ബന്ധം അവസാനിച്ചു. പക്ഷേ ഇന്‍സ്റ്റഗ്രാമില്‍ ആ വ്യക്തിയെ തിരഞ്ഞുള്ള പരിശോധനയ്ക്ക് മാത്രം അവസാനമില്ല. അവര്‍ പങ്കുവയ്ക്കുന്ന പുതിയ ചിത്രങ്ങള്‍, സ്റ്റോറികള്‍, ആരുടെയൊക്കെ കൂടെയാണ് ഇപ്പോള്‍ സൗഹൃദം ആസ്വദിക്കുന്നത് എന്നെല്ലാം അറിയാനുളള ആകാംക്ഷ… എന്തുകൊണ്ടാണ് പലര്‍ക്കും ഈ ശീലം ഉപേക്ഷിക്കാന്‍ കഴിയാത്തത്?
ഒരു കൂട്ട് അവസാനിച്ചാല്‍ ആ വ്യക്തിയുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കാന്‍ കഴിയുമോ?. നേരിട്ടുള്ള സംസാരവും കൂടിക്കാഴ്ചയുമൊക്കെ നിലച്ചാലും സോഷ്യല്‍ മീഡിയയില്‍ ആ വ്യക്തിയുടെ ജീവിതം പിന്തുടരുന്നവര് നിരവധിയാണ്. പുതിയ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തോ, ആരുടെ കൂടെയാണ് സമയം ചെലവഴിക്കുന്നത്, പുതിയൊരു ബന്ധത്തിലാണോ, ബ്രേക്കപ്പിന് ശേഷം സന്തോഷത്തോടെ ജീവിക്കുകയാണോ…അങ്ങനെ ചോദ്യങ്ങള്‍ പലതാണ്.
ഒരിക്കല്‍ പ്രണയിച്ചിരുന്ന വ്യക്തിയുടെ പ്രൊഫൈല്‍ ഇടയ്ക്കിടെ തുറന്നുനോക്കുന്നത് ചിലര്‍ക്ക് കൗതുകം മാത്രമായിരിക്കാം. എന്നാല്‍ മറ്റുചിലര്‍ക്ക് അത് ഒഴിവാക്കാന്‍ ആഗ്രഹിച്ചിട്ടും മാറ്റാന്‍ കഴിയാത്ത ശീലമായി മാറുന്നു. പരിശോധിച്ചുകഴിഞ്ഞാല്‍ വിഷമം കൂടുമെന്നറിയാം. എന്നിട്ടും അടുത്ത ദിവസം വീണ്ടും അതേ പ്രൊഫൈല്‍ പരിശോധിക്കും. എന്തുകൊണ്ടാണ് ഇങ്ങനെ?. ഈ ശീലം മാറ്റാന്‍ എന്തുചെയ്യണം?. ഹിന്ദുസ്ഥാന്‍ ടൈംസില്‍ പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ടില്‍ ബെംഗളൂരുവിലെ Maarga Mind Careലെ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് സുഹാസ് കെ ഇതിന് പിന്നിലെ കാരണങ്ങളും, ശീലം മാറ്റാനുള്ള വഴികളെക്കുറുച്ചും വിശദീകരിക്കുന്നുണ്ട്.
മനസ്സില്‍ ബാക്കിയായ ചോദ്യങ്ങള്‍
ബന്ധം അവസാനിച്ചെങ്കിലും അതുമായി ബന്ധപ്പെട്ട പല ചോദ്യങ്ങള്‍ക്കും ഉത്തരം ലഭിച്ചിട്ടുണ്ടാകില്ല. ആ വ്യക്തി തന്നെ സ്നേഹിച്ചിരുന്നോ, വേര്‍പിരിഞ്ഞതില്‍ വിഷമമുണ്ടോ, ഇപ്പോഴും ഓര്‍ക്കുന്നുണ്ടോ തുടങ്ങിയ ചിന്തകള്‍ മനസ്സില്‍ ബാക്കിയായേക്കാം. ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനായി സോഷ്യല്‍ മീഡിയയിലെ ചിത്രങ്ങളും സ്റ്റോറികളും പരിശോധിക്കുന്നവരുണ്ട്.
നമ്മളെക്കാള്‍ സന്തോഷത്തിലാണോ അവര്‍?
ബ്രേക്കപ്പിന് ശേഷം മുന്‍പങ്കാളി സന്തോഷത്തോടെ ജീവിക്കുന്ന ചിത്രങ്ങള്‍ കാണുമ്പോള്‍ ചിലര്‍ക്കെങ്കിലും താരതമ്യം ചെയ്യാനുള്ള പ്രവണതയുണ്ടാകാം. ഞാന്‍ ഇപ്പോഴും ഈ വിഷമത്തില്‍ നിന്ന് പുറത്തുകടന്നിട്ടില്ല, എന്നിട്ടും അവര്‍ സന്തോഷത്തിലാണല്ലോ എന്ന ചിന്ത വിഷമവും അസൂയയും വര്‍ധിപ്പിച്ചേക്കാം.
