പാസ്‌പോര്‍ട്ട് സ്വന്തമാക്കാന്‍ പോസ്റ്റോഫീസിന് മുന്നില്‍ ക്യൂ നില്‍ക്കണോ?; എന്താണ് 'ഫിലേറ്റലി പാസ്പോര്‍ട്ട്'

വിസ വേണ്ട, ഇമിഗ്രേഷന്‍ വേണ്ട; എന്നിട്ടും ആളുകള്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന പാസ്പോര്‍ട്ട്. എന്താണിത്?

പാസ്പോര്‍ട്ട് എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം മനസിലെത്തുന്നത് വിദേശയാത്രയും വിസയും എമിഗ്രേഷന്‍ പരിശോധനയുമൊക്കെയാണ്. എന്നാല്‍ ഇവിടെ ഇതാ ഒരു പാസ്പോര്‍ട്ട് സ്വന്തമാക്കാന്‍ ആളുകള്‍ പുലര്‍ച്ചെ തന്നെ പോസ്റ്റ് ഓഫീസിന് മുന്നില്‍ ക്യൂ നില്‍ക്കുന്നു. പ്രത്യേകത എന്തെന്നോ? ഈ പാസ്പോര്‍ട്ടിന് വിസ വേണ്ട, ഇമിഗ്രേഷന്‍ വേണ്ട, വിദേശയാത്രയും ഇല്ല.

സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ശ്രദ്ധ നേടുന്ന 'ഫിലേറ്റലി പാസ്പോര്‍ട്ട്' ആണിത്. ഇന്ത്യ പോസ്റ്റിന്റെ കര്‍ണാടക പോസ്റ്റല്‍ സര്‍ക്കിളാണ് ഈ വ്യത്യസ്തമായ ആശയവുമായി രംഗത്തെത്തിയത്. യാത്രയും സ്റ്റാമ്പ് ശേഖരണവും ഒരുമിച്ച് ചേര്‍ത്താണ് ഈ പാസ്പോര്‍ട്ട് ഒരുക്കിയിരിക്കുന്നത്.

എന്താണ് ഫിലേറ്റലി പാസ്പോര്‍ട്ട്?

പേര് പാസ്പോര്‍ട്ട് എന്നാണെങ്കിലും ഇത് യഥാര്‍ഥ യാത്രാ രേഖയല്ല. വിദേശത്തേക്ക് പോകാനും വിസ എടുക്കാനും ഇത് ഉപയോഗിക്കാനാവില്ല. യാത്ര ചെയ്ത സ്ഥലങ്ങളുടെ ഓര്‍മകള്‍ സൂക്ഷിക്കാനുള്ള ഒരു പ്രത്യേക കളക്ടര്‍ ബുക്ക് പോലെയാണ് ഇത്.

'ഫിലേറ്റലി' എന്നത് സ്റ്റാമ്പുകള്‍ ശേഖരിക്കുകയും അവയെക്കുറിച്ച് പഠിക്കുകയും ചെയ്യുന്ന ഹോബിയാണ്. ഈ ആശയത്തോടൊപ്പം കര്‍ണാടകയിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളെയും പൈതൃക സ്ഥലങ്ങളെയും പരിചയപ്പെടുത്തുകയാണ് ഫിലേറ്റലി പാസ്പോര്‍ട്ടിലൂടെ ചെയ്യുന്നത്.

എങ്ങനെയാണ് ഇത് ഉപയോഗിക്കുന്നത്?

