ചില പങ്കാളികള്‍ തമ്മിലുള്ള ബന്ധങ്ങള്‍ക്കിടയിലുണ്ട് 'പോക്കറ്റിംഗ്' ; സംഗതി അല്‍പ്പം ഡെയ്ഞ്ചര്‍ ആണ്

റിലേഷന്‍ഷിപ്പിലെ പോക്കറ്റിംഗ് എന്ന പദം എന്തിനെയാണ് സൂചിപ്പിക്കുന്നതെന്നറിയാം

ഒരാളുടെ കഴിഞ്ഞ കാലവും ഇപ്പോഴുളള ജീവിതത്തെക്കുറിച്ചും അറിയണമെങ്കില്‍ അയാളുടെ സോഷ്യല്‍ മീഡിയ പ്രൊഫൈലില്‍ ഒന്ന് കയറി നോക്കിയാല്‍ മതിയെന്ന് പൊതുവിൽ പറയാറുണ്ട്. കുടുംബം, സുഹൃത്തുക്കള്‍ റിലേഷന്‍ഷിപ്പ് അടക്കം അയാളെക്കുറിച്ചുള്ള ഏകദേശ കാര്യങ്ങളെക്കുറിച്ച് ഐഡിയ ഉണ്ടാക്കാനാകും. എന്നാല്‍ നിങ്ങളുടെ പങ്കാളി നിങ്ങളെ മറ്റുള്ളവരില്‍ നിന്ന് മറച്ചുവയ്ക്കുന്ന ആളാണോ. വര്‍ഷങ്ങളായി റിലേഷന്‍ഷിപ്പില്‍ തുടര്‍ന്നിട്ടും ഇപ്പോഴും അവരുടെ സുഹൃത്തുക്കളെ പരിചയപ്പെടുകയോ അവരുടെ ബന്ധുക്കളെ പരിചയപ്പെടുകയോ ചെയ്തിട്ടില്ലേ? അവരുടെ സോഷ്യല്‍ മീഡിയ പേജില്‍ പോലും നിങ്ങളെ ബ്ലോക്ക് ചെയ്തിട്ടുണ്ടോ? ആധുനിക ഡേറ്റിംഗിലെ ഈ രീതിയാണ് 'പോക്കറ്റിംഗ്'. ഈ മറച്ചുവയ്ക്കലിന് പിന്നില്‍ രണ്ട് കാരണങ്ങളുണ്ട്.

എന്താണ് പോക്കറ്റിംഗ്

ഒരു വ്യക്തി അയാളുടെ പങ്കാളിയെ തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട ആളുകളില്‍ നിന്ന് അതായത് കുടുംബം, സുഹൃത്തുക്കള്‍, അതുമല്ലെങ്കില്‍ സോഷ്യല്‍മീഡിയയില്‍ നിന്നുപോലും മനപ്പൂര്‍വ്വം മറച്ചുവയ്ക്കുന്നതാണ് പോക്കറ്റിംഗ്. പക്ഷേ നിങ്ങളുടെ പങ്കാളിക്ക് ആ ബന്ധത്തില്‍ ആത്മാര്‍ഥത ഇല്ലെന്നോ, പ്രണയമില്ലെന്നോ ഇതിന് അര്‍ഥമില്ല. പങ്കാളികളില്‍ ഒരാള്‍ ബന്ധം പരസ്യമായി അംഗീകരിക്കാന്‍ താല്‍പര്യം കാണിക്കുന്നില്ല എന്നാണ് അതിനര്‍ഥം. പക്ഷേ ഈ പ്രവര്‍ത്തി പാര്‍ട്ട്ണര്‍ക്ക് ബന്ധത്തിലുള്ള അസ്ഥിരതയായോ താന്‍ അവഗണിക്കപ്പെടുന്നതായോ ആത്മാര്‍ഥതയില്ലായ്മയായോ ഒക്കെ തെറ്റിദ്ധരിക്കപ്പെട്ടേക്കാം. ഇക്കാര്യം നിങ്ങളെ വേദനിപ്പിക്കുകയും അതേപ്പറ്റി പങ്കാളിയോട് ചോദിക്കുമ്പോള്‍ 'എനിക്ക് എന്റെ സ്വകാര്യത പ്രധാനമാണ്. സ്വകാര്യതയിലേക്ക് ജീവിതം കൂട്ടിക്കലര്‍ത്താന്‍ ഇഷ്ടടുന്നില്ല:'എന്ന മറുപടിയായിരിക്കും ലഭിക്കുന്നത്. സ്വകാര്യത പ്രധാനപ്പെട്ടതാണെങ്കിലും ഈ സ്വഭാവം അത്രകണ്ട് നല്ലതല്ല.

