30 മിനിറ്റിനുള്ളില് ചെറുകിട ഇടത്തരം സംരംഭങ്ങള്ക്ക് വായ്പ അനുവദിക്കാനൊരുങ്ങി പഞ്ചാബ് നാഷണല് ബാങ്ക്. നിലവിലുള്ള ഉപഭോക്താക്കള്ക്കാണ് ഈ സംവിധാനത്തിന്റെ പ്രയോജനം ലഭിക്കുക. പഞ്ചാബ് നാഷണല് ബാങ്കിന്റെ വിവിധ ബ്രാഞ്ചുകളില് നേരിട്ടെത്തി വേഗത്തില് വായ്പ നേടാനാവും. പുതിയ സംരംഭകര്ക്ക് 25 ലക്ഷം രൂപ വരെയുള്ള വായ്പകള് ഈടില്ലാതെ ഡിജിറ്റലായി ലഭ്യമാക്കും. നിലവില് വായ്പയുടെ മൂന്നിലൊരു ഭാഗവും ഡിജിറ്റല് വായ്പകളാണ്.
കേരളത്തില് നടപ്പു സാമ്പത്തിക വര്ഷം 20% ബിസിനസ് വളര്ച്ച ലക്ഷ്യമിട്ടു കൊണ്ടാണ് പഞ്ചാബ് നാഷണല് ബാങ്ക് പുതിയ പദ്ധതി അവതരിപ്പിക്കുന്നത്. പൊതുമേഖലാ ബാങ്കിങ് രംഗത്ത് പരിഷ്കാരങ്ങള്ക്ക് തുടക്കമാവുമിത്. ഈ സാമ്പത്തിക വര്ഷം 25,000 കോടി രൂപയുടെ ബിസിനസാണ് ബാങ്ക് ലക്ഷ്യമിടുന്നതെന്ന് പിഎന്ബി എംഡിയും സിഇഒയുമായ അശോക് ചന്ദ്ര വ്യക്തമാക്കി. കൊച്ചിയില് മാധ്യമപ്രവര്ത്തകരുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. ചെന്നൈ സോണല് മാനേജര് പി.മഹേന്ദറും വാര്ത്താ സമ്മേളനത്തില് പങ്കെടുത്തു.
14,000 കോടി രൂപയുടെ നിക്ഷേപവും 11,000 കോടി രൂപയുടെ വായ്പയുമടക്കം നടപ്പു സാമ്പത്തിക വര്ഷം 25,000 കോടി രൂപയുടെ ബിസിനസാണ് ബാങ്ക് ലക്ഷ്യമിടുന്നത്. നിലവില് 195 ബ്രാഞ്ചുകളാണ് പിഎന്ബിക്ക് കേരളത്തിലുള്ളത്. ഈ സാമ്പത്തിക വര്ഷം 9 ബ്രാഞ്ചുകള് കൂടി തുറക്കുമെന്നും ഇതുവഴി 20 ശതമാനം വളര്ച്ച ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബാങ്കിന് രാജ്യത്താകെയുള്ള 10,228 ശാഖകളെയും അത്യാധുനിക സൗകര്യങ്ങളുള്ള സേവന കേന്ദ്രങ്ങളാക്കി മാറ്റുമെന്ന് അശോക് ചന്ദ്ര പറഞ്ഞു. ഉപഭോക്തൃ സേവനത്തില് വിപ്ലവകരമായ മാറ്റം വരുത്തുക എന്നതായിരുന്നു ബാങ്കിനു മുന്നിലുണ്ടായിരുന്ന ലക്ഷ്യം. അതിനായി ശാഖകളിലെ സേവന നിലവാരവും അന്തരീക്ഷവും മെച്ചപ്പെടുത്തുന്നതിനായിരുന്നു ബാങ്ക് മുന്ഗണന