പ്രമുഖ ഓൺലൈൻ സൈറ്റുകളിൽ ഉൾപ്പെടെ ഒരു സാധനം വാങ്ങിയാല് ഓൺലൈൻ പേയ്മെന്റിൽ നൽകേണ്ട തുകയേക്കാൾ കൂടുതലായിരിക്കും ക്യാഷ് ഓൺ ഡെലിവറി ഓപ്ഷനിൽ നല്കേണ്ടി വരിക. പലരും പേയ്മെന്റ് കുറവായ ഓപ്ഷൻ തെരഞ്ഞെടുത്ത് പണവും അയക്കും. പക്ഷേ ഒരേ സാധനത്തിന് രണ്ടു തരം പേയ്മെന്റിൽ രണ്ടുതരം വില ശരിയായ കാര്യമാണോ?
ഈ വിഷയത്തിൽ ലഭിച്ച പരാതികളെ തുടർന്ന് ഡിപ്പാർട്ട്മെന്റ് ഒഫ് കൺസ്യൂമർ അഫേയേഴ്സ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ഇ കൊമേഴ്സ് പ്ലാറ്റ്ഫോമുകൾ ക്യാഷ് ഓൺ ഡെലിവറിയിൽ അധിക പണം ഈടാക്കുന്നെന്ന് കാട്ടി നിരവധി ഉപഭോക്താക്കളാണ് പരാതി നൽകിയിരിക്കുന്നത്. ഇത് സംബന്ധിച്ച് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയും എക്സിൽ കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്.
ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ടതാണെന്നും ഇന്ത്യയുടെ വളർന്നുവരുന്ന ഇ കൊമേഴ്സ് മേഖലയിൽ സുതാര്യത ഉറപ്പാക്കണമെന്നും അദ്ദേഹം കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. ഒപ്പം നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന ഉറപ്പും മന്ത്രി നൽകിയിട്ടുണ്ട്. ക്യാഷ് ഓൺ ഡെലിവറിയിലെ അധിക പേയ്മെന്റിൽ വരുന്ന ഓപ്ഷനുകളെ കുറിച്ച് എക്സിൽ ഒരാൾ വിശദമായ കുറിപ്പ് തന്നെ പങ്കുവച്ചിരുന്നു.
ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമുകളായ സൊമാറ്റോ, സ്വിഗി, സെപ്റ്റോ എന്നിവയിൽ റെയിൻ ഫീ എന്നൊരു ഓപ്ഷനും ചേർത്താണ് അവർ അധിക പണം ഈടാക്കുന്നത്. അതേസമയം ഫ്ളിപ്പ്കാർട്ടിൽ അധികമായി ഒരു 226 രൂപ ഈടാക്കുന്നുണ്ട്. ഓഫർ ഹാൻഡ്ലിങ് ഫീ, പേയ്മെന്റ് ഹാൻഡ്ലിങ് ഫീ, പ്രൊട്ടക്ട് പ്രോമിസ് ഫീ എന്നിങ്ങനെ തരംതിരിച്ചാണ് ഈ പണം വാങ്ങുന്നത്. പരസ്യത്തിൽ നിങ്ങൾ പറഞ്ഞ ഓപ്ഷന് ഞാൻ എന്തിന് പണം നൽകണെന്ന ചോദ്യമാണ് ഉപഭോക്താവ് ഉയർത്തുന്നത്. ക്യാഷ് ഓൺ ഡെലിവറി പേയ്മെന്റ് ചെയ്യുന്ന ഇ കൊമേഴ്സ് സൈറ്റുകളെ നിരോധിക്കണോ എന്ന പോൾ ആണ് മറ്റൊരാൾ പോസ്റ്റ് ചെയ്തത്.
ഈ പരാതികൾക്കെല്ലാം പരിഹാരം ഉണ്ടാകുമെന്നാണ് കേന്ദ്രമന്ത്രി നൽകിയിരിക്കുന്ന ഉറപ്പ്. ഇത്തരത്തിൽ ഉപഭോക്താക്കളുടെ അറിവില്ലാതെ പണമോ മറ്റ് വിവരങ്ങളോ കമ്പനികൾ കബളിപ്പിക്കുന്ന തന്ത്രങ്ങളെ ഡാർക്ക് പാട്ടേൺസ് എന്നാണ് വിളിക്കുന്നത്. സാധനങ്ങളുടെ എണ്ണം കുറച്ചു കാണിക്കുക, ഫേക്ക് കൗൺഡൗൺ ഓഫറുകൾ തുടങ്ങിയ കാര്യങ്ങളാണ് ഇതിലുൾപ്പെടുന്നത്. ഇതിന് പുറമേയാണ് അനാവശ്യമായ ചില ഫീകൾ കാണിച്ച് ക്യാഷ് ഓൺ ഡെലിവറിയിൽ അധിക പണം ഈടാക്കുന്നത്.
Content Highlights: Centre starts enquiry on extra cash on delivery charges by E commerce platforms