ഡിസംബർ പാദത്തിലെ കണക്കുകൾക്ക് പിന്നാലെ തിളക്കമാർന്ന മുന്നേറ്റം പ്രകടമാക്കുകയാണ് BSE ഓഹരികൾ. തുടക്ക ഘട്ട വ്യാപാരത്തിൽ ഓഹരി വില 6.36% ഉയർന്ന് 3,188 എന്ന എക്കാലത്തെയും ഉയർന്ന നിലയിലെത്തി. കമ്പനി മൂന്നാം പാദത്തിൽ 603 കോടിയുടെ സംയോജിത അറ്റാദായം റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ റിപ്പോർട്ട് ചെയ്ത 220 കോടിയിൽ നിന്ന് 172% വർധനവാണിത്.
62% വാർഷിക വളർച്ചയോടെ 1,244 കോടി എന്ന റെക്കോർഡ് മുന്നേറ്റമാണ് എക്സ്ചേഞ്ച് വരുമാനത്തിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.ഇടപാട് ചാർജുകളിലുണ്ടായ വർധനവാണ് വളർച്ചയ്ക്ക് കാരണം. കമ്പനിയുടെ പ്രവർത്തനച്ചെലവ് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 4% കുറഞ്ഞത് ലാഭക്ഷമതയെ സഹായിച്ചു. നിക്ഷേപവും മറ്റ് വരുമാനവും ഈ പാദത്തിൽ 47% ഉയർന്നു.
2026 സാമ്പത്തിക വർഷത്തെ മൂന്നാം പാദത്തിൽ, മെയിൻ ബോർഡിലും എസ്എംഇ പ്ലാറ്റ്ഫോമുകളിലുമായി 99 പുതിയ ലിസ്റ്റിംഗുകളാണ് ഉണ്ടായിരുന്നത്. ഇതിലൂടെ മൊത്തത്തിൽ 97,657 കോടി സമാഹരിച്ചു. ഇതോടെ ഇക്വിറ്റി ഡെറിവേറ്റീവ്സ് പ്രവർത്തനം എക്കാലത്തെയും ഉയർന്ന നിലയിലെത്തി.
അതേസമയം, ശരാശരി പ്രതിദിന ട്രേഡിംഗ് വോളിയം (ADTV) മൂന്നാം പാദത്തിൽ 29.33% ഉയർന്ന് 194 ലക്ഷം കോടിയിലെത്തി. രണ്ടാം പാദത്തിൽ ഇത് 150 ലക്ഷം കോടിയായിരുന്നു. കൂടാതെ ബിഎസ്ഇയുടെ മൊത്തം ഓപ്ഷൻസ് വരുമാനം വാർഷികാടിസ്ഥാനത്തിൽ 122% മികച്ച മുന്നേറ്റവും പ്രകടമാക്കി.
Content Highlights : BSE Q3 results: Net profit jumps 172% YoY to 603 crore; revenue up 62%