ഒപ്പം വരാന്‍ ലവ്വറോ ഫ്രണ്ട്സോ ഇല്ലേ? സോളോ ഡൈനിങ് ഒന്നു ട്രൈ ചെയ്തുനോക്കൂ!

റസ്റ്റോറന്‍റില്‍ ഒറ്റയ്ക്ക് ഭക്ഷണം കഴിക്കാന്‍ പോകാറുണ്ടോ.... ഗുണങ്ങള്‍ പലതാണ്

"അതേയ്, ഇന്ന് പുറത്തൂന്ന് ഭക്ഷണം കഴിച്ചാലോ?" മിക്കപ്പോഴും നമ്മൾ ചോദിച്ചിട്ടുള്ളതും കേട്ടിട്ടുള്ളതുമായ ചോ​ദ്യമായിരിക്കും ഇത്. കാഷ്വൽ റെസ്റ്റോറന്റുകളിലും ഫാൻ‌സി റെസ്റ്റോറന്റുകളിലും ഭക്ഷണം കഴിക്കാൻ പോകുന്നത് പലർക്കും ഇഷ്ടപ്പെട്ട കാര്യവുമായിരിക്കും. ബിസിനസ് ലഞ്ച് മുതൽ റൊമാന്റിക് ഡിന്നർ ഡേറ്റുകൾ വരെ സ്വാദിഷ്ടമായ ഭക്ഷണങ്ങൾ ആസ്വദിച്ചുകൊണ്ട് ഒത്തുചേരാനുള്ള മികച്ച മാർഗമാണ് ഡൈനിങ്ങുകൾ. സുഹൃത്തുക്കൾ, കുടുംബാംഗങ്ങൾ, സഹപ്രവർത്തകർ എന്നിങ്ങനെ ആരുമായും നിങ്ങൾക്ക് പുറത്ത് ഭക്ഷണം കഴിക്കാൻ പോകാം. പക്ഷേ നിങ്ങൾ എപ്പോഴെങ്കിലും ഒറ്റയ്ക്ക് റെസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാൻ പോയിട്ടുണ്ടോ?

ഇല്ല എന്നാണ് ഉത്തരമെങ്കിൽ നിങ്ങൾ ഒരു മികച്ച അനുഭവം നഷ്ടപ്പെടുത്തുകയാണ് ചെയ്യുന്നത്. ഒറ്റയ്ക്ക് ഭക്ഷണം കഴിക്കുക അഥവാ സോളോ ഡൈനിങ് എന്നതിനർത്ഥം സ്വയം അടച്ചുപൂട്ടുക എന്നല്ല. സോളോ ഡൈനിങ് ഒരു വിരസമായ കാര്യവുമല്ല. മറിച്ച് ഈ അനുഭവം നിങ്ങളെ നിങ്ങളോടും നിങ്ങൾ ജീവിക്കുന്ന ലോകത്തോടും കൂടുതൽ അടുക്കാൻ സഹായിക്കും.

സോളോ ഡൈനിങ്ങിന് നിങ്ങൾ നിങ്ങളെ കൂട്ടിക്കൊണ്ടുപോകാൻ, അഥവാ ഒരാൾക്കുള്ള ടേബിൾ വേണം! എന്ന് ചോദിക്കാൻ ഒരു മടിയും വേണ്ട, നിരവധി ഗുണങ്ങളാണ് സോളോ ഡൈനിങ്ങിനുള്ളത്.

റെസ്റ്റോറന്റിൽ ഒറ്റയ്ക്ക് ഭക്ഷണം കഴിക്കുകയാണെങ്കിൽ നിങ്ങൾ ഏകാന്തത അനുഭവിക്കുന്നു എന്നല്ല അർത്ഥമാക്കുന്നത്. മറിച്ച് അളവറ്റ സ്വാതന്ത്ര്യവും ആത്മവിശ്വാസവുമാണ് സോളോ ഡൈനിങ്ങിൽ നിങ്ങൾക്ക് ലഭിക്കുന്നത്. ഒറ്റയ്ക്ക് ഒരു റസ്റ്റോറന്റില്‍ കയറി ഭക്ഷണം ഓര്‍ഡര്‍ ചെയ്തു, ആസ്വദിച്ചു കഴിക്കുന്നത് ഒന്ന് സങ്കല്‍പ്പിച്ചു നോക്കൂ. സ്വന്തമായി കംഫര്‍ട്ടബിള്‍ ആകുന്നത് ആത്മവിശ്വാസവും സ്വാശ്രയത്വവും വര്‍ധിപ്പിക്കും.