പാസ്പോര്‍ട്ടില്‍ കര്‍ണാടകയിലെ വിവിധ സ്ഥലങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓരോ സ്ഥലത്തിനും പ്രത്യേകം പോസ്റ്റല്‍ സീല്‍ ഉണ്ടാകും. ഉദാഹരണത്തിന് ഒരു സ്ഥലത്തേക്ക് നിങ്ങള്‍ യാത്ര പോയെന്ന് കരുതുക. ആ സ്ഥലവുമായി ബന്ധപ്പെട്ട് നിശ്ചയിച്ചിട്ടുള്ള പോസ്റ്റ് ഓഫീസിലെത്തണം. അവിടെ നിന്ന് പ്രത്യേക സ്റ്റാമ്പും ആ സ്ഥലത്തിന്റെ ചിത്രമുള്ള പോസ്റ്റല്‍ സീലും പാസ്പോര്‍ട്ടില്‍ പതിപ്പിക്കാം. അങ്ങനെ ഓരോ യാത്രയും പാസ്പോര്‍ട്ടില്‍ ഒരു ഓര്‍മയായി മാറും.

അതായത്, സാധാരണ പാസ്പോര്‍ട്ടില്‍ രാജ്യങ്ങള്‍ സന്ദര്‍ശിച്ചതിന്റെ ഇമിഗ്രേഷന്‍ സ്റ്റാമ്പുകള്‍ നിറയുമ്പോള്‍, ഫിലേറ്റലി പാസ്പോര്‍ട്ടില്‍ കര്‍ണാടകയിലെ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചതിന്റെ സീലുകളാണ് നിറയുന്നത്.

100 സ്ഥലങ്ങള്‍… 100 ഓര്‍മകള്‍!

പുതിയ പതിപ്പില്‍ ഏകദേശം 100 സ്ഥലങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങള്‍, ക്ഷേത്രങ്ങള്‍, മ്യൂസിയങ്ങള്‍, പൈതൃക കേന്ദ്രങ്ങള്‍, വന്യജീവി കേന്ദ്രങ്ങള്‍ തുടങ്ങി വ്യത്യസ്ത ഇടങ്ങള്‍ ഇതിലുണ്ട്. ഓരോ സ്ഥലത്തെയും സീല്‍ ശേഖരിക്കണമെങ്കില്‍ ആ സ്ഥലവുമായി ബന്ധപ്പെട്ട പോസ്റ്റ് ഓഫീസിലേക്ക് തന്നെ പോകണം. വീട്ടിലിരുന്ന് ഓണ്‍ലൈനായി എല്ലാം പൂര്‍ത്തിയാക്കാന്‍ കഴിയില്ല. യാത്ര ചെയ്യണം, സ്ഥലങ്ങള്‍ കാണണം, പിന്നെ അവിടുത്തെ സീല്‍ സ്വന്തമാക്കണം. ഇതോടെ ഒരു ചെറിയ പാസ്പോര്‍ട്ട് തന്നെ യാത്രയുടെ ഒരു 'ട്രഷര്‍ ഹണ്ട്' ആയി മാറുകയാണ്.

എന്തുകൊണ്ടാണ് ആളുകള്‍ ഈ പാസ്‌പോര്‍ട്ട് ഇഷ്ടപ്പെടുന്നത്?

ഇന്നത്തെ കാലത്ത് നമ്മള്‍ യാത്രയുടെ ഓര്‍മകള്‍ സൂക്ഷിക്കുന്നത് കൂടുതലും ഫോണിലാണ്. ഫോട്ടോ എടുക്കും, വീഡിയോ എടുക്കും, ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യും. കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞാല്‍ ആ ചിത്രങ്ങള്‍ ഫോണിലെ ആയിരക്കണക്കിന് ഫോട്ടോകള്‍ക്കിടയില്‍ മറഞ്ഞുപോകുകയും ചെയ്യും. എന്നാല്‍ ഫിലേറ്റലി പാസ്പോര്‍ട്ട് ഉപയോഗിക്കുമ്പോള്‍ സന്ദര്‍ശിച്ച ഓരോ സ്ഥലത്തെയും സീലുകള്‍ 'ഈ സ്ഥലത്ത് ഞാന്‍ പോയിരുന്നു' എന്നതിന്റെ ഒരു ചെറിയ തെളിവായി മാറുന്നു.

