ക്രിപ്റ്റോകറൻസി ഉടമകളെ ലക്ഷ്യമിട്ടുള്ള നീക്കത്തിലൂടെ ഉത്തരകൊറിയൻ ഹാക്കർമാർ 2025ൽ ഇതുവരെ മാത്രം ബില്യൺ കണക്കിന് അമേരിക്കൻ ഡോളർ തട്ടിയെടുത്തതായി റിപ്പോർട്ട്. ഉയർന്ന ആസ്തിയുള്ള ക്രിപ്റ്റോ ഉടമകളെയാണ് ഉത്തരകൊറിയിൻ ഹാക്കർമാർ ലക്ഷ്യം വെച്ചതെന്നാണ് ഈ മേഖലയിൽ ഗവേഷണം നടത്തുന്നവരെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്യുന്നത്.
2025ൽ ഇതുവരെ ഉത്തരകൊറിയൻ ഹാക്കർമാർ മോഷ്ടിച്ച ക്രിപ്റ്റോ അസെറ്റുകളുടെ അറിയപ്പെടുന്ന മൂല്യം 6 ബില്യൺ ഡോളറിലധികം വരുമെന്നാണ് ഗവേഷണ സ്ഥാപനമായ എലിപ്റ്റിക്ക് കണക്കാക്കുന്നത്. ഈ വർഷം ഫെബ്രുവരിയിലാണ് ഉത്തരകൊറിയൻ ഹാക്കർമാർ ഏറ്റവും വലിയ തട്ടിപ്പ് നടത്തിയതെന്നാണ് റിപ്പോർട്ട്. ക്രിപ്റ്റോ എക്സ്ചേഞ്ച് ബൈബിറ്റിൽ നിന്ന് 1.4 ബില്യൺ ഡോളറാണ് ഹാക്കർമാർ തട്ടിയെടുത്തത്. ഫെബ്രുവരിയിൽ നടന്ന ബൈബിറ്റ് ഹാക്കിന് പുറമേ ഈ വർഷം ഇതുവരെ 30 ലധികം സൈബർ ആക്രമണങ്ങൾ ഉത്തരകൊറിയൻ ഹാക്കർമാർ നടത്തിയതായാണ് എലിപ്റ്റിക് വിശകലന വിദഗ്ധർ പറയുന്നത്.
ജൂലൈയിൽ WOO X-ൽ നടന്ന ഒരു ആക്രമണത്തിൽ 9 ഉപയോക്താക്കളിൽ നിന്ന് 14 മില്യൺ ഡോളർ മോഷ്ടിക്കപ്പെട്ടതായി റിപ്പോർട്ടുണ്ട്. മറ്റൊരു കേസിൽ സീഡിഫൈയിൽ നിന്ന് 1.2 മില്യൺ ഡോളർ ഡിജിറ്റൽ നാണയങ്ങൾ മോഷ്ടിക്കപ്പെട്ടു. ഈ വർഷം ഇതുവരെ ഒരു വ്യക്തിയിൽ നിന്ന് മേഷ്ടിക്കപ്പെടുന്ന ഏറ്റവും ഉയർന്ന ക്രിപ്റ്റോകറൻസി മൂല്യം 100 മില്യൺ ഡോളറിൻ്റേതാണ്. നൂറുകണക്കിന് ദശലക്ഷം ഡോളർ നഷ്ടപ്പെട്ട പേര് വെളിപ്പെടുത്താത്ത സ്ഥാപനങ്ങളും വ്യക്തികളുമായി ചേർന്ന് എലിപ്റ്റിക് സ്വകാര്യമായി പ്രവർത്തിച്ചിട്ടുണ്ട്.