നിങ്ങൾക്ക് ഇഷ്ടമുള്ളിടത്ത് എപ്പോൾ വേണമെങ്കിലും പോകാനും ഇഷ്ടമുള്ളത് കഴിക്കാനും ബില്ല് സ്വയം അടയ്ക്കാനും കഴിയുന്നത്ര നിങ്ങൾ സ്വതന്ത്രനാണ്. കുട്ടിക്കാലത്ത് നിങ്ങൾക്ക് ഒറ്റയ്ക്ക് ഭക്ഷണം കഴിക്കാൻ പോകാൻ കഴിഞ്ഞെന്ന് വരില്ല. അതിനാൽ ഇപ്പോൾ അങ്ങനെ ചെയ്യാൻ കഴിയുന്നത് നിങ്ങളെ ശാക്തീകരിക്കുകയും നല്ല രീതിയിൽ മുതിർന്നവരായിക്കഴിഞ്ഞെന്ന് തോന്നിപ്പിക്കുകയും ചെയ്യും. ഒന്ന് ശ്രമിച്ചു നോക്കൂ!

കൂട്ടുകാർക്കൊപ്പമോ വീട്ടുകാർക്കൊപ്പമോ നിങ്ങൾ ഭക്ഷണം കഴിക്കാൻ പുറത്തുപോവുമ്പോൾ നമുക്ക് അവരോട് സംസാരിക്കേണ്ടിവരും. ഒരാളോടൊപ്പം ഭക്ഷണം കഴിക്കുന്നത് അയാളുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിന് സഹായിക്കുന്നു. എന്നാലും മറ്റൊരാളോട് സംസാരിക്കുന്നത് നമ്മുടെ ഭക്ഷണത്തിൽ നിന്ന് ഒരു തലത്തിലേക്ക് നമ്മെ വ്യതിചലിപ്പിക്കുന്നു. നിങ്ങൾ ഒറ്റയ്ക്കാണ് റെസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാൻ പോയതെങ്കിൽ നിങ്ങൾക്ക് നിങ്ങളുടെ ഭക്ഷണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ഓരോ ബൈറ്റും പരമാവധി ആസ്വദിക്കാനും സാധിക്കും.

ഒരാളോടൊപ്പമോ അല്ലെങ്കിൽ ഒരു വലിയ സംഘത്തോടൊപ്പമോ ഭക്ഷണം കഴിക്കുമ്പോൾ നിങ്ങൾക്ക് ഇഷ്ടമുള്ള ഭക്ഷണം ഓർഡർ ചെയ്ത് കഴിക്കാൻ പലപ്പോഴും കഴിഞ്ഞെന്നുവരില്ല. സ്വന്തം ഇഷ്ടവും അഭിരുചിയും കൂടെവന്ന എല്ലാവരുടെയും മേൽ അടിച്ചേൽപ്പിക്കുന്നതും മാന്യമല്ല. ആളുകൾ ആദ്യം ചർച്ച ചെയ്ത് ഓർഡർ നൽകിയാൽ, നിങ്ങൾ ശരിക്കും കഴിക്കാൻ ആഗ്രഹിച്ച ആ വിഭവം നിങ്ങൾക്ക് നഷ്ടമായേക്കാം. എന്നാൽ നിങ്ങൾ ഒറ്റയ്ക്കാണ് ഭക്ഷണം കഴിക്കുന്നതെങ്കിൽ മറ്റാരെക്കുറിച്ചും ഓർ‌ത്ത് വിഷമിക്കാതെ നിങ്ങൾക്ക് ഇഷ്ടമുള്ളത് ഓർഡർ ചെയ്ത് കഴിക്കാം.

