വിമാനയാത്രികർക്ക് സ്ഥിരം തലവേദന; 100ml നിയമം എന്താണെന്ന് അറിയാമോ?

വിമാനത്താവളങ്ങളിലെ അന്താരാഷ്ട്ര നിയമമായ 100ml നിയമത്തിന് പിന്നിലെ കഥ

വിമാനയാത്രകളില്‍ സുരക്ഷാ പരിശോധനയ്ക്കിടയില്‍ കയ്യിലുള്ള ഷാംപൂ, പെര്‍ഫ്യൂം അല്ലെങ്കില്‍ പ്രിയപ്പെട്ട ലോഷനുകൾ തുടങ്ങിയവ '100 മില്ലി ലിറ്ററില്‍' കൂടുതലാണെന്ന് പറഞ്ഞ് അധികൃതര്‍ വലിച്ചെറിയുന്നത് കണ്ട് വിഷമിച്ചിട്ടുള്ളവരാണോ നിങ്ങള്‍? ഇന്ന് വിമാനത്താവളങ്ങളില്‍ യാത്രക്കാര്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധികളില്‍ ഒന്നാണിത്.

വിമാനയാത്രയ്ക്ക് പുറപ്പെടുമ്പോള്‍ ഹാന്‍ഡ് ബാഗിൽ സൂക്ഷിച്ചിരിക്കുന്ന ദ്രാവകരൂപത്തിലുള്ള വസ്തുക്കളുടെ അളവ് 100 മില്ലി ലിറ്ററില്‍ കൂടാന്‍ പാടില്ല, ദ്രാവകങ്ങള്‍ സൂക്ഷിക്കുന്നത് Transparent പ്ലാസ്റ്റിക് കുപ്പികളില്‍ ആയിരിക്കണം തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ അന്താരാഷ്ട്ര തലത്തിലുള്ള നിയമമാണ്. എന്നാല്‍ ഈ നിയമം യാത്രക്കാര്‍ക്ക് പലപ്പോഴും തലവേദനയായി മാറാറും ഉണ്ട്. ചെറിയൊരു അശ്രദ്ധ കാരണം പലരുടെയും വിലകൂടിയ സൗന്ദര്യവര്‍ദ്ധക വസ്തുക്കളും മറ്റും സെക്യൂരിറ്റി ചെക്കിംഗില്‍ ഉപേക്ഷിക്കേണ്ടി വന്നിട്ടുമുണ്ട്.

ഇത്ര തലവേദന പിടിച്ച നിയമത്തിന് പിന്നിലെ കാരണം എന്തായിരിക്കും എന്ന് ചിന്തിച്ചിട്ടുണ്ടോ? ഈ നിയമത്തിന് പിന്നില്‍ ഞെട്ടിക്കുന്ന ഒരു ചരിത്രം ഉണ്ട്. രണ്ട് പതിറ്റാണ്ട് മുൻപ് നടന്ന ഒരു ഭീകരാക്രമണ ഗൂഢാലോചനയുടെ ചരിത്രം.

സംഭവം നടക്കുന്നത് 2006 ഓഗസ്റ്റിൽ. സ്ഥലം യുകെ. ലണ്ടനില്‍ നിന്നും അമേരിക്കയിലേക്ക് പറക്കാനിരുന്ന നിരവധി വിമാനങ്ങള്‍ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ ഒരു ഭീകരസംഘം ലണ്ടൻ വിമാനത്താവളത്തിൽ പ്രവേശിച്ചു.

ഇവരുടെ കൈയ്യിൽ ദൈനംദിന ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന സാധാരണ സോഫ്റ്റ് ഡ്രിങ്ക് കുപ്പികൾ ഉണ്ടായിരുന്നു. എന്നാൽ ഇവയിൽ നിറച്ചിരുന്നത് സോഫ്റ്റ് ഡ്രിങ്കുകൾ ആയിരുന്നില്ല മറിച്ച് ദ്രാവക സ്‌ഫോടകവസ്തുക്കള്‍ (Liquid Explosives) ആയിരുന്നു. വ്യത്യസ്ത തരം ദ്രാവകങ്ങള്‍ വിമാനത്തിനുള്ളില്‍ വെച്ച് പരസ്പരം കലര്‍ത്തി വലിയൊരു സ്‌ഫോടനം ഉണ്ടാക്കി വിമാനങ്ങള്‍ ആകാശത്തുവെച്ച് തകർക്കുകയായിരുന്നു പദ്ധതി.

ഭാഗ്യവശാല്‍, ഈ വലിയ ദുരന്തം സംഭവിക്കുന്നതിന് മുന്‍പ് തന്നെ യുകെയിലെ സുരക്ഷാ ഏജന്‍സികള്‍ ഈ ഗൂഢാലോചന കണ്ടെത്തുകയും പ്രതികളെ പിടികൂടുകയും ചെയ്തു. എങ്കിലും, ഈ സംഭവം വിമാന സുരക്ഷാ രംഗത്ത് വലിയൊരു ഭീതി പടര്‍ത്തി.