വലിയ രീതിയിലുള്ള മോഷണങ്ങൾക്കായി കഴിഞ്ഞ കുറച്ച് വർഷങ്ങളായി ക്രിപ്റ്റോകറൻസി കമ്പനികളെ ലാസർ ഗ്രൂപ്പ് പോലുള്ള ഹാക്കിംഗ് ടീമുകൾ ലക്ഷ്യമിടുന്നതായാണ് റിപ്പോർട്ട്. സമ്പന്നരായ ക്രിപ്റ്റോ ഇടപാടുകാർ പലപ്പോഴും മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ഉപയോഗിക്കാത്തത് ഹാക്കർമാർക്ക് തുണയാകുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഈ സുരക്ഷാ പ്രശ്നങ്ങൾ ഹാക്കർമാരെ ക്രിപ്റ്റോ മേഖലയെ ഇവരുടെ കൂടുതൽ ആകർഷകമായ ലക്ഷ്യങ്ങളായി മാറിയിട്ടുണ്ടെന്നാണ് ഗവേഷണ സ്ഥാപനമായ എലിപ്റ്റിക്കിലെ അന്വേഷകർ നൽകുന്ന മുന്നറിയിപ്പ്.
ഉത്തരകൊറിയയുടെ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിന്റെ (ജിഡിപി) ഏകദേശം 13 ശതമാനത്തോളവും ഭരണകൂടവുമായി ബന്ധപ്പെട്ട ഹാക്കർമാരുടെ സംഭാവനയാണെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ വ്യക്തമാക്കുന്നത്. ഇത്തരത്തിൽ തട്ടിയെടുത്ത ഫണ്ടുകൾ ഉത്തരകൊറിയയുടെ ആണവായുധങ്ങൾക്കും മിസൈൽ വികസന പരിപാടികൾക്ക് ധനസഹായമായി ഉപയോഗിക്കുന്നുണ്ടെന്നാണ് പാശ്ചാത്യ സുരക്ഷാ ഏജൻസികൾ പറയുന്നത്.
വ്യക്തികളെ ലക്ഷ്യം വയ്ക്കുന്നതിലൂടെ വിവരങ്ങൾ പുറത്ത് വരാനുള്ള സാധ്യത കുറവാണെന്നും അതിനാൽ തന്നെ ഉത്തരകൊറിയൻ ഹാക്കർമാർ നടത്തുന്ന ഹാക്കിംഗുകളുടെ യഥാർത്ഥ കണക്ക് ഇതിലും കൂടുതലാകാം എന്നാണ് Ellipticലെ സീനിയർ ശാസ്ത്രജ്ഞനായ ഡോ. ടോം റോബിൻസൺ പറയുന്നത്. കൃത്യമായ ശാസ്ത്രീയ തെളിവുകൾ ഇല്ലാത്തതിനാൽ ഉത്തരകൊറിയയെ ബന്ധപ്പെടുത്തി സൈബർ തട്ടിപ്പുകൾ ആരോപിക്കാൻ കഴിയില്ലെന്നും റോബിൻസൺ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഉത്തരകൊറിയയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ ചില അടയാളങ്ങൾ പങ്കിടുന്ന മറ്റ് നിരവധി മോഷണങ്ങളെക്കുറിച്ച് ഞങ്ങൾക്ക് അറിയാം, പക്ഷേ കൃത്യമായി ആരോപിക്കാൻ മതിയായ ഇല്ലായെന്നും റോബിൻസൺ ചൂണ്ടിക്കാണിച്ചു.
ബ്ലോക്ക് ചെയ്നിലെ ഇടപാടുകളുടെ പൊതു പട്ടിക പിന്തുടർന്ന് എലിപ്റ്റിക്കും ചൈനാലിസിസ് പോലുള്ള മറ്റ് കമ്പനികൾക്കും ബിറ്റ്കോയിൻ, എതെറിയം പോലുള്ള മോഷ്ടിച്ച ഫണ്ടുകളുടെ നീക്കം ട്രാക്ക് ചെയ്യാൻ കഴിയുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ഉത്തരകൊറിയൻ ഹാക്കർമാർ ഇഷ്ടപ്പെടുന്ന രീതികളുടെയും ടൂളുകളുടെയും പാറ്റേണുകൾ വർഷങ്ങളായുള്ള നിരീക്ഷണങ്ങളിലൂടെ ഗവേഷകർ ശ്രദ്ധിച്ചിട്ടുണ്ട്. എന്നാൽ ഇത്തരം ഹാക്കിംഗ് ആരോപണങ്ങളെ ഉത്തരകൊറിയൻ ഭരണകൂടം കാലങ്ങളായി നിഷേധിച്ച് വരികയാണ്.
Content Highlights: North Korean hackers increasingly targeting wealthy crypto holders