വിരമിക്കലിനായി സമ്പാദിക്കണോ? അതില് വലിയ കാര്യമില്ലെന്നാണ് ഇലോണ് മസ്ക്ക് പറയുന്നത്. അടുത്ത 20 വര്ഷത്തിനുള്ളില് ഈ രീതി പൂര്ണമായി ഇല്ലാതായേക്കുമെന്നാണ് ശതകോടീശ്വരനായ മസ്ക്കിന്റെ അഭിപ്രായം
നിര്മ്മിത ബുദ്ധി, നൂതന റോബോട്ടിക്സ്, പുനരുപയോഗ ഊര്ജ്ജം, മറ്റ് പരിവര്ത്തന സാങ്കേതികവിദ്യകള് എന്നിവയിലെ ദ്രുതഗതിയിലുള്ള പുരോഗതി, ആഗോള സമ്പദ്വ്യവസ്ഥയെ മാറ്റി മറിക്കുമെന്ന് മസ്ക് പറയുന്നു. ആ വലിയ മാറ്റങ്ങള്ക്കനുസരിച്ച് വ്യക്തികളുടെ സാമ്പത്തിക വിനിയോഗ രീതിയിലും മാറ്റം വരും. അത്റിട്ടയര്മെന്റ് കാഴ്ച്ചപ്പാടിലും തയ്യാറെടുപ്പുകളിലും പ്രതിഫലിക്കും.
ടെക്നോളജിയുടെ ഉല്പ്പാദനക്ഷമതയാണ് മസ്കിന്റെ വാദത്തിന്റെ കാതല്. യന്ത്രങ്ങള്ക്ക് മനുഷ്യരേക്കാള് മികച്ചതും വേഗത്തിലും മിക്ക ജോലികളും ചെയ്യാന് കഴിയുന്ന ഒരു ഘട്ടത്തിലേക്ക് സാങ്കേതികവിദ്യ മുന്നേറുകയാണ്. ഫാക്ടറി ജോലികളോ ശാരീരിക അധ്വാനമോ മാത്രമല്ല, ചിന്താപരമായ ജോലിയും ടെക്നോളജിക്ക് ചെയ്യാന് കഴിയുന്നു. അങ്ങനെ സംഭവിച്ചാല്, സാധനങ്ങളും സേവനങ്ങളും ഉല്പ്പാദിപ്പിക്കുന്നതിനുള്ള ചെലവ് കുത്തനെ കുറയും. ചെലവ് വളരെയധികം കുറയുമ്പോള്, വാര്ദ്ധക്യത്തില് അടിസ്ഥാന ആവശ്യങ്ങള് നിറവേറ്റാന് കഴിയില്ലെന്ന ഭയവും ഇതോടെ അകലും. ജീവിതത്തില് പിന്നീടുള്ള കാലത്തേക്ക് സാമ്പത്തിക ബുദ്ധിമുട്ട് വന്നേക്കുമോ എന്ന ചിന്തയ്ക്കും അറുതിയാവും. സാമ്പത്തിക ഞെരുക്കം ഒരു സ്ഥിര സ്ഥിതിയായി മാറാത്ത ഒരു ഭാവിയെക്കുറിച്ചാണ് മസ്ക് പ്രതീക്ഷ പങ്കുവച്ചത്. ഈ ആശയങ്ങള് യാഥാര്ത്ഥ്യമായാല്, വിരമിക്കലിനുള്ള സമ്പാദ്യം എന്ന ആശയത്തിന്റെ പ്രാധാന്യം നഷ്ടപ്പെടുമെന്ന് അദ്ദേഹം ആവര്ത്തിച്ചു.
ഈ മാറ്റത്തിന് പിന്നിലെ പ്രധാന എഞ്ചിനുകളായി മസ്ക് കാണുന്നത് നിര്മ്മിത ബുദ്ധിയെയും റോബോട്ടിക്സിനെയുമാണ്. എഐ സിസ്റ്റങ്ങള് നിലവില് കോഡ് എഴുതുകയും രോഗങ്ങള് നിര്ണ്ണയിക്കുകയും ചെയ്യുന്നു. ലോജിസ്റ്റിക്സ് കൈകാര്യം ചെയ്യുന്നു. ഫാക്ടറികളിലും മറ്റ് പരിതസ്ഥിതികളിലും റോബോട്ടുകള് വേഗത്തില് മെച്ചപ്പെട്ട പ്രകടനം നടത്തുന്നു. ഈ സംവിധാനങ്ങള് ശരിയായി ചെയ്തുകഴിഞ്ഞാല്, വ്യവസായങ്ങളിലുടനീളമുള്ള ഉല്പ്പാദനക്ഷമത കുതിച്ചുയരാന് സാധ്യതയുണ്ട്. ആവശ്യത്തിന് ഊര്ജ്ജവും മതിയായ യന്ത്രങ്ങളും ഉണ്ടെങ്കില്, ഉല്പാദന പരിധികള് അപ്രത്യക്ഷമാകും. ഇതേ തുടര്ന്ന് അടുത്ത പത്തു വര്ഷങ്ങള്ക്കുള്ളില് സമ്പാദ്യം, നിക്ഷേപം, ആസൂത്രണം എന്നിവയുടെ യുക്തി കാലഹരണപ്പെടുമെന്നതാണ് മസ്ക്ക് കണക്കാക്കുന്നത്. ഒരു അടിസ്ഥാന വരുമാനം ഉണ്ടാവുമ്പോള് വേതനത്തിനും വിരമിക്കല് ഫണ്ടുകള്ക്കുമുള്ള പ്രാധാന്യം നഷ്ടപ്പെടും.
Content Highlights: Elon Musk on why saving for retirement could lose relevance