രക്ഷാബന്ധന് ആഘോഷത്തിന് രണ്ട് ദിവസം മാത്രം ശേഷിക്കെയാണ് ഓഗസ്റ്റ് 17ന് മഹാരാഷ്ട്ര സർക്കാർ മുഖ്യമന്ത്രി മാജി ലഡ്കി ബഹൻ യോജന പദ്ധതി ഉദ്ഘാടനം ചെയ്തത്. വാർഷികവരുമാനം രണ്ടരലക്ഷം രൂപയിൽ താഴെയുള്ള സ്ത്രീകൾക്ക് പ്രതിമാസം 1500 രൂപ വിതരണം ചെയ്യുന്ന പദ്ധതിയാണിത്. ഏക്നാഥ് ഷിൻഡെ നേതൃത്വം നൽകുന്ന മഹായുതി സർക്കാരിനെതിരെ പദ്ധതിയുടെ പേരിൽ പ്രതിപക്ഷമായ മഹാവികാസ് അഘാഡി രംഗത്തെത്തി. തീർത്തും സ്വാർത്ഥമായ നടപടിയെന്നാണ് പ്രതിപക്ഷ കക്ഷിയായ എൻസിപിയുടെ നേതാവും എംപിയുമായ സുപ്രിയ സുലെ പ്രതികരിച്ചത്. 'അങ്ങേയറ്റം സ്വാർത്ഥതയുള്ള സർക്കാരാണിത്. സഹോദരനും സഹോദരിയും തമ്മിലുള്ള ബന്ധത്തെ പണത്തിന്റെ പ്രിസത്തിലൂടെയാണ് സർക്കാർ നോക്കിക്കാണുന്നത്'- സുപ്രിയ പറഞ്ഞു. പിന്നാലെ വന്നു മുഖ്യമന്ത്രി ഏക്നാഥ് ഷിന്ഡെയുടെ മറുപടി, 'വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ചവർക്ക് 1500 രൂപയുടെ വില മനസിലാവില്ല!'
ഇത് മഹാരാഷ്ട്രയിലെ മാത്രം കാര്യമല്ല. സ്ത്രീകളുടെ ഉന്നമനത്തിനായി പ്രത്യേക സാമ്പത്തിക സഹായ പദ്ധതി നടപ്പിലാക്കുന്ന ഏഴ് സംസ്ഥാനങ്ങളിൽ ഒന്ന് മാത്രമാണ് മഹാരാഷ്ട്ര. പശ്ചിമ ബംഗാൾ, ഡൽഹി, ജാർഖണ്ഡ്, തമിഴ്നാട്, കർണാടക, മധ്യപ്രദേശ് എന്നിവയാണ് Direct Benefit Transfer (DBT) പദ്ധതി നടപ്പാക്കുന്ന മറ്റ് സംസ്ഥാനങ്ങൾ.
മുഖ്യമന്ത്രി മാജി ലഡ്കി ബഹൻ യോജന
21നും 65നുമിടയിൽ പ്രായമുള്ള ഒരു കോടിയോളം വരുന്ന സ്ത്രീകളെ ലക്ഷ്യമിട്ടാണ് മഹാരാഷ്ട്ര സർക്കാർ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. രണ്ടരലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ള എല്ലാ സ്ത്രീകൾക്കും മാസം തോറും 1500 രൂപ സർക്കാർ നേരിട്ട് ധനസഹായം നൽകും. സർക്കാർ ഖജനാവിൽ നിന്ന് ഇതിനായി വർഷം തോറും 46000 കോടി ചെലവാകുമെന്നാണ് കണക്ക്.
ഓഗസ്റ്റിലാണ് പദ്ധതി ഉദ്ഘാടനം ചെയ്തതെങ്കിലും ജൂലൈ മുതലാണ് പദ്ധതി കാലയളവ് കണക്കാക്കുക. അതിനാൽ ആദ്യഗഡുവായി 3000 രൂപ പദ്ധതിഉപഭോക്താക്കൾക്ക് ലഭിക്കും. മഹാരാഷ്ട്രയിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ഇനിയും അധികാരത്തിലെത്തിച്ചാൽ പദ്ധതി തുക വർധിപ്പിക്കുമെന്ന് വാഗ്ദാനവും സർക്കാർ നൽകുന്നുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഭരണപക്ഷത്തിനേറ്റ (ബിജെപി, എൻഡിഎ, ശിവസേന) തിരിച്ചടി മറികടക്കാനും നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് നേടാനുമാണ് ഈ പദ്ധതി ഇപ്പോൾ നടപ്പാക്കുന്നതെന്ന പ്രതിപക്ഷ ആരോപണത്തിൽ കഴമ്പുണ്ടെന്ന് സാരം. ലോക്സഭാ തിരഞ്ഞെടുപ്പിൽ 48ൽ 18 സീറ്റ് മാത്രം നേടാനേ ഭരണപക്ഷത്തിന് കഴിഞ്ഞിരുന്നുള്ളു.
