മണപ്പുറവും ബെയിന്‍ ക്യാപിറ്റലും കൈകോര്‍ക്കുന്നു; കേരളത്തിലെ സ്വര്‍ണ്ണപ്പണയ രാജാക്കന്മാര്‍ക്ക് പുതിയ ഉടമകള്‍?

കമ്പനിയുടെ 41.66% ഓഹരികളാണ് ഏറ്റെടുക്കുക

ഇന്ത്യയിലെ മുന്‍നിര സ്വര്‍ണ്ണ വായ്പ എന്‍ബിഎഫ്‌സിയായ മണപ്പുറം ഫിനാന്‍സിന്റെ ഓഹരി ഏറ്റെടുക്കലിന് ബെയിന്‍ ക്യാപിറ്റലിന് അനുമതി നല്‍കി, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. കമ്പനിയുടെ 41.66% ഓഹരികളാണ് ഏറ്റെടുക്കുക.

മാര്‍ച്ചില്‍ ഒപ്പുവച്ച കരാറിലാണ് ആര്‍ബിഐയുടെ അനുമതി ലഭിച്ചിരിക്കുന്നത്. 236 രൂപ വിലയുള്ള 18% ഓഹരികള്‍ക്കായി ഏകദേശം 43.85 ബില്യണ്‍ ഇന്ത്യന്‍ രൂപ ബെയിന്‍ ക്യാപിറ്റല്‍ മണപ്പുറം ഫിനാന്‍സില്‍ നിക്ഷേപിക്കും. ഓപ്പണ്‍ ഓഫറിന് ലഭിക്കുന്ന സ്വീകാര്യത അനുസരിച്ച് ബെയിന്‍ ക്യാപിറ്റലിന്റെ ഓഹരി 18% മുതല്‍ 41.7% വരെയാകും. ഇതോടെ മണപ്പുറം ഫിനാന്‍സിന്റെ പ്രൊമോട്ടര്‍ പദവിയും ബെയ്ന്‍ ക്യാപിറ്റലിന് ലഭിക്കും. നിലവിലെ പ്രൊമോട്ടര്‍മാര്‍ക്കൊപ്പം കമ്പനിയുടെ നിയന്ത്രണ കാര്യങ്ങളില്‍ ഇടപെടാനും ബെയ്ന്‍ ക്യാപിറ്റലിന് അധികാരമുണ്ടാകും.

അതേസമയം, മറ്റൊരു ഇന്ത്യന്‍ കമ്പനിയില്‍ ബെയിന്‍, താല്‍പ്പര്യം പ്രകടിപ്പിച്ചതിനാല്‍ കഴിഞ്ഞ മാസം ഈ ഇടപാടിനെക്കുറിച്ച് ആര്‍ബിഐ ആശങ്കകള്‍ ഉന്നയിച്ചിരുന്നു. എന്നാലിപ്പോള്‍ ആര്‍ബിഐ പൂര്‍ണ അനുമതി നല്‍കുകയായിരുന്നു. സ്വര്‍ണ്ണ വായ്പകള്‍ നല്‍കുന്ന മണപ്പുറത്തിന് ഏകദേശം 315 ബില്യണ്‍ രൂപയുടെ ലോണ്‍ ബുക്കാണിപ്പോഴുള്ളത്. അതിവേഗം വളരുന്ന സ്വര്‍ണ്ണ വായ്പകളില്‍ കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

സമ്മിശ്രമായ മൂന്നാം പാദ ഫലം

അതേസമയം, ഡിസംബറില്‍ അവസാനിച്ച മൂന്നാം പാദത്തില്‍ സമ്മിശ്രമായ പാദഫലമാണ് മണപ്പുറം ഫിനാന്‍സ് പുറത്തുവിട്ടത്. ഇന്ത്യയിലെ ഏറ്റവും വലിയ സ്വര്‍ണവായ്പ സ്ഥാപനങ്ങളിലൊന്നായ മണപ്പുറം 381 കോടി രൂപയുടെ ലാഭമാണ് നേടിയത്. മുന്‍വര്‍ഷത്തെ മൂന്നാം പാദത്തിലെ 453 കോടി രൂപ ലാഭത്തില്‍ നിന്ന് 15.9 ശതമാനം കുറവാണിത്. അറ്റ പലിശ വരുമാനം മുന്‍വര്‍ഷത്തേക്കാള്‍ 0.9 ശതമാനം മാത്രം കുറഞ്ഞ് 1,150 കോടി രൂപയായി. കമ്പനിയുടെ പ്രവര്‍ത്തന വരുമാനം മുന്‍വര്‍ഷത്തേക്കാള്‍ 6.5 ശതമാനം വര്‍ധിച്ച് 1,915.35 കോടി രൂപയിലെത്തി.

നേരിയ ഇടിവില്‍ ഓഹരികള്‍

വെള്ളിയാഴ്ച, മണപ്പുറം ഫിനാന്‍സിന്റെ ഓഹരികള്‍ എന്‍എസ്ഇയില്‍ 1.95% കുറഞ്ഞ് 302.65 രൂപയിലാണ് ക്ലോസ് ചെയ്തത്. വാര്‍ത്തയെ തുടര്‍ന്ന് ഇന്ന് മണപ്പുറം ഫിനാന്‍സിന്റെ ഓഹരികള്‍ നിക്ഷേപകരുടെ ശ്രദ്ധാകേന്ദ്രമായി തുടരുന്നു. ഇന്‍ട്രേഡേയില്‍ ഓഹരികള്‍ 2.6 ശതമാനം ഇടിവ് നേരിട്ടു. രാവിലത്തെ വ്യാപാരത്തില്‍ അര ശതമാനത്തിലധികം ഇടിഞ്ഞ് ഒരു ഓഹരിക്ക് 301.15 രൂപ നിരക്കില്‍ വ്യാപാരം നടക്കുന്നു.

Content Highlights: RBI has approved the acquisition of a stake in leading gold loan NBFC Manappuram Finance by Bain Capital

To advertise here,contact us