അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധത്തില് വമ്പന് നഷ്ടം നേരിട്ട് ലോകത്തെ അതിസമ്പന്നർ. ലോകത്തിലെ ഏറ്റവും ധനികരായ പത്തുപേര്ക്ക് ഇക്കഴിഞ്ഞ വെള്ളിയാഴ്ച നഷ്ടമായത് 69 ബില്യണ് ഡോളറാണ്. ചൈനീസ് ഇറക്കുമതികള്ക്ക് നവംബര് 1 മുതല് നൂറു ശതമാനം തീരുവ ചുമത്തുമെന്ന ട്രംപിൻ്റെ പ്രഖ്യാപനമായിരുന്നു നിലവിലെ പ്രതിസന്ധിയുടെ തുടക്കം. പിന്നാലെ അപൂര്വ ഭൗമ ധാതുക്കളുടെ കയറ്റുമതിയില് ചൈന പുതിയ നിയന്ത്രണങ്ങള് പ്രഖ്യാപിച്ചു. ഇതാണ് ശതകോടീശ്വരന്മാര്ക്ക് വലിയ തിരിച്ചടിയായത്.
ലോകത്തിലെ വന് ശക്തികളുടെ ഏറ്റുമുട്ടലില് ഏറ്റവും കൂടുതല് നഷ്ടം നേരിട്ടത് ഇലോണ് മസ്കിനാണ്. വെള്ളിയാഴ്ച ടെസ്ലയുടെ ഷെയറുകളില് ഉണ്ടായ അഞ്ചു ശതമാനം ഇടിവിനെ തുടര്ന്ന് 16 ബില്യണ് ഡോളറാണ് നഷ്ടമായതെന്നാണ് ബ്ലൂംബര്ഗ് ഇന്ഡക്സിനെ അടിസ്ഥാനപ്പെടുത്തി ബിസിനസ് ഇന്സൈഡര് റിപ്പോര്ട്ട് ചൂണ്ടിക്കാണിക്കുന്നത്. അതേസമയം ആമസോണ് സ്ഥാപകന് ബെസോസിനും മെറ്റ സിഇഒ മാര്ക്ക് സക്കര്ബര്ഗിനും നഷ്ടം പത്ത് ബില്യണ് ഡോളര് വീതമാണ്. അതേസമയം Nvidia'sന്റെ ജീനന് ഹുവാങിന് നഷ്ടമായത് എട്ട് ബില്യണ് ഡോളറാണ്. ഒറാക്കിള് സഹസ്ഥാപകന് ലാരി എല്ലിസണ്ണിനും ഡെല് സിഇഒ മൈക്കേല് ഡെല്ലിനും ഈ വകയില് നഷ്ടം അഞ്ച് ബില്യണ് ഡോളര് വീതമാണ്.
അതേസമയം ഒരു വശത്ത് നഷ്ടം സംഭവിച്ചെങ്കിലും വെള്ളിയാഴ്ച വിപണി വ്യാപാരം അവസാനിക്കുമ്പോൾ അതിസമ്പന്നരുടെ ആകെ ആസ്തി 2.9 ട്രില്യണ് ഡോളറിലധികമായിരുന്നു. ഈ പട്ടികയിലും 437 ബില്യണ് ഡോളറുമായി മസ്ക് തന്നെയാണ് മുന്നില്. പിന്നാലെ 351ബില്യണ് ഡോളറുമായി എലിസണ്, 248 ബില്യണ് ഡോളറുമായി സക്കര്ബര്ഗ്, 240 ബില്യണ് ഡോളറുമായി ബെസോസ് എന്നിവരുമാണ് ഇടം പിടിച്ചത്.
കാര്യങ്ങള്ക്ക് താന് പരിഹാരമുണ്ടാക്കുമെന്ന് വിപണയിലുണ്ടായ മാറ്റങ്ങള്ക്ക് പിന്നാലെ ട്രൂത്ത് സോഷ്യലില് ട്രംപ് പ്രതികരിച്ചിരുന്നു. അമേരിക്കയ്ക്ക് ചൈനയെ സഹായിക്കണമെന്നുണ്ട്, വേദനിപ്പിക്കണമെന്നില്ലെന്ന് ആദ്യത്തെ പ്രസ്താവന നടത്തി മണിക്കൂറുകൾക്കുള്ളിൽ ട്രംപ് മലക്കം മറിഞ്ഞിരുന്നു. എന്നാല് ചൈനയ്ക്ക് വിപണിയെ തന്നെ പിടിച്ചുകുലുക്കാന് സാധിക്കുമെന്ന മുന്നറിയിപ്പാണ് വിദഗ്ധര് നല്കുന്നത്. സെമികണ്ടക്ടറുകളുടെയും ഇലക്ട്രിക്ക് മോട്ടോറുകളുടെയും ബാറ്ററികളുടെയും പ്രധാന ഘടകമാണ് അപൂര് ഭൗമ ധാതുക്കൾ എന്നതിനാൽ ചൈനീസ് നിലപാട് അമേരിക്കയെ ബാധിക്കുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.Content Highlights: USA China trade war cause big loss to world's richest people