അടിയന്തര നിയമവും 100 മില്ലി ലിറ്ററും

വിമാനയാത്രയുടെ ചരിത്രം തന്നെ മാറ്റിയെഴുതിയ സംഭവമായിരുന്നു യുകെയിൽ അന്ന് നടന്നത്. ലിക്വിഡ് ബോംബുകളുടെ ഭീഷണി നേരിടാന്‍ വ്യോമയാന മന്ത്രാലയങ്ങള്‍ ഉടന്‍ തന്നെ പുതിയൊരു നിയമം കൊണ്ടുവന്നു. അതനുസരിച്ച്, യാത്രക്കാര്‍ക്ക് ഹാന്‍ഡ് ബാഗുകളില്‍ 100 മില്ലി ലിറ്ററോ അതില്‍ കുറവോ ഉള്ള കുപ്പികളില്‍ മാത്രമേ ദ്രാവകങ്ങള്‍ കൊണ്ടുപോകാന്‍ അനുവാദം നല്‍കിയുള്ളൂ. വളരെ ചെറിയ അളവിലുള്ള ദ്രാവകങ്ങള്‍ കൊണ്ട് വിമാനത്തിന് വലിയ രീതിയിലുള്ള നാശനഷ്ടങ്ങള്‍ വരുത്താന്‍ സാധിക്കില്ല എന്ന ശാസ്ത്രീയ വിലയിരുത്തലിൽ നിന്നുമാണ് 100ml എന്ന പരിധി നിശ്ചയിച്ചത്. ഒപ്പം ദ്രാവകങ്ങൾ സൂക്ഷിക്കുന്ന കുപ്പികള്‍ transparent ആയിരിക്കണം എന്നതും നിര്‍ബന്ധമാക്കി.

പുതിയ മാറ്റങ്ങളും ആശയക്കുഴപ്പങ്ങളും

സാങ്കേതിക വിദ്യയുടെ ഈ കാലത്ത്; രണ്ട് പതിറ്റാണ്ട് മുൻപ് നടന്ന സംഭവത്തിന്റെ പേരിൽ ഈ നിയമം ഇപ്പോഴും തുടരേണ്ടതുണ്ടോ എന്ന ചിന്ത ആയിരിക്കാം ഇപ്പോൾ നിങ്ങളുടെ മനസ്സിൽ ഉയരുന്നത്!

ശരിയാണ് കാലം മാറിയതോടെ വിമാനത്താവളങ്ങളിലെ സ്‌കാനിംഗ് സാങ്കേതികവിദ്യകളും വികസിച്ചു കഴിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ ലോകത്തിലെ ചില വിമാനത്താവളങ്ങളിൽ ഈ നിയമത്തിന് അയവ് വന്നിട്ടുണ്ട്. യുകെയിലെ ബര്‍മിംഗ്ഹാം, എഡിന്‍ബറോ തുടങ്ങിയ ചില വിമാനത്താവളങ്ങള്‍ അത്യാധുനിക സെക്യൂരിറ്റി സിസ്റ്റം ഇന്‍സ്റ്റാള്‍ ചെയ്തതോടെ, യാത്രക്കാര്‍ക്ക് ഇപ്പോള്‍ രണ്ട് ലിറ്റര്‍ വരെ ദ്രാവകങ്ങള്‍ ഹാന്‍ഡ് ബാഗില്‍ കൊണ്ടുപോകാന്‍ അനുമതി ഉണ്ട്. എന്നാൽ ഇപ്പോഴും ഇത് പൂർണ്ണമായും പ്രായോഗികമായിട്ടില്ല എന്നതാണ് സത്യം. കാരണം യൂറോപ്പിലേയും ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലെയും ഭൂരിഭാഗം വിമാനത്താവളങ്ങളും ഇപ്പോഴും പഴയ 100 മില്ലി ലിറ്റര്‍ നിയമം തന്നെയാണ് പിന്തുടരുന്നത്.

അതുകൊണ്ട്, അടുത്ത തവണ വിമാനയാത്രയ്ക്ക് ഒരുങ്ങുമ്പോള്‍ വിമാനത്താവളങ്ങളിലെ പരിശോധനയില്‍ സമയം നഷ്ടപ്പെടാതിരിക്കാനും നിങ്ങളുടെ പ്രിയപ്പെട്ട സാധനങ്ങള്‍ നഷ്ടപ്പെടാതിരിക്കാനും നിർദ്ദിഷ്ട transparent കുപ്പികളില്‍ മാത്രം ദ്രാവകങ്ങള്‍ കരുതുന്നതാണ് ബുദ്ധി.

Content Highlights: The '100ml rule' in flights was introduced just after the plot for terror attack in 2006 in UK.

To advertise here,contact us