നല്കിയത്. ഇതിനായി ക്യു ആര് കോഡ് അധിഷ്ഠിത ഫീഡ്ബാക്ക് സംവിധാനം ഏര്പ്പെടുത്തിയത് ഫലപ്രദമാണെന്നും അദ്ദേഹം പറഞ്ഞു. ഇത് ജീവനക്കാരുടെ പ്രകടന വിലയിരുത്തലിന്റെ ഭാഗമായി പരിഗണിക്കും. ഡിജിറ്റല് ബാങ്കിങ് വളരെയേറെ മുന്നേറിയെങ്കിലും ബ്രാഞ്ചുകള് ബാങ്കിന്റെ വിശ്വാസ്യത ഊട്ടിയുറപ്പിക്കുന്നതാണെന്നും അതുകൊണ്ടു തന്നെ എല്ലാ പഴയ ശാഖകളും പുതിയ രൂപത്തിലും ഭാവത്തിലും ഉപഭോക്താക്കള്ക്ക് മുന്നിലെത്തിക്കുമെന്നും എം.ഡി വ്യക്തമാക്കി. ഫീഡ്ബാക്ക് സംവിധാനത്തിന് ശേഷം 70 ശതമാനത്തോളം പരാതികള് കുറഞ്ഞിരുന്നു. ഉപഭോക്താക്കളുമായുള്ള ബന്ധം കൂടുതല് ഊഷ്മളമാക്കുന്നതിന്റെ ഭാഗമായാണ് ബ്രാഞ്ചുകളില് നിന്ന് വേഗത്തില് വായ്പ അനുവദിക്കുന്നതിനുള്ള തീരുമാനം കൈക്കൊണ്ടത്.
ഉയര്ന്ന സാമ്പത്തിക ശേഷിയുള്ള ഉപഭോക്താക്കളെ ലക്ഷ്യമിട്ട് പിഎന്ബി പുതുതായി 'ലക്ഷുറ' മെറ്റല് ക്രെഡിറ്റ് കാര്ഡ് അടുത്തിടെ പുറത്തിറക്കിയിരുന്നു. വിവിധ സൗജന്യ സേവനങ്ങളും എക്സ്ക്ലൂസീവ് ആനുകൂല്യങ്ങളും ഈ കാര്ഡിന്റെ പ്രത്യേകതയാണ്.
പഞ്ചാബ് നാഷണല് ബാങ്കിലെ ജീവനക്കാരില് 25-30 ശതമാനവും സ്ത്രീകളാണ്. വനിതകള്ക്കായി പ്രത്യേക പദ്ധതികള് ബാങ്ക് പ്രഖ്യാപിച്ചിട്ടുണ്ട്. വനിതാ സേവിങ്സ് അക്കൗണ്ട് ഉടമകള്ക്ക് 10 ലക്ഷം രൂപയുടെ ക്യാന്സര് ഇന്ഷുറന്സ് പരിരക്ഷ നല്കും. സ്വയംസഹായ സംഘങ്ങള്ക്കും വനിതാ സംരംഭകര്ക്കും വായ്പ നല്കുന്നതില് പ്രത്യേക മുന്ഗണന നല്കുമെന്നും എംഡി വ്യക്തമാക്കി. രാജ്യത്തുടനീളം 10-12 സ്റ്റാര്ട്ടപ്പ് കേന്ദ്രീകൃത ശാഖകള് തുടങ്ങാന് പിഎന്ബി പദ്ധതിയിടുന്നു. ഇതില് രണ്ട് ശാഖകള് കേരളത്തില് ആയിരിക്കുമെന്ന് അശോക് ചന്ദ്ര പറഞ്ഞു. സ്റ്റാര്ട്ടപ്പുകള്ക്ക് ആവശ്യമായ സാമ്പത്തിക സഹായവും മാര്ഗ്ഗനിര്ദ്ദേശങ്ങളും ഇവിടെ നിന്ന് ലഭിക്കും.
Content Highlight: Punjab National Bank plans to sanction loans within 30 minutes