ചെന്നൈയിലെ പ്രൗഢഗംഭീരമായ 7,000 സ്‌ക്വയർ ഫീറ്റ് ബംഗ്ലാവ്; ഇനിമുതൽ നയൻതാരയുടെയും വിഘ്നേഷിന്റെയും ഹോം സ്റ്റുഡിയോ

ചെന്നൈയിലെ പ്രൈം റെസിഡൻഷ്യൽ മേഖലയായ വീനസ് കോളനിയിലാണ് ബംഗ്ലാവ് സ്ഥിതി ചെയ്യുന്നത്

dot image

ചെന്നൈയിലെ വിഘ് നേഷ് ശിവന്റെയും നയൻതാരയുടെയും 7,000 സ്‌ക്വയർ ഫീറ്റ് കൊളോണിയൽ സ്റ്റൈൽ ബംഗ്ലാവ് ഹോം സ്റ്റുഡിയോയാക്കി മാറ്റുന്നു. വിശാലവും പരമ്പരാഗത രീതിയിൽ നിർമ്മിക്കപ്പെട്ടതുമായ ഈ കെട്ടിടം, നിരവധി കലാരൂപങ്ങളുടെ ചിത്രങ്ങളും തടിയിൽ നിർമിച്ച ശിൽപങ്ങളും കൊണ്ട് നിറഞ്ഞതാണ്. ബംഗളാവ് ഹോം സ്റ്റുഡിയോയാക്കി മാറ്റാൻ പോകുന്നുവെന്ന് ഇരുവരും സോഷ്യൽ മീഡിയയിലൂടെയാണ് ആരാധകരെ അറിയിച്ചത്.

പുതിയ സ്റ്റുഡിയോയെക്കുറിച്ചുള്ള ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍ക്കൊപ്പം വിവിധ ചിത്രങ്ങളും വിഘ്നേഷ് ശിവനും നയൻതാരയും പങ്കുവച്ചിട്ടുണ്ട്. ചെന്നൈയിലെ പ്രൈം റെസിഡൻഷ്യൽ മേഖലയായ വീനസ് കോളനിയിലാണ് ബംഗ്ലാവ് സ്ഥിതി ചെയ്യുന്നത്. കെട്ടിടത്തിന് മുകളിലായുള്ള മുളകൊണ്ടുള്ള ഡെക്കോട് കൂടിയ ബാൽക്കണി നഗരക്കാഴ്ച്ചകൾ ആസ്വദിക്കാൻ അവസരമൊരുക്കുന്നതാണ്.

'കൂടുതൽ സൂര്യപ്രകാശവും കാറ്റും കടത്തിവിട്ട് ബംഗ്ലാവിനെ കൂടുതൽ പ്രകാശപൂരിതമാക്കി നിലനിർത്താനായിരുന്നു എനിക്ക് താൽപര്യം.' എന്നാണ് പുതിയ മാറ്റത്തെ കുറിച്ച് നയൻതാര എക്‌സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചത്. ചെന്നൈയിലെ ഈ ഹോം സ്റ്റുഡിയോ വളരെ വിശാലമാണ്. അതിഥികളെ സ്വീകരിക്കുന്നതിനും പാർട്ടികൾ നടത്തുന്നതിനുമായി ലോഞ്ച്, വിശാലമായ കോൺഫറൻസ് റൂം, വിശ്രമത്തിനായി ഔട്ട് ഡോർ, ഇൻഡോർ സിറ്റിങ് ഏരിയകൾ, ലിവിങ് റൂം, കിടപ്പുമുറികൾ, മീറ്റിങിനായുള്ള മുറികൾ, പ്രത്യേക ഡൈനിങ് ഏരിയ തുടങ്ങിയ സൗകര്യങ്ങളെല്ലാം സ്റ്റുഡിയോയിൽ ലഭ്യമാണ്.

വിഘ്നേഷിന്റെ സ്റ്റുഡിയോയും, അതിഥികളെ സ്വീകരിക്കുന്ന ടെറസ് കഫേ ലോഞ്ചുമാണ് തന്റെ പ്രിയപ്പെട്ട ഇടങ്ങളെന്നും നയൻതാര പറഞ്ഞു. പഴമയുടെ സൗന്ദര്യം കാത്തുസൂക്ഷിക്കുന്ന തരത്തിലാണ് ബംഗ്ലാവിലെ കരകൗശല വസ്തുക്കളും, ശിൽപങ്ങളും, പെയിന്റിങ്ങുകളുമെല്ലാം ഒരുക്കിയിരിക്കുന്നത്.


ഓരോ മുറിക്കും ആവശ്യമായ രീതിയിൽ വ്യത്യസ്തമായ ഇന്റീരിയറുകൾ നൽകിയിട്ടുണ്ട്. തടിയിൽ തീർത്ത ഫർണിച്ചറുകൾ സ്റ്റുഡിയോയുടെ ഭംഗി കൂട്ടുന്നുണ്ട്. തേക്കിൽ നിർമിച്ച ഫർണിച്ചറുകളാണ് അധികവുമെന്നതാണ് മറ്റൊരു പ്രത്യേകത. വെളിച്ചം കൂടുതലായി ലഭിക്കുന്നതിന് ഗ്ലാസ് ഉപയോഗിച്ചാണ് ഫസാഡ് നിർമിച്ചിരിക്കുന്നത്. വൈക്കോലും ഈറ്റയും ഉപയോഗിച്ച് നിർമിച്ചിരിക്കുന്ന ഹാങ്ങിങ് ലൈറ്റുകൾ മറ്റൊരു പ്രത്യേകതയാണ്. സ്റ്റുഡിയോയുടെ അകത്ത് നിരവധി ഇൻഡോർ പ്ലാന്റുകളും സ്ഥാപിച്ചിട്ടുണ്ട്.

Content Highlights: Nayanthara And Vignesh Shivan's 7,000 Sq. Ft Colonial-Style Bungalow Turned Home Studio In Chennai

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us