ഗാര്ഹിക പീഡനക്കേസില് വിചാരണ നേരിടുന്ന ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് തിരിച്ചടി. ഭാര്യ ഹസിന് ജഹാന് നല്കിയ പരാതിയില് വിചാരണ നേരിടുന്ന ഷമിയോട് ഭാര്യക്കും മകള്ക്കും ജീവിതച്ചെലവിന് പണം നല്കാന് കൊല്ക്കത്ത ഹൈക്കോടതി ഉത്തരവിട്ടു.
ഭാര്യ ഹസിന് ജഹാനും മകള് ഐറക്കും കൂടി പ്രതിമാസം നാല് ലക്ഷം രൂപ ജീവിതച്ചെലവിനായി ഷമി നല്കണമെന്നാണ് കോടതിയുടെ ഉത്തരവ്.
ഹസിൻ ജഹാന് പ്രതിമാസ ചെലവിനായി 1.50 ലക്ഷം രൂപയും മകള്ക്ക് 2.50 ലക്ഷം രൂപയും വീതം നല്കണമെന്നാണ് കോടതി ഉത്തരവില് വ്യക്തമാക്കിയിരിക്കുന്നത്. ഏഴ് വര്ഷം മുന്കാലപ്രാബല്യത്തോടെയാണ് വിധി നടപ്പാക്കേണ്ടത്.
ഷമിക്കെതിരായ കേസില് ആറ് മാസത്തിനുള്ളില് തീർപ്പാക്കാനും ഹൈക്കോടതി കീഴ്ക്കോടതിയോട് ഉത്തരവിട്ടു. 2018ലാണ് ഗാര്ഹിക പീഡനം ആരോപിച്ച് ഹസിന് ജഹാന് മുഹമ്മദ് ഷമിക്കെതിരെ വിവാഹമോചനക്കേസ് ഫയല് ചെയ്തത്.
Content Highlights: Mohammad Shami loses alimony battle