ഇന്ത്യക്കാരിൽ 'നല്ല കൊളസ്‌ട്രോൾ' കുറവെന്ന് പഠനം; ICMR പഠനത്തിന്റെ ഞെട്ടിക്കുന്ന കണക്കുകൾ

പുതിയ ICMR പഠനമനുസരിച്ച് 66.8% പേരിലും HDL കൊളസ്‌ട്രോള്‍ കുറവ്

കൊളസ്‌ട്രോള്‍ എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം ഓര്‍മ വരുന്നത് 'ചീത്ത കൊളസ്‌ട്രോള്‍' എന്ന് വിളിക്കുന്ന LDL ആയിരിക്കും. എന്നാല്‍ ഇന്ത്യയിലെ കൊളസ്‌ട്രോള്‍ സംബന്ധമായ പ്രശ്‌നങ്ങളെക്കുറിച്ച് പുറത്തുവന്ന പുതിയ പഠനം ശ്രദ്ധ തിരിക്കുന്നത് മറ്റൊന്നിലേക്കാണ്. ശരീരത്തിന് സംരക്ഷണം നല്‍കുന്നതായി പൊതുവെ കരുതപ്പെടുന്ന HDL അഥവാ 'നല്ല കൊളസ്‌ട്രോള്‍' കുറയുന്നതായാണ് കണ്ടെത്തല്‍. ICMR-INDIAB ദേശീയ പഠനത്തിലാണ് ഇതുസംബന്ധിച്ച ശ്രദ്ധേയമായ കണ്ടെത്തല്‍. 20 വയസും അതിന് മുകളിലും പ്രായമുള്ള ഇന്ത്യക്കാരില്‍ 66.8 ശതമാനം പേരിലും HDL കൊളസ്‌ട്രോള്‍ കുറവാണെന്ന് പഠനം കണ്ടെത്തി.

പത്തില്‍ 9 ഇന്ത്യക്കാര്‍ക്കും ലിപിഡ് പ്രശ്‌നം

കൊളസ്‌ട്രോള്‍, ട്രൈഗ്ലിസറൈഡ് തുടങ്ങിയ രക്തത്തിലെ കൊഴുപ്പുകളുടെ അളവില്‍ ഉണ്ടാകുന്ന അസാധാരണതകളെ പൊതുവായി ഡിസ്ലിപിഡീമിയ (Dyslipidemia) എന്നാണ് വിളിക്കുന്നത്.പുതിയ പഠനത്തില്‍ 87.3 ശതമാനം ഇന്ത്യന്‍ മുതിര്‍ന്നവരിലും ഏതെങ്കിലും തരത്തിലുള്ള ഡിസ്ലിപിഡീമിയ കണ്ടെത്തി. അതായത് ഏകദേശം 10 ഇന്ത്യക്കാരില്‍ 9 പേര്‍ക്കും രക്തത്തിലെ കൊഴുപ്പുകളുടെ അളവില്‍ ഏതെങ്കിലും തരത്തിലുള്ള വ്യതിയാനം ഉണ്ടെന്നാണ് കണക്ക്. ഇതില്‍ ഏറ്റവും വലിയ പങ്ക് വഹിക്കുന്നത് കുറഞ്ഞ HDL ആണ്. LDL, ട്രൈഗ്ലിസറൈഡ്, മൊത്തം കൊളസ്‌ട്രോള്‍ എന്നിവയിലെ വ്യതിയാനങ്ങളും കണ്ടെത്തിയെങ്കിലും, HDL കുറവാണ് ഏറ്റവും വ്യാപകമായ പ്രശ്‌നമായി പഠനം ചൂണ്ടിക്കാട്ടുന്നത്.

എന്താണ് HDL?

HDL എന്നത് High Density Lipoprotein എന്നതിന്റെ ചുരുക്കപ്പേരാണ്. സാധാരണയായി ഇത് 'നല്ല കൊളസ്‌ട്രോള്‍' എന്നാണ് അറിയപ്പെടുന്നത്. രക്തത്തില്‍ അധികമായി കിടക്കുന്ന കൊളസ്‌ട്രോള്‍ കരളിലേക്ക് തിരികെ കൊണ്ടുപോകുന്നതില്‍ HDLന് പങ്കുണ്ട്. അതുകൊണ്ടുതന്നെ HDL ന്റെ അളവ് വളരെ കുറയുന്നത് ഹൃദയാരോഗ്യവുമായി ബന്ധപ്പെട്ട അപകടസാധ്യതകളുടെ ഒരു സൂചകമായി കണക്കാക്കപ്പെടുന്നു. എന്നാല്‍ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. HDL കൂട്ടിയാല്‍ മാത്രം ഹൃദ്രോഗസാധ്യത ഇല്ലാതാകും എന്നല്ല. HDL ഒരു പ്രധാന ആരോഗ്യസൂചകമാണെങ്കിലും LDL, ട്രൈഗ്ലിസറൈഡ്, രക്തസമ്മര്‍ദം, പ്രമേഹം, ശരീരഭാരം തുടങ്ങിയ മറ്റ് ഘടകങ്ങളും ഒരുപോലെ പ്രധാനമാണ്.