നിങ്ങളുടെ പങ്കാളിയോടോ അടുത്ത സുഹൃത്തിനോടോ ഒപ്പം ഭക്ഷണം കഴിക്കുകയാണെങ്കിൽ പോലും ഭക്ഷണ മര്യാദകൾ പാലിക്കുന്നതിൽ നമ്മൾ ശ്രദ്ധിക്കാറുണ്ട്. എന്നാൽ ആരും കാണാത്തപ്പോൾ നിങ്ങൾ‌ക്ക് ഇഷ്ടമുള്ള രീതിയിൽ ഭക്ഷണം കഴിക്കാൻ സാധിക്കും.

ഒരാളുമായി ഡൈനിംഗ് പ്ലാൻ ഉണ്ടാക്കുക എന്നതിനർത്ഥം നിങ്ങൾ പുറത്ത് ഭക്ഷണം കഴിക്കാൻ പോകുക മാത്രമല്ല, ആ വ്യക്തിയോടൊപ്പം സമയം ചെലവഴിക്കുക എന്നതു കൂടിയാണ്. സംഭാഷണത്തിലും നിങ്ങളുടെ കമ്പനിയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് പുതിയ ആളുകളുമായി ഇടപഴകാൻ വളരെ കുറച്ച് സാധ്യത മാത്രമാണുള്ളത്. മറിച്ച് നിങ്ങൾ ഒറ്റയ്ക്കാണെങ്കിൽ റെസ്റ്റോറന്റിലെ സ്റ്റാഫുമായോ നിങ്ങൾക്ക് ചുറ്റും ഇരിക്കുന്ന മറ്റാരെങ്കിലുമായോ ഇടപഴകാൻ നിങ്ങൾക്ക് കൂടുതൽ സാധ്യതയുണ്ട്. ഇത് പുതിയ അനുഭവങ്ങൾക്ക് കാരണമാകും.

പണ്ടത്തെ നമുക്ക് ഏറെ ഇഷ്ടമുള്ള വിഭവങ്ങൾ ഉണ്ടാകില്ലേ? അല്ലെങ്കിൽ അത് കഴിച്ചുനോക്കിയിരുന്നെങ്കിൽ എന്ന് ആ​ഗ്രഹം തോന്നിയിട്ടുള്ള ഭക്ഷണങ്ങൾ. കാലത്തിന്റെ മറവിയിലേക്ക് എടുത്തെറിയപ്പെട്ട വിഭവങ്ങൾ… നമ്മൾ‌ തന്നെ മറന്നുപോയ നമ്മുടെ പ്രിയപ്പെട്ട ഭക്ഷണങ്ങൾ കഴിച്ചുനോക്കാനുള്ള നല്ല അവസരമാണ് സോളോ ഡൈനിങ്. ജീവിതത്തിന്റെ ഒഴുക്കിനിടെ നമ്മള്‍ സ്വയം മറന്ന പഴയ ചില ഇഷ്ടങ്ങളും താത്പര്യങ്ങളും പൊടിതട്ടിയെടുക്കാനും ആസ്വദിക്കാനുമൊക്കെ സോളോ ഡൈനിങ് സഹായിക്കും. മറ്റുള്ളവര്‍ അത് ഇഷ്ടപ്പെടുന്നുണ്ടോ ഇല്ലയോ എന്ന ആശയക്കുഴപ്പമില്ലാതെ അവയെ വീണ്ടും ആസ്വദിക്കാം.

ചുരുക്കിപ്പറഞ്ഞാല്‍ സോളോ ഡൈനിങ് അത്ര മോശം അനുഭവമല്ല, സെൽഫ് ലവിന്റെയും സെൽഫ് കെയറിന്റെയും പുത്തൻ വഴികളിലൊന്നാണ്. ഇടക്കെങ്കിലുമൊക്കെ ഒരു സോളോ ഡൈനിങ്ങിന് പോകുന്നത് നല്ലതാണെന്നേ…

Content Highlights: The Reasons To Convince You To Go On A Solo Dining Experience

To advertise here,contact us