തിരക്കുനിറഞ്ഞ ഇക്കാലത്ത് മണിക്കൂറുകളോളം ഒരേ സ്ഥലത്ത് ഇരിക്കുന്നത് സാധാരണമായി മാറിയിരിക്കുന്നു. ജോലിസ്ഥലത്തായാലും മൊബൈല്‍ ഫോണില്‍ സമയം ചെലവഴിക്കുമ്പോഴായാലും ഒക്കെ അങ്ങനെ തന്നെയാണ്. ഈ ശീലങ്ങളെല്ലാം ആളുകളുടെ ദിനചര്യയുടെ ഭാഗമായിട്ടുണ്ട്. ദീര്‍ഘനേരം ഇരിക്കുന്നത് പൊണ്ണത്തടി, പ്രമേഹം, ഹൃദ്രോഗം എന്നിവയ്ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് പല പഠനങ്ങള്‍ മുന്‍പ് വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ അടുത്തിടെ നടന്ന ഒരു പുതിയ പഠനം പറയുന്നത് എഴുന്നേല്‍ക്കാതെ ഒരിടത്ത് തുടര്‍ച്ചയായി 30 മിനിറ്റോ അതില്‍ കൂടുതലോ ഇരിക്കുന്നത് കാന്‍സര്‍ മൂലമുള്ള മരണ സാധ്യത വര്‍ദ്ധിപ്പിക്കുമെന്നാണ്.
ഗ്ലാസ്ഗോ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയതും മെഡിക്കല്‍ ജേണലായ PLOS മെഡിസിനില്‍ പ്രസിദ്ധീകരിച്ചതുമായ ഈ പഠനം UK ബയോബാങ്കില്‍ ചേര്‍ന്നിട്ടുള്ള 91,000-ത്തിലധികം വ്യക്തികളില്‍ നിന്നുള്ള ഡാറ്റയാണ് വിശകലനം ചെയ്തത്. പങ്കെടുത്തവരോട് ചോദ്യങ്ങള്‍ ചോദിക്കുക മാത്രമല്ല, അവരുടെ ശാരീരിക പ്രവര്‍ത്തനങ്ങളെക്കുറിച്ചും വെറുതെയിരിക്കുന്ന സമയത്തെക്കുറിച്ചും ഗവേഷകര്‍ രേഖപ്പെടുത്തി. കൂടാതെ ഒരു ആഴ്ചത്തേക്ക് ധരിക്കാന്‍ റിസ്റ്റ് ട്രാക്കറുകളും നല്കി. പിന്നീട് ഏകദേശം 12 വര്‍ഷത്തേക്ക് അവരുടെ ആരോഗ്യം നിരീക്ഷിക്കുകയായിരുന്നു.
ദിവസം മുഴുവന്‍ 30 മിനിറ്റോ അതില്‍ കൂടുതലോ ഇരിക്കുന്നവര്‍ക്ക് കാന്‍സര്‍ മൂലമുളള മരണ സാധ്യത കൂടുതലാണെന്ന് ഗവേഷണങ്ങള്‍ കണ്ടെത്തി. ഗവേഷകരുടെ അഭിപ്രായത്തില്‍, ഓരോ മണിക്കൂറിലും ദീര്‍ഘനേരം ഇരിക്കുമ്പോള്‍ ഈ സാധ്യത ഏകദേശം 9 മുതല്‍ 10 ശതമാനം വരെ വര്‍ദ്ധിക്കുന്നതായി കണ്ടെത്തി.
ദീര്‍ഘനേരം ഇരിക്കുന്നതിനുപകരം ഇടയ്ക്കിടെയുള്ള ലഘു വ്യായാമങ്ങള്‍ അപകടസാധ്യത കുറയ്ക്കും. ഒരു മണിക്കൂര്‍ തുടര്‍ച്ചയായ ഇരിപ്പിന് പകരം ഇടയ്ക്ക് ചെറിയ നടത്തം, ചെറിയ വീട്ടുജോലികള്‍, അല്ലെങ്കില്‍ വെറുതെ അങ്ങോട്ടുമിങ്ങോട്ടും ചലിക്കുന്നതുപോലും കാന്‍സര്‍ മരണ സാധ്യത ഏകദേശം 12 ശതമാനം കുറയ്ക്കുമെന്ന് പഠനത്തില്‍ പറയുന്നു. അതേസമയം ഏകദേശം 30 മിനിറ്റ് വേഗത്തിലുള്ള നടത്തം പോലുള്ള മിതമായ പ്രവര്‍ത്തനങ്ങള്‍ ഈ അപകടസാധ്യത ഏകദേശം 8 ശതമാനം കുറയ്ക്കാന്‍ സഹായിക്കും. കൂടാതെ വെറും 5 മിനിറ്റ് കഠിനമായ വ്യായാമം പോലും കാന്‍സര്‍ മരണ സാധ്യത 22 ശതമാനം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു.
ഗ്ലാസ്ഗോ സര്‍വകലാശാലയിലെ public health വിഭാഗത്തിലെ സീനിയര്‍ ലക്ചറര്‍ ഡോ. ഫ്രെഡറിക് ഹോ ആണ് പഠനത്തിന് നേതൃത്വം നല്‍കിയത്. പതിവ് വ്യായാമത്തില്‍ മാത്രമല്ല ദീര്‍ഘനേരം ഇരിക്കുന്ന ശീലം മാറ്റുന്നതിലും ആളുകള്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറയുന്നു. ഒരാള്‍ക്ക് ജിമ്മില്‍ പോകാന്‍ കഴിയുന്നില്ലെങ്കിലും എഴുന്നേറ്റു നടക്കുകയോ ഓരോ അരമണിക്കൂറിലും കുറച്ച് സമയം നേരിയ വ്യായാമം ചെയ്യുകയോ ചെയ്യുന്നത് ഗുണം ചെയ്യുമെന്ന് അദ്ദേഹം പറയുന്നു. ദീര്‍ഘനേരം ഒരിടത്ത് ഇരിക്കുന്നത് പേശികളുടെ പ്രവര്‍ത്തനം കുറയ്ക്കും. ഇത് രക്തത്തിലെ പഞ്ചസാരയുടെ സന്തുലിതാവസ്ഥയെ തടസ്സപ്പെടുത്തുകയും ഇന്‍സുലിന്‍ പ്രതിരോധം വര്‍ദ്ധിപ്പിക്കുകയും ശരീരത്തിലെ വീക്കം ത്വരിതപ്പെടുത്തുകയും ചെയ്യും. എന്നിരുന്നാലും, ഈ പഠനം ഒരു പരസ്പരബന്ധം മാത്രമേ കാണിക്കുന്നുള്ളൂവെന്നും ദീര്‍ഘനേരം ഇരിക്കുന്നത് കാന്‍സര്‍ മരണങ്ങള്‍ക്ക് നേരിട്ട് കാരണമാകുമെന്ന് തെളിയിക്കുന്നില്ലെന്നും ഗവേഷകര്‍ വ്യക്തമാക്കി.
Content Highlights : A new study suggests that sitting continuously in one place for 30 minutes or more without getting up increases the risk of death from cancer.