ആരിലാണ് പ്രശ്‌നം കൂടുതലായി കണ്ടത്?

പഠനത്തില്‍ സ്ത്രീകളിലും നഗരപ്രദേശങ്ങളില്‍ താമസിക്കുന്നവരിലും ഡിസ്ലിപിഡീമിയയുടെ തോത് കൂടുതലായിരുന്നു. പ്രമേഹം, അമിതവണ്ണം, ഉയര്‍ന്ന രക്തസമ്മര്‍ദം തുടങ്ങിയ അവസ്ഥകളുള്ളവരിലും രക്തത്തിലെ കൊഴുപ്പുകളുടെ അസാധാരണത കൂടുതലായി കണ്ടെത്തി. കൂടാതെ ചെറുപ്പക്കാരിലും ഈ പ്രശ്‌നം നേരത്തെ തന്നെ കാണപ്പെടുന്നു എന്നതാണ് പഠനത്തിലെ മറ്റൊരു ശ്രദ്ധേയമായ കണ്ടെത്തല്‍. 30-39 വയസ് പ്രായപരിധിയിലും ഡിസ്ലിപിഡീമിയയുടെ തോത് ഉയര്‍ന്നതായി ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

വണ്ണമില്ലാത്തവര്‍ക്കും പ്രമേഹമില്ലാത്തവര്‍ക്കും ആശങ്ക വേണാ?

പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം, അമിതവണ്ണം എന്നിവയൊന്നുമില്ലാത്തവരിലും ഏകദേശം 40 ശതമാനം പേരില്‍ ഡിസ്ലിപിഡീമിയ കണ്ടെത്തിയതായി ഗവേഷകര്‍ പറയുന്നു. അതായത് പുറത്തുനിന്ന് നോക്കുമ്പോള്‍ ആരോഗ്യവാനായി തോന്നുന്ന ഒരാള്‍ക്കും കൊളസ്‌ട്രോള്‍ സംബന്ധമായ പ്രശ്‌നം ഉണ്ടാകാം.അതിനാല്‍ ശരീരഭാരം സാധാരണ നിലയിലാണെന്നതുകൊണ്ട് മാത്രം കൊളസ്‌ട്രോള്‍ പരിശോധന ആവശ്യമില്ലെന്ന് കരുതുന്നത് ശരിയല്ല.

എന്തുകൊണ്ടാണ് HDL കുറയുന്നത്?

കുറഞ്ഞ ശാരീരിക പ്രവര്‍ത്തനം, അമിതവണ്ണം, തെറ്റായ ഭക്ഷണരീതി, പ്രമേഹം തുടങ്ങിയ ജീവിതശൈലി, മറ്റബോളിക് ഘടകങ്ങളുമായി HDL കുറവ് ഉള്‍പ്പെടെയുള്ള ലിപിഡ് പ്രശ്‌നങ്ങള്‍ക്ക് ബന്ധമുണ്ട്. പഠനത്തില്‍ lifestyle, obesity, diabetes, hypertension എന്നിവ ഡിസ്ലിപിഡീമിയയുമായി ബന്ധപ്പെട്ടതായി കണ്ടെത്തി. അതുകൊണ്ട് ഭക്ഷണരീതിയിലും വ്യായാമശീലങ്ങളിലും മാറ്റം വരുത്തുന്നത് ഹൃദയാരോഗ്യത്തിന് പ്രധാനമാണ്.

കൊളസ്‌ട്രോള്‍ പരിശോധിക്കേണ്ടത് എന്തുകൊണ്ട്?

കൊളസ്‌ട്രോള്‍ കൂടിയാലോ കുറഞ്ഞാലോ പലപ്പോഴും പ്രത്യേക ലക്ഷണങ്ങളൊന്നും ഉണ്ടാകണമെന്നില്ല. അതിനാല്‍ ശരീരത്തിന് പ്രശ്‌നമൊന്നുമില്ലെന്ന് തോന്നുന്നതുകൊണ്ട് മാത്രം രക്തത്തിലെ കൊഴുപ്പുകളുടെ അളവ് സാധാരണയാണെന്ന് ഉറപ്പിക്കാനാകില്ല. പുതിയ പഠനത്തിന്റെ പശ്ചാത്തലത്തില്‍ ആവശ്യമായ പ്രായത്തിലും ആരോഗ്യസ്ഥിതിയിലും ലിപിഡ് പ്രൊഫൈല്‍ പരിശോധിക്കുകയും ഫലം ഡോക്ടറുടെ സഹായത്തോടെ വിലയിരുത്തുകയും ചെയ്യുന്നത് പ്രധാനമാണ്.

Content Highlights : The finding indicates a decline in HDL, or 'good cholesterol,' which is generally considered protective for the body. This significant finding emerged from the ICMR-INDIAB national study

To advertise here,contact us