അതുകൊണ്ടുതന്നെ സ്റ്റാമ്പ് ശേഖരിക്കുന്നവര്‍ക്ക് മാത്രമല്ല, യാത്ര ഇഷ്ടപ്പെടുന്നവര്‍ക്കും ചരിത്രത്തിലും പൈതൃക സ്ഥലങ്ങളിലും താല്‍പര്യമുള്ളവര്‍ക്കും ഇത് ആകര്‍ഷകമായ കര്യമാണ്.

പുലര്‍ച്ചെ മുതല്‍ ക്യൂ!

ഈ പാസ്പോര്‍ട്ടിന്റെ ജനപ്രീതി എത്രത്തോളമെത്തിയെന്ന് മനസിലാക്കാന്‍ ബെംഗളൂരുവിലെ കാഴ്ച തന്നെ മതി. പുതിയ പതിപ്പ് വില്‍പ്പനയ്ക്ക് എത്തിയപ്പോള്‍ ബെംഗളൂരുവിലെ ജനറല്‍ പോസ്റ്റ് ഓഫീസിന് മുന്നില്‍ ആളുകള്‍ പുലര്‍ച്ചെ 5.30 മുതല്‍ ക്യൂ നില്‍ക്കുകയായിരുന്നു. വില്‍പ്പന ആരംഭിച്ചത് രാവിലെ 10 മണിക്കായിരുന്നു. പുതിയതായി പുറത്തിറക്കിയ ഏകദേശം 1,500 പാസ്പോര്‍ട്ടുകള്‍ കര്‍ണാടകയിലെ വിവിധ പോസ്റ്റ് ഓഫീസുകളിലായി വിതരണം ചെയ്തിരുന്നു. ബെംഗളൂരുവില്‍ മാത്രം ആയിരത്തിലേറെ കോപ്പികള്‍ അനുവദിച്ചിരുന്നു. ഒരു പാസ്പോര്‍ട്ടിന്റെ വില 600 രൂപയായിരുന്നു.രണ്ട് ദിവസം കൊണ്ട് വിറ്റുതീരുമെന്നാണ് കരുതിയിരുന്നതെങ്കിലും ആവശ്യക്കാര്‍ ഏറെയായതോടെ കോപ്പികള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ തീരുകയും ചെയ്തു.

2024 ലാണ് തുടക്കം

കര്‍ണാടക പോസ്റ്റല്‍ സര്‍ക്കിള്‍ ഈ പദ്ധതി ആരംഭിച്ചത് 2024 ലാണ്. തുടക്കത്തില്‍ ഉള്‍പ്പെടുത്തിയ സ്ഥലങ്ങളുടെ എണ്ണം കുറവായിരുന്നു. പിന്നീട് കൂടുതല്‍ സ്ഥലങ്ങള്‍ ഉള്‍പ്പെടുത്തി പാസ്പോര്‍ട്ട് പുതിയ പതിപ്പുകളായി പുറത്തിറക്കി. പുതിയ പതിപ്പില്‍ സ്ഥലങ്ങളുടെ എണ്ണം ഏകദേശം 100 ആയി ഉയര്‍ന്നു. സോഷ്യല്‍ മീഡിയയില്‍ ഇതിന്റെ ചിത്രങ്ങളും വീഡിയോകളും വൈറലായതോടെ കൂടുതല്‍ ആളുകളിലേക്ക് ആശയം എത്തുകയും ചെയ്തു.

വിസയില്ലാതെ പാസ്പോര്‍ട്ട് കൊണ്ട് യാത്ര ചെയ്യാന്‍ കഴിയില്ലെങ്കിലും ഒരു പാസ്പോര്‍ട്ട് കൈയില്‍ പിടിച്ച് കര്‍ണാടക മുഴുവന്‍ ചുറ്റിക്കാണാന്‍ കഴിയുമെന്നതാണ് ഈ 'ഫിലേറ്റലി പാസ്പോര്‍ട്ടിന്റെ' കൗതുകം.

Content Highlights :It was the Karnataka Postal Circle of India Post that came up with this unique concept. This passport has been designed by combining travel with stamp collecting.

To advertise here,contact us