ഇനി പോസ്റ്റ് ഓഫീസ് വഴിയും മ്യൂച്ചല്‍ ഫണ്ട്: അറിയാം പുതിയ അവസരം

ബിഎസ്ഇ സ്റ്റാര്‍ എംഎഫ് വഴിയാണ് ഇടപാടുകള്‍ നടത്തുന്നത്

മ്യൂച്ചല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കണമെന്ന് സാധാരണക്കാരില്‍ പലര്‍ക്കും താല്പര്യമുണ്ട്. എന്നാല്‍ കാര്യങ്ങള്‍ കൃത്യമായി ചെയ്യാന്‍ അറിയാത്തതിനാല്‍ ഇത് ആഗ്രഹം മാത്രമായി ഒതുങ്ങുകയാണ്. എന്നാലിപ്പോള്‍ പോസ്റ്റ് ഓഫീസ് സേവനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് പോലും മ്യൂച്ചല്‍ ഫണ്ടുകള്‍ തുടങ്ങാനാകും.

1,64,000-ലധികം പോസ്റ്റ് ഓഫീസുകളില്‍, മ്യൂച്വല്‍ ഫണ്ട് സേവനങ്ങള്‍ക്കായി ബിഎസ്ഇയും തപാല്‍ വകുപ്പും 2025 ഡിസംബര്‍ 12-ന് 3 വര്‍ഷത്തെ കരാറില്‍ ഒപ്പുവച്ചിരുന്നു. ഗ്രാമീണ മേഖലകളിലും ചെറിയ പട്ടണങ്ങളിലും സേവനങ്ങള്‍ നല്‍കുന്നതിനായി, ബിഎസ്ഇ സ്റ്റാര്‍ മ്യൂച്ചല്‍ ഫണ്ട് പ്ലാറ്റ്ഫോം വഴിയുള്ള ഇടപാടുകള്‍ സുഗമമാക്കുന്നു. ഇതിനായി തിരഞ്ഞെടുത്ത തപാല്‍ ജീവനക്കാര്‍ക്ക് വിതരണക്കാരായി പരിശീലനം നല്‍കുകയും എന്‍ഐഎസ്എം സര്‍ട്ടിഫൈഡ് ആക്കുകയും ചെയ്താണ് പദ്ധതി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്.

ഗ്രാമീണ മേഖലകളിലെയും പിന്നോക്ക മേഖലകളിലെയും ആളുകള്‍ക്ക് പ്രാദേശിക പോസ്റ്റ് ഓഫീസ് വഴി വിവിധ മ്യൂച്വല്‍ ഫണ്ടുകളില്‍ ഇങ്ങിനെ നേരിട്ട് നിക്ഷേപിക്കാന്‍ കഴിയുന്നതിനാല്‍ സാധാരണക്കാരായ ഒരുപാടു പേര്‍ക്ക് ഇന്ത്യന്‍ ഓഹരി വിപണിയുടെ വളര്‍ച്ചയില്‍ നേട്ടം കൈവരിക്കാനാകും. ഇന്ത്യയിലെ മുന്‍നിര ഓണ്‍ലൈന്‍ മ്യൂച്വല്‍ ഫണ്ട് വിതരണ പ്ലാറ്റ്ഫോമായ ബിഎസ്ഇ സ്റ്റാര്‍ എംഎഫ് വഴിയാണ് ഇടപാടുകള്‍ നടത്തുന്നത്.

ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ (ബിഎസ്ഇ) ലിസ്റ്റ് ചെയ്തിട്ടുള്ള മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കാന്‍ സഹായിക്കുന്ന പോസ്റ്റ് ഓഫീസ് കാലങ്ങളായി പരിചയവും, വിശ്വാസവും ഉള്ള സ്ഥലമായതിനാല്‍ കൂടുതല്‍ സാധാരണക്കാര്‍ ഇതുവഴി മ്യൂച്ചല്‍ ഫണ്ടുകളിലേക്ക് എത്താന്‍ സാധ്യതയുണ്ട്.

സങ്കീര്‍ണ്ണമായ വെബ്സൈറ്റുകളോ ആപ്പുകളോ ഡൗണ്‍ലോഡ് ചെയ്യുന്നതിനു പകരം, ഏറ്റവും അടുത്തുള്ള പോസ്റ്റ് ഓഫീസില്‍ എത്തിയാല്‍ മാത്രം മതി മ്യൂച്ചല്‍ ഫണ്ട് തുടങ്ങാന്‍ എന്നുള്ളതിനാല്‍ ഇതുവഴി വലിയ സൗകര്യമാണ് സാധാരണക്കാരന് ലഭിക്കുന്നത്.കുറഞ്ഞ തുകയ്ക്ക് പോലും മ്യൂച്ചല്‍ ഫണ്ട് തുടങ്ങാം എന്ന സൗകര്യവും ലഭിക്കുന്നു.

സാമ്പത്തിക സാക്ഷരതയും, നിക്ഷേപ പങ്കാളിത്തവും കൂട്ടുക എന്ന ഉദ്ദേശത്തോടെയാണ് ഇത് നടപ്പിലാക്കുന്നത്. വ്യക്തികള്‍ക്ക് സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ (എസ്‌ഐപി) പോലുള്ളവയില്‍ നിക്ഷേപിക്കാന്‍ പരീശീലനം ലഭിച്ച പോസ്റ്റ് ഓഫീസ് ജീവനക്കാര്‍ സഹായിക്കും. മ്യൂച്ചല്‍ ഫണ്ടില്‍ ചേരാന്‍ താല്പര്യമുള്ള ആളാണെങ്കില്‍ ഇപ്പോള്‍ തന്നെ അടുത്തുള്ള പോസ്റ്റ് ഓഫീസില്‍ പോയി കാര്യങ്ങള്‍ ചോദിച്ചറിയാം.

Content Highlights : BSE and Department of Posts sign MoU to expand mutual fund access across India

To advertise here,contact us