സ്വര്‍ണംകൊണ്ട് നെയ്ത വിവാഹസാരി,ആഡംബര ബംഗ്ലാവ്; ഐശ്വര്യ റായിക്ക് 900 കോടി രൂപയുടെ ആസ്തി

എങ്ങനെയാണ് ഐശ്വര്യറായ് ബച്ചന് 900 കോടി രൂപയുടെ ആസ്തി ഉണ്ടായത്

രാജ്യത്തെ ഏറ്റവും ധനികയായ നടിമാരുടെ പട്ടികയില്‍ മുന്‍പില്‍ നില്‍ക്കുന്ന നടിയാണ് ഐശ്വര്യറായ് ബച്ചന്‍. ഐശ്വര്യ സ്വന്തമാക്കിയിരിക്കുന്ന വിലപിടിപ്പുളള വസ്തുക്കളുടെ പട്ടിക കേട്ടാല്‍ ആശ്ചര്യപ്പെട്ടുപോകും. ദി ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസിന്റെ റിപ്പോര്‍ട്ട് പ്രകാരം ബോക്‌സ് ഓഫീസ് ചിത്രങ്ങള്‍ മാത്രമല്ല സ്ഥിരവും ബ്രാന്‍ഡ് നിയന്ത്രിതവുമായ വരുമാനവുമാണ് വര്‍ഷങ്ങളായി ഐശ്വര്യയുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് കാരണം.

ജുഹുവിലെ ഐക്കണിക് ജല്‍സ ബംഗ്ലാവ്

മുംബയിലെ ജുഹുവില്‍ സ്ഥിതിചെയ്യുന്ന ബച്ചന്‍ കുടുംബത്തിന്റെ ബംഗ്ലാവ് വെറുമൊരു വീടല്ല. പൈതൃകത്തിന്റെയും തുടര്‍ച്ചയുടെയും പര്യായവുംകൂടിയാണ്. സ്വത്ത് ബച്ചന്‍ കുടുംബത്തിന്റേതാണെങ്കിലും ഐശ്വര്യയുടെ ഏറ്റവും മൂല്യവത്തായ വസതികളിലൊന്നായി ഈ ബംഗ്ലാവും ഉണ്ട്. 100 കോടി രൂപയാണ് ഈ ബംഗ്ലാവിനെന്ന് പറയുന്നുണ്ട് എങ്കിലും ഇതിന്റെ കൃത്യമായ മൂല്യം കുടുംബം സ്വകാര്യമയായി സൂക്ഷിച്ചിരിക്കുകയാണ്.

21 കോടി രൂപയുടെ 5 കിടപ്പുമുറികളുള്ള ബംഗ്ലാവ്

2015 ലാണ് ബാന്ദ്രയില്‍ ഏകദേശം 5,500 ചതുരശ്രഅടി വിസ്തൃതിയുള്ള അഞ്ച് കിടപ്പുമുറികളുള്ള ഒരു വിശാലമായ ബംഗ്ലാവ് ഐശ്വര്യ വാങ്ങിയത്. ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസിന്റെയും എന്‍ഡിടിവിയുടെയും റിപ്പോര്‍ട്ട് അനുസരിച്ച് 21 കോടി രൂപയ്ക്കാണ് അവര്‍ ഈ വീട് സ്വന്തമാക്കിയത്. ഐശ്വര്യയുടെ ഇഷ്ടങ്ങളെ പ്രതിഫലിപ്പിക്കുന്ന പ്രീമിയം ഇന്റീരിയറുകളും സ്വകാര്യതയ്ക്ക് പ്രാധാന്യം നല്‍കുന്ന രൂപകല്‍പ്പനയും ചേര്‍ന്നതാണ് ഈ വീട്.

