വന്ദേഭാരത് - അമൃത് ഭാരത് സർവീസുകള് ആരംഭിച്ചതോടെ ഇന്ത്യൻ റെയിൽവേയുടെ മുഖം തന്നെ മാറിയിരിക്കുകയാണ്. റെയിൽവേ മന്ത്രാലയം ട്രെയിൻ യാത്രയുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും വലിയ മാറ്റങ്ങൾ നടപ്പാക്കാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഒരു വശത്ത് പരാതികള് ഇപ്പോഴും നിരവധിയുണ്ടെങ്കിലും മറുവശത്ത് മികച്ച ടെക്നോളജിയിലൂടെ യാത്രക്കാരുടെ സൗകര്യം വർധിപ്പിച്ചു എന്നതിനൊപ്പം യാത്രാസമയം ചുരുക്കി പെട്ടെന്ന് ലക്ഷ്യങ്ങളിലെത്താമെന്ന മേന്മയും ഇന്ത്യൻ റെയിൽവേ സ്വന്തമാക്കി.
ഇന്ത്യയിൽ നിലവിൽ എത്ര വന്ദേഭാരത ട്രെയിനുകൾ സർവീസ് നടത്തുണ്ടെന്ന് അറിയാമോ? 164 വന്ദേ ഭാരത് സർവീസുകളാണ് ഇപ്പോഴുള്ളത്. അതായത് ഇരുവശത്തേക്കുമായി 82 ട്രെയിനുകൾ കുതിച്ചുപായുന്നുണ്ട്. ഈ വന്ദേഭാരതുകളിലെല്ലാം മികച്ച അത്യാധുനിക ഫീച്ചറുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. KAVACH സംരക്ഷമാണ് അതിൽ പ്രധാനപ്പെട്ടത്. ജെർക്ക് ഫ്രീ സെമി - പെർമനന്റ് കപ്പളേഴ്സ്, കോച്ചുകളിലെ സിസിടിവി, എമർജൻസി അലാം പുഷ് ബട്ടനുകൾ, ഓരോ കോച്ചിലും ടോക്ക് ബാക്ക് യൂണിറ്റുകൾ എന്നിവയെല്ലാം വന്ദേഭാരതിലുൾപ്പെടും.
മംഗളുരു - തിരുവനന്തപുരം വന്ദേഭാരത്(20631/20632), കാസര്ഗോഡ് - തിരുവനന്തപുരം സെന്ട്രല്(20633/20634), ബെംഗളുരു - എറണാകുളം (26651/26652) എന്നിവയാണ് കേരളത്തില് സര്വീസ് നടത്തുന്ന വന്ദേഭാരത് ട്രെയിനുകള്.
മുഴുവനും നോൺ എസിയായ ആധുനിക ട്രെയിനുകളും ഇന്ത്യൻ റെയിൽവേ യാത്രികർക്കായി സജ്ജമാക്കിയിട്ടുണ്ട്. നിലവിൽ മുപ്പത് അമൃത് ഭാരത് സർവീസുകളാണ് നടക്കുന്നത്. ഓരോ ദിശകളിലുമായി 15 ട്രെയിനുകളാണ് ഓടുന്നത്. പതിനൊന്ന് ജനറൽ കോച്ചുകൾ, എട്ട് സ്ലീപ്പർ ക്ലാസ് കോച്ചുകൾ, ഒരു പാൻട്രി കാർ, രണ്ട് ലഗേജ് കം ദിവ്യാംഗൻ കോച്ചുകളും ഇതിൽ ഉൾപ്പെടും.
അതേസമയം മുംബൈയുടെ എസി ലോക്കല് ശൃംഖലയുമായി ബന്ധപ്പെട്ട് വമ്പന് പദ്ധതികള് ആവിഷ്കരിച്ചിരിക്കുകയാണ് ഇന്ത്യന് റെയില്വേ. മുംബൈ അര്ബന് ട്രാന്സ്പോര്ട്ട് പദ്ധതിയുടെ ഫേസ്3, ഫേസ് 3A എന്നിവയുടെ കീഴില് പുതിയ 238 എസി ലോക്കല് ട്രെയിനുകള് വാങ്ങാനുള്ള അനുമതിയാണ് ലഭിച്ചിരിക്കുന്നത്. മുംബൈയുടെ തിരക്കുനിറഞ്ഞ സബര്ബന് യാത്രയിലെ തിരക്കുകള് പരിഗണിച്ച് പ്രത്യേകമായി രൂപകല്പന ചെയ്ത ട്രെയിനുകളായിരിക്കും ഇവ. ഒരു കമ്പാര്ട്ട്മെന്റില് നിന്നും അടുത്തതിലേക്ക് യാത്രക്കാര്ക്ക് സഞ്ചരിക്കാന് കഴിയുന്ന വെസ്റ്റിബ്യൂള് കോച്ചുകളാണ് പ്രധാന പ്രത്യേകത.
മൃദുവായ സീറ്റുകള്, ഡിജിറ്റല് റൂട്ട് ഡിസ്പ്ലേ, ഫാസ്റ്റര് ആക്സിലറേഷന് എന്നിങ്ങനെ നിരവധി കാര്യങ്ങളാണ് റെയില്വേ യാത്രക്കാര്ക്ക് ഓഫര് ചെയ്യുന്നത്. എസി ലോക്കല് ട്രെയിനുകളുടെ ഡിമാന്ഡ് വര്ധിച്ചതോടെയാണ് കൂടുതല് ട്രെയിനുകള്ക്ക് അനുമതി നല്കിയിരിക്കുന്നത്. ലോക്കല് ട്രെയിനുകളെ നവീകരിക്കുന്ന നടപടികളുമായി മുന്നോട്ടു പോവുകയാണ് ഇന്ത്യന് റെയില്വേ. ഓരോ ഘട്ടങ്ങളായാകും ഈ ട്രെയിനുകള് സര്വീസ് ആരംഭിക്കുക.
Content Highlights: List of Vande Bharat and Amrit Bharat in Railway fleet