കാണുന്നത് കൈവിരലുകളോ ഗിത്താറോ?, ഒറ്റനോട്ടത്തില്‍ ഉള്ളിലിരിപ്പ് ചിലപ്പോ പിടികിട്ടും

സ്വഭാവത്തിലെ ചില സവിശേഷതകളിലേക്കുള്ള സൂചനകള്‍ ഒരുപക്ഷെ ഈ ചിത്രം നല്‍കിയേക്കാം

ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങള്‍ നമ്മുടെ മാനസികാവസ്ഥയെ കുറിച്ചും സ്വഭാവത്തിലെ പ്രത്യേകതകളെ കുറിച്ചും ചില കാര്യങ്ങള്‍ തിരിച്ചറിയാന്‍ സഹായിക്കുമെന്നാണ് വിവിധ പഠനങ്ങള്‍ പറയുന്നത്. പല രീതിയില്‍ കാണാന്‍ കഴിയുന്ന ഇത്തരം ചിത്രങ്ങളില്‍ ഒറ്റനോട്ടത്തില്‍ ഒരാള്‍ എന്ത് കാണുന്നു എന്നുള്ളത് അയാളുടെ സ്വഭാവസവിശേഷതകളിലേക്ക് വിരല്‍ ചൂണ്ടുമെന്നാണ് പറയപ്പെടുന്നത്.

സമൂഹമാധ്യമങ്ങളില്‍ ഇത്തരത്തിലുള്ള വിവിധ ചിത്രങ്ങള്‍ പ്രചരിക്കാറുണ്ട്. അവയില്‍ പലതിനെ കുറിച്ചും അത്തരം പോസ്റ്റുകളില്‍ പറയുന്ന വിവരങ്ങള്‍ എത്രമാത്രം ആധികാരകമാണെന്നതില്‍ സംശയങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഇത്തരം ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ടെസ്റ്റുകളോട് വലിയ കൗതുകവും ആകര്‍ഷണവും തോന്നുന്നവരാണ് ഭൂരിഭാഗം ആളുകളും.

അടുത്തിടെ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച ഒരു പ്രധാന ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ടെസ്റ്റായിരുന്നു കൈവിരലുകളും ഗിത്താറും കാണാന്‍ കഴിയുന്ന ചിത്രം. ഒറ്റനോട്ടത്തില്‍ ഈ ചിത്രത്തില്‍ ആദ്യം കാണുന്നത് എന്താണ് എന്നതിന് അനുസരിച്ച് സ്വഭാവത്തിലെ ചില വ്യത്യസ്തതകള്‍ കണ്ടെത്താനാകുമെന്നാണ് പറയപ്പെടുന്നത്.

കൈവിരലുകളാണ് നിങ്ങള്‍ ആദ്യം കാണുന്നതെങ്കില്‍ സഹാനുഭൂതിയും സ്‌നേഹവുമുള്ള ഒരാളാണെന്നാണ് അത് വ്യക്തമാക്കുന്നത്. സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനും കഴിയുന്ന ആളായിരിക്കും. ബന്ധങ്ങള്‍ക്ക് പ്രധാന്യം നല്‍കുന്നവരായിരിക്കും. കല്യാണം മനസില്‍ കണ്ടുകൊണ്ടായിരിക്കാം ഒരുപക്ഷെ നിങ്ങള്‍ ഡേറ്റിങ്ങിലേക്ക് കടക്കുന്നത്. മറ്റുള്ളവരുടെ സന്തോഷത്തില്‍ ഹൃദയം നിറഞ്ഞ് സന്തോഷിക്കുന്നവരായിക്കും നിങ്ങള്‍ എന്നും സൂചനകളുണ്ട്. സ്‌നേഹിച്ചാല്‍ എല്ലാം നല്‍കുന്ന ഇവര്‍ ടോക്‌സിക്കായ മനുഷ്യരെ ജീവിതത്തില്‍ നിന്നും പൂര്‍ണമായി മാറ്റിനിര്‍ത്താനും തയ്യാറാകുമെന്നും പറയപ്പെടുന്നു.

ഇനി നിങ്ങള്‍ ഗിറ്റാറാണ് ആദ്യം കാണുന്നതെങ്കില്‍ ഏറെ ക്രിയേറ്റീവായ സ്വതന്ത്ര ചിന്താഗതികളുള്ള ഒരാളായിരിക്കാനാണ് സാധ്യത എന്നും പറയപ്പെടുന്നു. ഇവര്‍ സംരംഭകരോ കലാകാരോ ആയിരിക്കാം. വൈകാരികതലങ്ങളില്‍ കയ്യടക്കവും സ്വന്തമായി നിലപാടുകളുമുള്ള വ്യക്തിയായിരിക്കും. ഏത് കൂട്ടത്തിനിടയിലും ശ്രദ്ധ നേടുന്ന സാന്നിധ്യമായും മാറിയേക്കാം. ചുറ്റുമുള്ളവരെ തുല്യരായി കാണുന്ന ഇവര്‍ പ്രായത്തിനേക്കാള്‍ പക്വതയും കാണിച്ചേക്കാമെന്നും പറയപ്പെടുന്നു.

ഇത്തരം ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങളിലൂടെ പറയുന്ന കാര്യങ്ങള്‍ പൂര്‍ണമായും ശരിയാകണമെന്നില്ല. ഒരാളുടെ സ്വഭാവം സംബന്ധിച്ച ചില സൂചനകള്‍ നല്‍കിയേക്കാം എന്നേ ഉള്ളു എന്ന് കൂടി സമൂഹമാധ്യമങ്ങളിലെ ഇത്തരം ടെസ്റ്റുകള്‍ എടുക്കുന്നവര്‍ മനസിലാക്കണം. മാനസികാരോഗ്യത്തിന്റെ ശാസ്ത്രീയതലം എന്നതിനുപരി കൗതുകകരമായ കാര്യം നിലയിലാണ് ഇത്തരം പരീക്ഷണങ്ങള്‍ അറിയപ്പെടുന്നത്.

Content Highlights: Guitar or fingers, Optical Illusion personality test

To advertise here,contact us