ദുബായിലെ ആഡംബര വില്ല

മുംബൈയുടെ പ്രൗഡിയിലില്‍നിന്ന് മാറി ദുബായിലെ ജുമൈറ ഗോള്‍ഫ് എസ്റ്റേറ്റിലെ സാങ്ച്വറി ഫാള്‍സില്‍ ഐശ്വര്യക്ക് ഒരു വില്ലയുണ്ട്. ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ഈ സ്വത്തിന് 15 കോടി രൂപ വിലവരും. ഇവിടെ ഒരു സ്വകാര്യ നീന്തല്‍ കുളം, ഒരു ഇന്‍ ഹൗസ് ജിം, മനോഹരമായ അടുക്കള എന്നിവയെല്ലാം ഉണ്ട്.

വിലപിടിപ്പുളള കാര്‍ ശേഖരം

വളരെയധികം വിലപിടിപ്പുള്ള കാര്‍ശേഖരം തന്നെ ഐശ്വര്യക്ക് ഉണ്ട്. 6.95 കോടി രൂപ വിലമതിക്കുന്ന റോള്‍സ് റോയ്‌സ് ഗോസ്റ്റ്, 1.34 കോടി രൂപ വിലവരുന്ന ഓഡി A8L, 1.98 കോടി രൂപയോളം വിലവരുന്ന ഒരു മേഴ്‌സിഡസ് ബന്‍സ് S500, 1.60 കോടിരൂപയുടെ മേഴ്‌സിഡസ് ബെന്‍സ് S35od കൂപ്പെ, 2.84 കോടി രൂപ വിലവരുന്ന ഒരു ലെക്‌സ് LX570 എന്നിവയെല്ലാം കാര്‍ ശേഖരത്തില്‍ ഉള്‍പ്പെടുന്നു.

ഡിയോര്‍ സ്ലിംഗ് ബാഗ്

ഫാഷന്‍ പിന്തുടരുന്നതില്‍ ഐശ്വര്യറായെ കടത്തിവെട്ടാന്‍ ആരുമില്ല .അക്കാര്യത്തില്‍ വളരെ അപ്‌ഡേറ്റഡായ ഒരാളാണ് ഐശ്വര്യ. അടുത്തിടെയാണ് ഐശ്വര്യയുടെ 2.2 ലക്ഷം രൂപ വില വരുന്ന ഐശ്വര്യയുടെ ബാഗ് വാര്‍ത്തകളില്‍ ഇടംപിടിച്ചത്.

സ്വര്‍ണംകൊണ്ട് നെയ്ത വിവാഹ സാരി

ഐശ്വര്യയുടെ ജീവിതത്തില്‍ ഏറ്റവും വിലപ്പെട്ട സ്വത്ത് അവരുടെ വിവാഹ സാരിതന്നെ. നീത ലുല്ല ഡിസൈന്‍ ചെയ്ത ഈ സാരി സ്വര്‍ണം കൊണ്ട് നെയ്‌തെടുത്തതാണ്. 75 ലക്ഷത്തോളം രൂപ വിലവരുന്നതാണ് ഈ സാരി. ഒരു ഇന്ത്യന്‍ സെലിബ്രിറ്റി ധരിക്കുന്ന ഏറ്റവും വിലയേറിയ വിവാഹ സാരികളില്‍ ഒന്നാണ് ഐശ്വര്യയുടേത്. ഐശ്വര്യയുടെ സമ്പത്ത് ആഡംബരത്തില്‍ മാത്രം ഒതുങ്ങുന്നതല്ല. ഇക്കണോമിക് ടൈംസിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് 2021 ല്‍ ഒരു ഹെല്‍ത്ത് കെയര്‍ കമ്പനിയില്‍ അവര്‍ 5 ലക്ഷം രൂപ നിക്ഷേപിച്ചിരുന്നു. മുന്‍പ് ബംഗളൂരു ആസ്ഥാനമായ എയര്‍ ക്വാളിറ്റി സ്റ്റാര്‍ട്ടപ്പില്‍ ഐശ്വര്യയും അമ്മ വൃന്ദ റായിയും ഒരുകോടി രൂപ നിക്ഷേപിച്ചിരുന്നു.

Content Highlights : Aishwarya Rai Bachchan has assets of Rs 900 crore.

To advertise here,contact us