ടിക്കറ്റ് നിരക്കിൽ പിടിച്ചുപറി വേണ്ട,കൂടുതല്‍ വിമാനങ്ങള്‍ വേണം; ദീപാവലി പ്രമാണിച്ച് വിമാനകമ്പനികൾക്ക് നിർദേശം

ഉത്സവകാലങ്ങളിൽ യാത്രക്കാര്‍ നേരിടുന്ന പ്രധാന പ്രശ്‌നങ്ങളാണ് ഉയര്‍ന്ന വിമാന ടിക്കറ്റ് നിരക്കുകളും മതിയായ സര്‍വീസുകളുടെ കുറവും, ഇത് പരിഹരിക്കാനാണ് പുതിയ നിർദ്ദേശം

വ്യോമയാന മേഖലയിലെ ഏറ്റവും തിരക്കേറിയ സമയങ്ങളില്‍ ഒന്നാണ് ദീപാവലി. ഒരേസമയം ഇന്ത്യയിലേക്ക് എത്തുന്നവരിലും ഇന്ത്യയ്ക്കുള്ളില്‍ തന്നെ യാത്ര ചെയ്യുന്നവരുടെ എണ്ണത്തിലും വന്‍ കുതിപ്പാണ് ഈ സമയത്ത് അനുഭവപ്പെടുന്നത്. ഈ സമയങ്ങളില്‍ യാത്രക്കാര്‍ നേരിടുന്ന പ്രധാന പ്രശ്‌നങ്ങളാണ് ഉയര്‍ന്ന വിമാന ടിക്കറ്റ് നിരക്കുകളും മതിയായ സര്‍വീസുകളുടെ കുറവും. ടിക്കറ്റുകളിലുണ്ടാവുന്ന കുത്തനെയുള്ള നിരക്കുകള്‍ യാത്രക്കാരെ സാമ്പത്തിക ചൂഷണത്തിലേക്ക് തള്ളിവിടുന്നു. ഈ യാത്രാ ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ പുതിയ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുകയാണ്.

ഡൊമസ്റ്റിക് എയര്‍ലൈനുകള്‍ ഫ്‌ലൈറ്റുകളുടെ കപ്പാസിറ്റി വര്‍ദ്ധിപ്പിക്കണമെന്നും ന്യായമായ ടിക്കറ്റ് നിരക്ക് പാലിക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. ഉത്സവകാലത്ത് വിമാന ടിക്കറ്റ് നിരക്ക് വര്‍ദ്ധനവ് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കില്ലായെന്ന് ഉറപ്പ് വരുത്തണം. ഇതിനായി വിമാന കമ്പനികളുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. ഡിജിസിഎ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഇതിന്റെ ഭാഗമായി നവംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ നൂറുകണക്കിന് അധിക വിമാനങ്ങള്‍ വിന്യസിപ്പിക്കുമെന്ന് വിവിധ വിമാന കമ്പനികള്‍ പ്രഖ്യാപിച്ചു. ഇവയ്ക്ക് മേല്‍ ശക്തമായ നിരീക്ഷണമുണ്ടാവുമെന്നും ഡിജിസിഎ അറിയിച്ചു.

ദീപാവലി, ക്രിസ്മസ്, വേനല്‍ അവധിക്കാലം എന്നീ ഉയര്‍ന്ന യാത്രാ തിരക്ക് അനുഭവപ്പെടുന്ന സമയങ്ങളിലെ കഴിഞ്ഞ വര്‍ഷത്തെ ടിക്കറ്റ് നിരക്കുകള്‍ പരിശോധിച്ചാണ് പുതിയ നടപടി. ഇന്ത്യയുടെ ഓപ്പണ്‍ സ്‌കൈ നയ പ്രകാരം വിമാന കമ്പനികള്‍ക്ക് യാത്രാനിരക്ക് സ്വതന്ത്രമായി തീരുമാനിക്കാമെങ്കിലും നിരക്കുകളിലെ വലിയ ഏറ്റക്കുറച്ചിലുകള്‍ക്ക് മേല്‍ നടപടിയെടുക്കാന്‍ സര്‍ക്കാരിന് അവകാശമുണ്ട്. ഇത് പ്രകാരമാണ് പുതിയ നിര്‍ദ്ദേശങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.

ഈ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍, വിമാന കമ്പനിയായ ഇന്‍ഡിഗോ 42 സെക്ടറുകളിലായി 730 ഓളം അധിക സര്‍വീസുകള്‍ ആരംഭിക്കും. എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും ചേര്‍ന്ന് 20 റൂട്ടുകളിലായി 486 വിമാന സര്‍വീസുകള്‍ അവതരിപ്പിക്കും. കൂടുതല്‍ വിമാനകമ്പനികള്‍ അധിക സര്‍വീസുകള്‍ ആരംഭിച്ചേക്കാം.

Content Highlights- No need to hike ticket prices, more flights needed; Instructions to airlines ahead of Diwali

To advertise here,contact us