ഒരു വിമാനത്തിലെ 2 പൈലറ്റുമാര്‍ക്കും ഒരേ ഭക്ഷണം നല്‍കാത്തത് എന്തുകൊണ്ട്

ഒരു വിമാനത്തിലെ 2 പൈലറ്റുമാര്‍ക്കും വ്യത്യസ്ത തരം ഭക്ഷണം നല്‍കുന്നത് പിന്നിലെ നിയമം എന്താണ്

വിമാനയാത്രയ്ക്കിടെ നമുക്ക് ഇഷ്ടമുള്ള ഭക്ഷണം തിരഞ്ഞെടുക്കാന്‍ പലപ്പോഴും അവസരമുണ്ടാകും. എന്നാല്‍ വിമാനത്തിന്റെ കോക്പിറ്റില്‍ ഇരിക്കുന്ന ക്യാപ്റ്റനും ഫസ്റ്റ് ഓഫീസറും ഒരേ ഭക്ഷണം കഴിക്കാറില്ലെന്ന് അറിയാമോ?.ഇത് പൈലറ്റുമാരുടെ വ്യക്തിപരമായ ഇഷ്ടടങ്ങളോ അവരുടെ പദവിയോ കാരണമല്ല. വിമാനത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട ഒരു മുന്‍കരുതലാണ് ഇതിന് പിന്നില്‍. അടുത്തിടെ ഫ്‌ളൈദുബായ് വിമാനത്തിലുണ്ടായ സംഭവത്തിന് പിന്നാലെയാണ് വിമാന സുരക്ഷയുമായി ബന്ധപ്പെട്ട ഇത്തരം നടപടികളും വീണ്ടും ചര്‍ച്ചയായത്.

ഭക്ഷണം ഒരേപോലെ ആയാല്‍ എന്താണ് പ്രശ്‌നം?

ഒരേ ഭക്ഷണം കഴിച്ച രണ്ട് പൈലറ്റുമാര്‍ക്കും ഭക്ഷ്യവിഷബാധയുണ്ടായാല്‍ എന്താകും സ്ഥിതി?.സാല്‍മൊണല്ല, ഇ. കോളി തുടങ്ങിയ ബാക്ടീരിയകള്‍ മൂലം ഭക്ഷണം മലിനമാകാം. അത്തരം ഭക്ഷണം കഴിച്ചാല്‍ ഛര്‍ദ്ദി, വയറിളക്കം, വയറുവേദന തുടങ്ങിയ അസ്വസ്ഥതകള്‍ ഉണ്ടാകാം. ചില സാഹചര്യങ്ങളില്‍ പൈലറ്റിന് വിമാനം നിയന്ത്രിക്കാന്‍ കഴിയാത്ത അവസ്ഥയിലേക്കും ഇത് നയിക്കാം. രണ്ട് പൈലറ്റുമാരും ഒരേ ഭക്ഷണം കഴിച്ചാല്‍ ഇരുവര്‍ക്കും ഒരേസമയം അസുഖം ബാധിക്കാനുള്ള സാധ്യതയുണ്ട്. ഇതൊഴിവാക്കാനാണ് പല എയര്‍ലൈനുകളും പൈലറ്റുമാര്‍ക്ക് വ്യത്യസ്ത ഭക്ഷണം നല്‍കുന്നത്.

അതുകൊണ്ടുതന്നെ ഒരു വിമാനത്തില്‍ ക്യാപ്റ്റന് ചിക്കന്‍ വിഭവം ലഭിക്കുമ്പോള്‍ ഫസ്റ്റ് ഓഫീസര്‍ക്ക് പാസ്തയോ മത്സ്യമോ സസ്യാഹാരമോ ലഭിക്കാം. എല്ലാ എയര്‍ലൈനുകളിലും ഒരേ രീതിയല്ല. ഓരോ എയര്‍ലൈനിന്റെയും ആഭ്യന്തര സുരക്ഷാ നടപടികള്‍ അനുസരിച്ച് ഭക്ഷണക്രമത്തില്‍ വ്യത്യാസമുണ്ടാകാം. ഈ രീതിയുടെ പ്രധാന ലക്ഷ്യം ഒന്ന് മാത്രം. ഒരേ ഭക്ഷണം മൂലം രണ്ട് പൈലറ്റുമാരും ഒരേസമയം ജോലിക്ക് അയോഗ്യരാകുന്ന സാഹചര്യം ഒഴിവാക്കുക.

ഭക്ഷണം മാത്രമല്ല കഴിക്കുന്ന സമയവും പ്രധാനമാണ്

ചില എയര്‍ലൈനുകളില്‍ ക്യാപ്റ്റനും ഫസ്റ്റ് ഓഫീസറും ഒരേസമയം ഭക്ഷണം കഴിക്കാതിരിക്കാനും നിര്‍ദേശങ്ങളുണ്ടാകാം. ഒരാള്‍ ഭക്ഷണം കഴിക്കുമ്പോള്‍ മറ്റൊരാള്‍ വിമാനത്തിന്റെ നിയന്ത്രണം, ആശയവിനിമയം, മറ്റ് കോക്പിറ്റ് ചുമതലകള്‍ എന്നിവയില്‍ ശ്രദ്ധിക്കണമെന്നതാണ് ഇതിന് പിന്നിലെ ആശയം. അതായത് ഒരു പൈലറ്റ് ഭക്ഷണം കഴിക്കുന്ന സമയത്ത് മറ്റൊരാള്‍ വിമാനത്തിന്റെ ചുമതലയില്‍ തുടരണമെന്നര്‍ഥം.

ഇത് എല്ലാ വിമാനങ്ങളിലും നിര്‍ബന്ധമാണോ?

പൈലറ്റുമാര്‍ക്ക് വ്യത്യസ്ത ഭക്ഷണം നല്‍കുന്നത് ലോകത്തെ എല്ലാ വിമാനക്കമ്പനികള്‍ക്കും ബാധകമായ ഒരു നിര്‍ബന്ധിത ആഗോള നിയമമാണെന്ന് പറയാനാകില്ല. പകരം പല എയര്‍ലൈനുകളും പിന്തുടരുന്ന ഒരു ഓപ്പറേഷണല്‍ സേഫ്റ്റി മുന്‍കരുതലാണ് ഇത്. രണ്ട് പൈലറ്റുകളും ഒരേ ഭക്ഷണം കഴിച്ച് ഒരേസമയം അസുഖബാധിതരാകുന്നതിനേക്കാള്‍, ഒരാള്‍ക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടായാലും മറ്റൊരാള്‍ സുരക്ഷിതമായി വിമാനം നിയന്ത്രിക്കാന്‍ കഴിയുന്നതാണ് പ്രധാനം.

വിമാനയാത്രയില്‍ നമ്മള്‍ കാണുന്ന പല ചെറിയ നിയമങ്ങള്‍ക്കും നടപടികള്‍ക്കും പിന്നില്‍ ഇത്തരത്തില്‍ സുരക്ഷയുമായി ബന്ധപ്പെട്ട പല കാരണങ്ങളുണ്ടാകാം.

Content Highlights :What is the rule behind serving different types of meals to the two pilots on a flight?

To advertise here,contact us