സോഷ്യല്‍ മീഡിയയിലെ ഓര്മപ്പെടുത്തലുകള്
മ്യൂച്വല്‍ ഫ്രണ്ടസിന്റെ സ്റ്റോറികള്‍, പഴയ ചിത്രങ്ങള്‍, എന്നിവയിലൂടെ മുന്‍പങ്കാളിയെ വീണ്ടും വീണ്ടും കാണേണ്ടിവരാം. ഒരിക്കല്‍ കാണുന്ന ചിത്രം പോലും പഴയ ഓര്‍മകളിലേക്ക് മനസ്സിനെ കൊണ്ടുപോയേക്കാം. അങ്ങനെ പ്രൊഫൈല്‍ പരിശോധിക്കാനുള്ള ആഗ്രഹം വീണ്ടും ഉണ്ടാകുന്നു.
അറിയാതിരുന്നാല്‍ എന്തെങ്കിലും നഷ്ടപ്പെടുന്നുണ്ടോ എന്ന പേടി
മുന്‍പങ്കാളിയുടെ ജീവിതത്തില്‍ എന്താണ് നടക്കുന്നതെന്ന് അറിയാതിരുന്നാല്‍ എന്തോ പ്രധാനപ്പെട്ട കാര്യം നഷ്ടപ്പെടുന്നതുപോലെ തോന്നാം. പുതിയ ബന്ധമുണ്ടായോ, ജീവിതത്തില്‍ എന്തെങ്കിലും മാറ്റമുണ്ടായോ എന്നറിയാനുള്ള ആകാംക്ഷയും പ്രൊഫൈല്‍ പരിശോധിക്കാന്‍ പ്രേരിപ്പിക്കാം.
പരിശോധന പതിവാകുമ്പോള്‍
തനിച്ചിരിക്കുമ്പോഴോ ബോറടിക്കുമ്പോഴോ വിഷമം തോന്നുമ്പോഴോ ഫോണ്‍ എടുത്ത് മുന്‍പങ്കാളിയുടെ പ്രൊഫൈല്‍ പരിശോധിക്കുന്നത് പതിവായേക്കാം. പിന്നീട് പ്രത്യേകിച്ച് ഒരു കാരണമില്ലാതെയും ആ പ്രൊഫൈലിലേക്ക് പോകുകയും ആ വ്യക്തിയുടെ പേര് തിരയുകയും ചെയ്യും. എന്നാല്‍ മുന്‍പങ്കാളിയുടെ പ്രൊഫൈല്‍ നോക്കുന്നു എന്നതുകൊണ്ട് ആ വ്യക്തിയിലേക്ക് തിരിച്ചുപോകാന്‍ ആഗ്രഹിക്കുന്നു എന്നര്‍ഥമില്ല. കൗതുകം, പഴയ ഓര്‍മകള്‍, വൈകാരികമായ അടുപ്പം, പിരിയാനുണ്ടായ വ്യക്തമായ കാരണം എന്തെന്നറിയാനുള്ള ആഗ്രഹം ഇവയൊക്കെ ഇതിന് പിന്നിലുണ്ടാകാം.
എന്താണ് നിങ്ങളെ വീണ്ടും അവിടേക്ക് എത്തിക്കുന്നത്?
ആദ്യം സ്വയം ഒരു ചോദ്യം ചോദിക്കുക. എപ്പോഴാണ് മുന്‍പങ്കാളിയുടെ പ്രൊഫൈല്‍ നോക്കാന്‍ തോന്നുന്നത്? ഒറ്റയ്ക്കിരിക്കുമ്പോഴാണോ, വിഷമം വരുമ്പോഴാണോ, ഏതെങ്കിലും മ്യൂച്വല്‍ ഫ്രണ്ടിന്റെ സ്റ്റോറി കാണുമ്പോഴാണോ?.കാരണം തിരിച്ചറിഞ്ഞാല്‍ അതിന് പകരം ചെയ്യാവുന്ന കാര്യങ്ങള്‍ കണ്ടെത്താം. ഉദാഹരണത്തിന് ഒറ്റയ്ക്കിരിക്കുമ്പോഴാണ് ഈ ശീലം കൂടുതലെങ്കില്‍ മറ്റ് സുഹൃത്തുക്കളുമായി സംസാരിക്കുകയോ ഇഷ്ടമുള്ള ഏതെങ്കിലും കാര്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയോ ചെയ്യാം.