ഡൽഹി: മുഖ്യമന്ത്രി മഹിളാ സമ്മാൻ യോജന
2024 മാർച്ച് അഞ്ചിനാണ് ഡൽഹി ധനമന്ത്രി അതിഷി മർലേന മുഖ്യമന്ത്രി മഹിളാ സമ്മാൻ യോജന ബജറ്റിൽ പ്രഖ്യാപിച്ചത്. 18 വയസിനു മുകളിൽ പ്രായമുള്ള വനിതകൾക്ക് പ്രതിമാസം 1000 രൂപ നൽകുമെന്നതാണ് പദ്ധതി. 2000 കോടി ബജറ്റിലുള്ള പദ്ധതി ലക്ഷ്യമിടുന്നത് ഡൽഹിയിലെ 50 ലക്ഷത്തോളം വരുന്ന സ്ത്രീകൾക്ക് പ്രയോജനം നൽകാനാണ്. ഏറ്റവും പുതിയ കണക്ക് പ്രകാരം 67,30,371 സ്ത്രീ വോട്ടർമാരാണ് ഡൽഹിയിലുള്ളത്.
മാർച്ച് 21ന് മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അറസ്റ്റിലായതോടെ പദ്ധതി അനിശ്ചിതത്വത്തിലായി. പിന്നീട്, ജൂലൈയിൽ പദ്ധതിയുമായി മുമ്പോട്ടുപോകാൻ ഡൽഹി വനിതാ ശിശുക്ഷേമ മന്ത്രി കൈലാഷ് ഗഹ്ലോട്ട് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. വിവിധ ഡിപ്പാർട്ട്മെന്റുകളുടെ പരിശോധനയ്ക്ക് ശേഷം മന്ത്രിസഭയുടെ അനുമതിയും നേടി ലെഫ്റ്റനന്റ് ഗവർണറുടെ അന്തിമ അനുമതിയും ലഭിച്ചാൽ മാത്രമേ പദ്ധതി നടപ്പാകൂ. കെജ്രിവാൾ ജയിലിൽ തന്നെ തുടരുന്ന സാഹചര്യത്തിലും സർക്കാരും ഗവർണറും തമ്മിൽ അസ്വാരസ്യങ്ങൾ തുടരുന്ന സാഹചര്യത്തിലും പദ്ധതി നടപ്പാക്കുന്നത് അനന്തമായി നീളാനാണ് സാധ്യത. അടുത്ത വർഷമാണ് ഡൽഹിയിൽ നിയമസഭാ തിരഞ്ഞെടുപ്പ്.
മധ്യപ്രദേശ്: മുഖ്യമന്ത്രി ലാഡ്ലി ബെഹന യോജന
2023 മാർച്ചിലെ നിയമസഭാ തിരഞ്ഞെടുപ്പ് നോട്ടമിട്ട് അന്നത്തെ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാൻ പ്രഖ്യാപിച്ച പദ്ധതിയാണ് മുഖ്യമന്ത്രി ലാഡ്ലി ബെഹന യോജന. വാർഷിക വരുമാനം രണ്ടരലക്ഷം വരെയുള്ള കുടുംബങ്ങളിലെ സ്ത്രീകൾക്ക് മാസം തോറും 1000 രൂപ നൽകുന്നതായിരുന്നു പദ്ധതി. തിരഞ്ഞെടുപ്പിൽ കോൺഗ്രസ് എട്ടുനിലയിൽ പൊട്ടി ബിജെപി അധികാരത്തിലെത്തിയതോടെ പദ്ധതി തുക വർധിപ്പിച്ചു. മാസം തോറുമുള്ള തുക 1250 ആക്കുികയും നിശ്ചിത കാലയളവിനുള്ളിൽ ഇത് 3000 ആയി ഉയർത്തുമെന്ന് വാഗ്ദാനം നൽകുകയും ചെയ്തു. 21നും 60നുമിടയിൽ പ്രായമുള്ള വിവാഹിതകളായ സ്ത്രീകൾക്കാണ് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. വിവാഹമോചിതരോ വിധവകളോ ഭർത്താവ് ഉപേക്ഷിച്ചവരോ ഒക്കെ ആയാലും പദ്ധതിയുടെ ഗുണം ലഭിക്കും.