ആളുകള്‍ എന്തിനായിരിക്കും പോക്കറ്റിംഗ് ചെയ്യുന്നത്

1 അവരുടെ മുന്നില്‍ മറ്റ് ഓപ്ഷനുകള്‍ ഉള്ളതുകൊണ്ട്

സത്യസന്ധമല്ലാത്ത ബന്ധമാണെങ്കില്‍ പങ്കാളി പൂര്‍ണ്ണമായും മറ്റേയാളുമായി പ്രണയത്തിലായിരിക്കില്ലെന്നും അവരുടെ മുന്നില്‍ മറ്റ് ബന്ധങ്ങളിലേക്കുള്ള വാതിലുകള്‍ തുറന്നുകിടക്കുന്നുണ്ടെന്നും അര്‍ഥമാക്കാം. അതുകൊണ്ട് മറ്റുള്ളവരില്‍നിന്ന് പങ്കാളിയെ മറച്ചുവയ്ക്കുന്നത് ഉത്തരവാദിത്തം ഒഴിവാക്കുകയാണ് ചെയ്യുന്നത്.

2 സാമൂഹിക സമ്മര്‍ദ്ദം

ബന്ധം ആരെങ്കിലും അറിഞ്ഞാല്‍ എന്ത് വിചാരിക്കും എന്നതിനെക്കുറിച്ച് അവര്‍ ആശങ്കാകുലരായിരിക്കും. പ്രായവ്യത്യാസം, വ്യത്യസ്ത കുടുംബ പശ്ചാത്തലം, തൊഴിലിലെ വ്യത്യാസങ്ങള്‍, ജീവിതശൈലി എന്നിങ്ങനെ പല വ്യത്യാസങ്ങള്‍ അവര്‍ തമ്മില്‍ ഉണ്ടാകും. ഇതൊക്കെ താരതമ്യത്തിന് കാരണമാകുകയോ എന്നൊക്കെയുള്ള ഭയം പങ്കാളിക്ക് ഉണ്ടാകും.

3 വ്യക്തിപരമായ അതിരുകള്‍

ബന്ധങ്ങളുടെ പരസ്യ പ്രദര്‍ശനം പലര്‍ക്കും ഇഷ്ടമല്ല. ചില ആളുകള്‍ വളരെ സ്വകാര്യത സൂക്ഷിക്കുന്നവരാണ്. അവര്‍ സാമൂഹിക ജീവിതത്തില്‍നിന്ന് പ്രണയ ജീവിതത്തെ വേറിട്ട് നിര്‍ത്തുന്നു. അതായത് അവര്‍ അതിരുകള്‍ നിശ്ചയിക്കുന്നു.

എങ്ങനെയാണ് നിങ്ങള്‍ പോക്കറ്റിംഗിലാണെന്ന് കണ്ടെത്തുന്നത്

ചില പെരുമാറ്റ സവിശേഷിതയില്‍ക്കൂടി നിങ്ങള്‍ പോക്കറ്റിംഗിലാണെന്ന് തിരിച്ചറിയാന്‍ സാധിക്കും.

  • മാസങ്ങളായിട്ടുള്ള ഡേറ്റിംഗിന് ശേഷവും നിങ്ങള്‍ ഇതുവരെ അവരുടെ സുഹൃത്തുക്കളെയോ കുടുംബാംഗങ്ങളെയോ കാണുകയോ പരിചയപ്പെടുകയോ ചെയ്തിട്ടില്ല.
  • അവര്‍ നിങ്ങളെക്കുറിച്ച് സോഷ്യല്‍മീഡിയയില്‍ പരാമര്‍ശിക്കുന്നില്ല.
  • അവര്‍ക്ക് പരിചയമുള്ള ആളുകളെ കണ്ടെത്താന്‍ സാധ്യതയുളള സ്ഥലങ്ങളില്‍നിന്ന് നിങ്ങളെ മാറ്റുന്നു
  • അവരുടെ വേണ്ടപ്പെട്ടവരെ കാണണമെന്ന് നിങ്ങള്‍ ആവശ്യപ്പെടുമ്പോള്‍ അവര്‍ക്ക് അസ്വസ്ഥത ഉണ്ടാകുന്നു

പോക്കറ്റിംഗിന്റെ പ്രധാന ലക്ഷണങ്ങളാണിത്. ഒരു ബന്ധത്തിലായിരിക്കുമ്പോള്‍ അവയെ നിസ്സാരമായി കാണരുത്. ഇത് വ്യക്തിയുടെ ആത്മാഭിമാനത്തെ കളങ്കപ്പെടുത്തുകയും ഭാവിയില്‍ മറ്റൊരു ബന്ധത്തിലായാല്‍ അവിടെ വിശ്വാസപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. അതുകൊണ്ട് കുറ്റപ്പെടുത്താതെ പങ്കാളികള്‍ തുറന്ന് സംസാരിക്കുക. സ്‌നേഹം ഒരു പോക്കറ്റില്‍ ജീവിക്കാനുള്ളതല്ല. അത് പങ്കിടാനുള്ളതുകൂടിയാണ്.

Content Highlights :Know what the term 'pocketing' in a relationship refers to

To advertise here,contact us