പ്രൊഫൈലിലേക്കുള്ള എളുപ്പവഴികള്‍ അടയ്ക്കാം
ആ വ്യക്തിയുടെ പോസ്റ്റുകളും സ്റ്റോറികളും നിരന്തരം കാണുന്നത് വിഷമമുണ്ടാക്കുന്നുണ്ടെങ്കില്‍ മ്യൂട്ട് ചെയ്യുകയോ അണ്‍ഫോളോ ചെയ്യുകയോ ചെയ്യാം. ആവശ്യമെങ്കില്‍ ബ്ലോക്ക് ചെയ്യുന്നതും പരിഗണിക്കാം. പഴയ ചാറ്റുകള്‍ ആര്‍ക്കൈവ് ചെയ്യുകയും പ്രൊഫൈല്‍ എളുപ്പത്തില്‍ തുറക്കാന്‍ സഹായിക്കുന്ന വഴികള്‍ ഒഴിവാക്കുകയും ചെയ്യാം. ഇത് ആരോടെങ്കിലുമുള്ള പകയോ വിദ്വേഷമോ കൊണ്ടല്ല. മനസ്സിന് സമാധാനം നല്‍കാനുള്ള ഒരു മാര്‍ഗമായി കണ്ടാല്‍ മതി.
തോന്നിയാല്‍ അപ്പോള്‍ത്തന്നെ ചെയ്യരുത്
പ്രൊഫൈല്‍ നോക്കണമെന്ന് തോന്നിയാല്‍ ഉടന്‍ അത് ചെയ്യരുത്. 10-15 മിനിറ്റ് കാത്തിരിക്കാം. ഈ സമയം അല്‍പ്പം നടക്കുകയോ പാട്ടുകേള്‍ക്കുകയോ സുഹൃത്തിനോട് സംസാരിക്കുകയോ ചെയ്യാം. അതായത് ആഗ്രഹം തോന്നുന്ന ഓരോ തവണയും അതനുസരിച്ച് പ്രവര്‍ത്തിക്കണമെന്നില്ല എന്ന് മനസ്സിനെ പരിശീലിപ്പിക്കുകയാണ് ഇവിടെ ചെയ്യുന്നത്.
സോഷ്യല്‍ മീഡിയയിലെ ചിത്രങ്ങളല്ല ജീവിതം
മുന്‍പങ്കാളി യാത്രകള്‍ നടത്തുന്നതും സുഹൃത്തുക്കള്‍ക്കൊപ്പം സന്തോഷത്തോടെ കഴിയുന്നതും പുതിയ ചിത്രങ്ങള്‍ പങ്കുവയ്ക്കുന്നതുമൊക്കെ കാണുമ്പോള്‍ അവരുടെ ജീവിതം പൂര്‍ണമായും സന്തോഷകരമാണെന്ന് കരുതരുത്. അതുപോലെ അവര്‍ വിഷമത്തിലാണെന്ന് തെളിയിക്കുന്ന എന്തെങ്കിലും സൂചനകള്‍ക്കായി തിരയുന്നതും നിങ്ങളെ കൂടുതല്‍ പ്രശ്നങ്ങിേക്ക് നയിച്ചേക്കാം. സോഷ്യല്‍ മീഡിയയില്‍ ആളുകള്‍ പങ്കുവയ്ക്കുന്നത് അവരുടെ ജീവിതത്തിന്റെ തിരഞ്ഞെടുത്ത വിലയോ അളക്കാനാവില്ല.
ഈ ശീലം നിങ്ങളെ എങ്ങനെയാണ് ബാധിക്കുന്നതെന്ന് ശ്രദ്ധിക്കുക. പ്രൊഫൈല്‍ പരിശോധിച്ചശേഷം സമാധാനം ലഭിക്കുന്നുണ്ടോ, അതോ കൂടുതല്‍ വിഷമവും അസൂയയും ഉത്കണ്ഠയുമാണോ ഉണ്ടാകുന്നത്?.ഉറക്കത്തെ ബാധിക്കുക, ജോലിയില്‍ ശ്രദ്ധിക്കാന്‍ കഴിയാതിരിക്കുക, ചിന്തകളില്‍ തുടര്‍ച്ചയായി കുടുങ്ങിക്കിടക്കുക തുടങ്ങിയ പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ ഈ ശീലം കുറയ്ക്കാന്‍ കൂടുതല്‍ ശ്രദ്ധ നല്‍കണം. ആവശ്യമായാല്‍ ഒരു മാനസികാരോഗ്യ വിദഗ്ധന്റെ സഹായവും തേടാം. ഒരു ബന്ധം അവസാനിച്ചതോടെ അതുമായി ബന്ധപ്പെട്ട ഓര്‍മകള്‍ ഉടന്‍ മായണമെന്നില്ല. പഴയ വ്യക്തിയെ ഓര്‍ക്കുന്നതും ചിലപ്പോള്‍ അവരുടെ വിശേഷങ്ങള്‍ അറിയാന്‍ തോന്നുന്നതും സ്വാഭാവികമാണ്. എന്നാല്‍ ആ കൗതുകം നിങ്ങളുടെ സമാധാനത്തെയും ദൈനംദിന ജീവിതത്തെയും ബാധിക്കുന്നുണ്ടെങ്കില്‍ അതിന് പരിധി നിശ്ചയിക്കേണ്ടതുണ്ട്.
Content Highlights :Do you have a habit of checking your ex-partner's social media accounts even after the relationship has ended? Why do you feel the urge to do this? How can you break this habit?