പശ്ചിമബംഗാൾ: ലക്ഷ്മിർ ഭണ്ഡാർ സ്കീം
തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് 2021 ഫെബ്രുവരിയിലാണ് മുഖ്യമന്ത്രി മമതാ ബാനർജി പശ്ചിമ ബംഗാളിൽ ലക്ഷ്മിർ ഭണ്ഡാർ സ്കീം പ്രഖ്യാപിക്കുന്നത്. 25നും 60നുമിടയിൽ പ്രായമുള്ള സ്ത്രീകളെ ലക്ഷ്യമിട്ടുള്ളതായിരുന്നു പദ്ധതി. ഇതനുസരിച്ച് എസ്സി എസ്ടി വിഭാഗത്തിലെ സ്ത്രീകൾക്ക് പ്രതിമാസം 1200 രൂപയും മറ്റുള്ളവർക്ക് 1000 രൂപയും ലഭിക്കും. സ്വസ്തിസതി പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ സ്ത്രീകൾക്കും ഇതിന്റെ ആനുകൂല്യം ലഭിക്കും. 2.11 കോടി സ്ത്രീകൾക്കായി 2023-24ൽ 10,101.87 കോടിയാണ് സർക്കാർ ചെലവഴിച്ചത്. ഇപ്പോഴത് 12000 കോടിയായി ഉയർത്തിയിട്ടുണ്ട്.
ജാർഖണ്ഡ്: മുഖ്യമന്ത്രി മയ്യാ സമ്മാൻ യോജന
21നും 50നുമിടയിൽ പ്രായമുള്ള സ്ത്രീകൾക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. 3 ലക്ഷം വരെ വാർഷിക വരുമാനമുള്ള കുടുംബങ്ങളിലെ സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപയാണ് ലഭിക്കുക. സംസ്ഥാനത്തെ 48 ലക്ഷം സ്ത്രീകൾക്കാണ് പദ്ധതി ഗുണകരമാകുക. അടുത്ത വർഷമാണ് ജാർഖണ്ഡിൽ നിയമസഭാ തിരഞ്ഞെടുപ്പ്.
കർണാടക: ഗൃഹലക്ഷ്മി പദ്ധതി
ഭരണത്തിലേറി മൂന്നു മാസത്തിനുള്ളിലാണ് കർണാടകയിലെ കോൺഗ്രസ് സർക്കാർ ഗൃഹലക്ഷ്മി പദ്ധതി നടപ്പാക്കിയത്. സംസ്ഥാനത്തെ ഗൃഹനാഥകളായ സ്ത്രീകൾക്ക് പ്രതിമാസം 2000 രൂപ നൽകുന്നതാണ് പദ്ധതി. തുടക്കത്തിൽ തന്നെ 1.33 കോടി സ്ത്രീകൾക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുന്നത്. പ്രതിവർഷം 32000 കോടി രൂപയാണ് സർക്കാർ ഇതിനായി ചെലവാക്കുന്നത്.
തമിഴ്നാട്: കലെെഞ്ജർ മഗളിർ ഉറിമൈ തിട്ടം
എം കെ സ്റ്റാലിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു സ്ത്രീകൾക്കായുള്ള ധനസഹായ പദ്ധതി. ഭരണത്തിലേറി രണ്ട് വർഷം കഴിഞ്ഞാണ് ഡിഎംകെ സർക്കാർ പദ്ധതി നടപ്പാക്കിയത്. 2023 സെപ്തംബർ 15ന് പദ്ധതി ഉദ്ഘാടനം ചെയ്തു. 21 വയസിനു മുകളിൽ പ്രായമുള്ള ഗൃഹനാഥകളായ സ്ത്രീകളാണ് പദ്ധതി ഉപഭോക്താക്കൾ. മാസം തോറും 1000 രൂപയാണ് ആദ്യഘട്ടത്തിൽ ലഭിച്ചിരുന്നത്. ഇപ്പോഴിത് 1200 ആയി ഉയർത്തിയിട്ടുണ്ട്. അപേക്ഷകരുടെ കുടുംബത്തിന്റെ വാർഷിക വരുമാനം രണ്ടര ലക്ഷത്തിൽ കൂടരുതെന്ന് നിബന്ധനയുണ്ട്. അഞ്ച് ഏക്കറിൽ താഴെ ഭൂസ്വത്ത് മാത്രമേ ഉണ്ടാകാവൂ, ഗാർഹികാവശ്യത്തിനായി 3600 യൂണിറ്റ് വൈദ്യുതിയിൽ താഴെ മാത്രമേ ഉപയോഗിക്കാവൂ എന്നിങ്ങനെയും നിബന്ധനകളുണ്ട്.