്ങിയ വിവരങ്ങള്‍ അത് നല്‍കുന്നുണ്ട്.

നിങ്ങള്‍ പതിവായി എല്ലാ ഞായറാഴ്ചയും പച്ചക്കറി വാങ്ങുന്ന ആളാണെങ്കില്‍ ശനിയാഴ്ച വൈകീട്ടോ, ഞായറാഴ്ച രാവിലെയോ നിങ്ങള്‍ക്ക് ഡിസ്‌കൗണ്ട് കൂപ്പണുകള്‍ വരാറില്ലേ..ഇതുവരെ അത് ശ്രദ്ധിച്ചിട്ടില്ലെങ്കില്‍ ഇനിയൊന്ന് ശ്രദ്ധിച്ചുനോക്കൂ. ഡേറ്റ സയന്റിസ്റ്റുകള്‍ നിങ്ങളുടെ പാറ്റേണുകള്‍ തിരിച്ചറിയുന്നതില്‍ വിദഗ്ധരാണ്. കച്ചവടക്കാര്‍ മാത്രമാണ് നിങ്ങളുടെ സാമ്പത്തിക ക്രയവിക്രയങ്ങള്‍ ശ്രദ്ധിക്കുന്നത് എന്ന് തെറ്റിദ്ധരിക്കരുത്. നിങ്ങളെ ബാങ്കുള്‍പ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങളും ഉറ്റുനോക്കുന്നുണ്ട്. വിശ്വസിക്കാന്‍ പറ്റുന്ന കസ്റ്റമറാണോ എന്ന് ഈ ട്രാന്‍സാക്ഷന്‍ ഹിസ്റ്ററിയിലൂടെ അവര്‍ അളക്കും. അര്‍ധരാത്രിയിലെ പണമിടപാടുകള്‍, കാസിനോയിലെ പണമിടപാടുകള്‍ ഇവയെല്ലാം റെഡ് ഫ്‌ളാഗാണ്.

ഭയപ്പെടേണ്ടതുണ്ടോ?

നിങ്ങള്‍ ഉപയോഗിക്കുന്ന ക്രെഡിറ്റ് കാര്‍ഡ് ഉള്‍പ്പെടെയുള്ളവയുടെ ട്രാന്‍സാക്ഷന്‍ ഹിസ്റ്ററികള്‍ ഒരിക്കലും സ്വകാര്യമാണ് എന്ന പൂര്‍ണവിശ്വാസത്തില്‍ ഇരിക്കരുത്. അത് മറ്റ് കമ്പനികളിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടേക്കാം. നിങ്ങള്‍ കരുതുംപോലെ സ്വകാര്യമല്ല ഒന്നും..അത് തെറ്റായ കൈകളിലേക്കെത്തിയാല്‍ മിസ് യൂസ് ചെയ്യപ്പെടാം. അതിനാല്‍ അടുത്ത തവണ പര്‍ച്ചേസ് നടത്തുമ്പോള്‍ ഓര്‍ക്കുക അത് വെറുമൊരു സാമ്പത്തിക ഇടപാട് മാത്രമല്ല നിങ്ങള്‍ നല്‍കുന്ന ഡേറ്റ പോയിന്റ് ആണ്.

Content Highlights: Your Transaction Trail: How Every Purchase Tells a Story You Didn’t Know You Were Sharing

To advertise here,contact us