ട്രെയിൻ ടിക്കറ്റ് ബുക്കിംഗിലെ തടസങ്ങൾക്ക് പരിഹാരം; IRCTC യുടെ പുതിയ വൈബ്‌സൈറ്റ് എങ്ങനെ സഹായകമാകും

IRCTC യുടെ പുതിയ വെബ്‌സൈറ്റിന് എന്തൊക്കെ സവിശേഷിതകളാണ് ഉള്ളതെന്നും ടിക്കറ്റ് ബുക്കിംഗ് എങ്ങനെ എളുപ്പമാകുമെന്നും അറിയാം

ട്രെയിന്‍ യാത്ര ചെയ്യുന്നവര്‍ക്ക് എപ്പോഴും തലവേദനയുണ്ടാക്കുന്ന കാര്യമാണ് തത്കാല്‍ ടിക്കറ്റുകള്‍. സാധാരണയായി ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ വെബ്‌സൈറ്റ് പതുക്കെ ലോഡ് ആവുക, പേമെന്റുകള്‍ പരാജയപ്പെടുക, നിമിഷങ്ങള്‍ക്കുള്ളില്‍ത്തന്നെ സീറ്റുകള്‍ തീര്‍ന്നുപോവുക എന്നിങ്ങനെയുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാവാറുണ്ട് അല്ലേ?. ദീര്‍ഘകാലമായി യാത്രക്കാര്‍ നേരിടുന്ന ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി ഐആര്‍സിടിസി പൂര്‍ണമായും പരിഷ്‌കരിച്ച ഒരു വെബ്‌സൈറ്റ് തന്നെ ആരംഭിച്ചുകഴിഞ്ഞു.

ജൂലെ 15 ന് അവതരിപ്പിക്കപ്പെട്ട റെയില്‍വേയുടെ പുതിയ വെബ്‌സൈറ്റിന് വേഗത, വൃത്തിയുളള ഇന്റര്‍ഫേസ്, പീക്ക് അവര്‍ ട്രാഫിക് കൈകാര്യം ചെയ്യാനുള്ള ശേഷി എന്നിവയൊക്കെയുണ്ട്. രാജ്യമെമ്പാടുമുള്ള ഉപയോക്താക്കള്‍ക്ക് തത്കാല്‍ ടിക്കറ്റുകളും മറ്റ് ഉയര്‍ന്ന ഡിമാന്‍ഡ് ബുക്കിംഗുകളും സുഗമമാക്കുക എന്നതാണ് പുതിയ വെബ്‌സൈറ്റിന്റെ ലക്ഷ്യം.

IRCTC യുടെ പുനര്‍രൂപകല്‍പ്പന ചെയ്ത വെബ്‌സൈറ്റില്‍ പുതിയത് എന്തൊക്കെയാണ് ഉളളത്

വന്‍തോതിലുള്ള ട്രാഫിക് കൈകാര്യം ചെയ്യാനുളള വെബ്‌സൈറ്റിന്റെ കഴിവാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. പുതിയ സംവിധാനത്തിലൂടെ മിനിറ്റില്‍ 1.5 ലക്ഷത്തിലധികം ടിക്കറ്റ് ബുക്കിംഗുകള്‍ പ്രോസസ് ചെയ്യാന്‍ കഴിയും. വെബ്‌സൈറ്റിന്റെ മുന്‍ പതിപ്പിലുള്ള മിനിറ്റില്‍ 32,000 ബുക്കിംഗ് ശേഷിയേക്കാള്‍ അഞ്ചിരട്ടി കൂടുതലാണ് ഇത്. ഒരുമിനിറ്റില്‍ 40 ലക്ഷത്തിലധികം എന്‍ക്വയറികള്‍ കൈകാര്യം ചെയ്യുന്നതിനായി ബാക്ക് എന്‍ഡ് പാസഞ്ചര്‍ റിസര്‍വേഷന്‍ സിസ്റ്റവും അപ്‌ഗ്രേഡ് ചെയ്തിട്ടുണ്ട്.

സീറ്റ് തെരഞ്ഞെടുക്കല്‍

ക്രമരഹിതമായ അലോട്ട്‌മെന്റുകള്‍ ലഭിക്കുന്നതിന് പകരം യാത്രക്കാര്‍ക്ക് ഇഷ്ടപ്പെട്ട ബെര്‍ത്തോ സീറ്റോ തെരഞ്ഞെടുക്കാം.

Travel Fare Calendar (യാത്രാകൂലി താരതമ്യം ചെയ്യാന്‍)

വ്യത്യസ്ത തീയതികളിലെ ടിക്കറ്റ് നിരക്കുകള്‍ താരതമ്യം ചെയ്യുന്നതിനുള്ള മാര്‍ഗ്ഗം. ചെലവുകളെക്കുറിച്ച് ശ്രദ്ധയുളള യാത്രക്കാര്‍ക്ക് കുറഞ്ഞ ചെലവെന്ന ഓപ്ഷന്‍ കണ്ടെത്താന്‍ ഇത് സഹായിക്കുന്നു.

Unified Class ലഭിക്കാന്‍ സഹായിക്കുന്നു

സ്ലീപ്പര്‍, എസി 3 ടയര്‍, എസി 2 ടയര്‍, മറ്റ് ക്ലാസുകള്‍ എന്നിവിടങ്ങളിലെ സീറ്റ് ലഭ്യത ഇപ്പോള്‍ ഒറ്റ സ്‌ക്രീനില്‍ ലഭ്യമാകും.

പല ഭാഷകള്‍

എളുപ്പത്തില്‍ എല്ലാവര്‍ക്കും ഉപയോഗിക്കുന്നതിനായി വെബ്‌സൈറ്റ് ഇപ്പോള്‍ നിരവധി ഇന്ത്യന്‍ ഭാഷകളില്‍ ലഭ്യമാണ്. ഇത് കൂടുതല്‍ എളുപ്പത്തില്‍ സേവനങ്ങള്‍ ലഭ്യമാക്കാന്‍ സഹായിക്കും.

ഇളവുകള്‍

ദിവ്യാംഗര്‍, വിദ്യാര്‍ഥികള്‍, രോഗികള്‍ എന്നിവര്‍ക്കുള്ള ബുക്കിംഗ് ഒരു പ്ലാറ്റ്‌ഫോമിലേക്ക് ലളിതമാക്കിയിരിക്കുന്നു.

അത്യാവശ്യമായി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ഉണ്ടാകുന്ന സാധാരണ തടസങ്ങളായ പോപ്പ് അപ്പുകള്‍, മിന്നുന്ന ബാനറുകള്‍ എന്നിവയൊന്നും പുതിയ വെബ്‌സൈറ്റില്‍ ഉണ്ടാവില്ല എന്നതും പ്രധാന സവിശേഷിതകളാണ്.

ഇന്ത്യന്‍ റെയില്‍വേയുടെ ഡിജിറ്റല്‍ മാറ്റങ്ങളിലേക്കുള്ള പ്രധാന ചുവടുവയ്പ്പാണ് IRCTC യുടെ പുതിയ വെബ്‌സൈറ്റ്. കാലഹരണപ്പെട്ട ബുക്കിംഗ് സംവിധാനങ്ങളില്‍ നിരാശരായ പതിവ് യാത്രക്കാര്‍ക്ക് പുതിയ വെബ്‌സൈറ്റിന്റെ സൗകര്യങ്ങള്‍ സഹായകമാകും.

Content Highlights :The new railway website features speed, a clean interface, and the capacity to handle peak-hour traffic.

To advertise here,contact us