വെറും 10 സെക്കന്റ്; സ്വയം ഹൃദയമിടിപ്പ് പരിശോധിക്കുന്നത് എങ്ങനെയെന്ന് അറിയാം

ഹൃദയാരോഗ്യത്തെക്കുറിച്ച് അറിയണമെങ്കില്‍ ഹൃദയമിടിപ്പ് പരിശോധിക്കണം. കൈവിരലുകള്‍ ഉപയോഗിച്ച് എങ്ങനെയാണ് ഹൃദയമിടിപ്പ് പരിശോധിക്കുന്നത്. അതിനുള്ള ഉത്തരം ഇതാ...

ഇപ്പോഴത്തെ കാലത്ത് ആരോഗ്യകാര്യങ്ങളില്‍ ആളുകള്‍ കൂടുതല്‍ ശ്രദ്ധാലുക്കളാണ്. സ്മാര്‍ട്ട് വാച്ചുകള്‍ ഉപയോഗിച്ച് നടത്തത്തിന്റെ സ്റ്റെപ്പുകള്‍ എണ്ണുകയും, ബ്ലഡ് പ്രഷര്‍ പരിശോധിക്കുകയും, ഉറക്ക സമയം പരിശോധിക്കുകയും ഒക്കെ പലരും ചെയ്യാറുണ്ട്. എന്നാല്‍ ഹൃദയത്തിന്റെ ആരോഗ്യം പരിശോധിക്കാനുളള ലളിതവും കൃത്യവുമായ ഒരു മാര്‍ഗ്ഗത്തെക്കുറിച്ച് ആര്‍ക്കും അറിയില്ല എന്നതാണ് വാസ്തവം. എന്താണ് അതെന്നല്ലേ. ഹൃദയമിടിപ്പ് പരിശോധിക്കുന്നതിനെക്കുറിച്ചാണ് പറഞ്ഞുവരുന്നത്.

പള്‍സ് പരിശോധിച്ച് ഹൃദയമിടിപ്പ് അറിയാം

വെറും 10 സെക്കന്‍ഡ് നേരത്തേക്ക് പള്‍സ് പരിശോധിക്കുന്നതിലൂടെ, രോഗലക്ഷണങ്ങളൊന്നും ഉണ്ടാക്കാതെ വളരെക്കാലം നിലനില്‍ക്കുന്ന ഹൃദയപ്രശ്‌നങ്ങളുടെ പ്രാരംഭ ലക്ഷണങ്ങള്‍ കണ്ടെത്താനാകുമെന്ന് വിദഗ്ദ്ധര്‍ പറയുന്നു.

എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത്?

ഹൃദയ താളത്തിനുണ്ടാകുന്ന തകരാറുകളില്‍ ഏറ്റവും സാധാരണമായ ഒന്നാണ് 'ഏട്രിയല്‍ ഫൈബ്രിലേഷന്‍'. ഈ അവസ്ഥയുള്ളപ്പോള്‍ ഹൃദയത്തിന്റെ മുകളിലെ അറകള്‍ ക്രമരഹിതമായി മിടിക്കാന്‍ തുടങ്ങുന്നു. ഇത് ഹൃദയത്തിന്റെ സാധാരണ താളത്തെ തടസ്സപ്പെടുത്തുന്നു. പലര്‍ക്കും വ്യക്തമായ ലക്ഷണങ്ങളൊന്നും അനുഭവപ്പെടുന്നില്ല എന്നതാണ് പ്രശ്‌നം. ചില രോഗികള്‍ക്ക് ഹൃദയമിടിപ്പ്, ശ്വാസതടസ്സം, തലകറക്കം അല്ലെങ്കില്‍ ക്ഷീണം എന്നിവ അനുഭവപ്പെടാം.

രോഗലക്ഷണങ്ങളൊന്നുമില്ലാതെയും ഉണ്ടാകാം

യുഎസ് നാഷണല്‍ ഹാര്‍ട്ട്, ലംഗ്, ബ്ലഡ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അഭിപ്രായത്തില്‍ ഏട്രിയല്‍ ഫൈബ്രിലേഷന്‍ ചിലപ്പോള്‍ ലക്ഷണമില്ലാത്തതായിരിക്കാം. പതിവ് പരിശോധനകളില്‍ മാത്രമേ ഇത് കണ്ടെത്താനാകൂ. ചികിത്സിച്ചില്ലെങ്കില്‍ ഇത് പക്ഷാഘാതത്തിനും മറ്റ് ഹൃദയ പ്രശ്‌നങ്ങള്‍ക്കും സാധ്യത വര്‍ദ്ധിപ്പിക്കും. ലളിതമായ പള്‍സ് പരിശോധന പലപ്പോഴും ക്രമരഹിതമായ ഹൃദയമിടിപ്പിന്റെ ആദ്യകാല സൂചനകള്‍ നല്‍കുമെന്ന് ഡല്‍ഹിയിലെ ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയിലെ കാര്‍ഡിയോളജി സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. പ്രദീപ് ജെയിന്‍ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ ലേഖനത്തില്‍ പറയുന്നുണ്ട്.

ഹൃദയമിടിപ്പ് പരിശോധിക്കുന്നത് എങ്ങനെ?

  • നിങ്ങളുടെ ചൂണ്ടുവിരലും നടുവിരലും കൈത്തണ്ടയില്‍ തള്ളവിരലിന് താഴെയുളള ഭാഗത്ത് വയ്ക്കുക.
  • 10 സെക്കന്‍ഡ് നേരം ഹൃദയമിടിപ്പ് അനുഭവിക്കുക.
  • ഹൃദയമിടിപ്പ് ക്രമമായും തുല്യ ഇടവേളകളിലുമാണെങ്കില്‍ വിഷമിക്കേണ്ട കാര്യമില്ല.
  • പക്ഷേ ഹൃദയമിടിപ്പ് വളരെ വേഗത്തിലോ വളരെ പതുക്കെയോ, അല്ലെങ്കില്‍ ക്രമരഹിതമായോ അനുഭവപ്പെടുകയാണെങ്കില്‍ ഒരു ഡോക്ടറെ സമീപിക്കേണ്ടത് ആവശ്യമായി വന്നേക്കാം.

പക്ഷേ പള്‍സ് പരിശോധിക്കുന്നത് കൊണ്ട് മാത്രം ഏട്രിയല്‍ ഫൈബ്രിലേഷനോ മറ്റേതെങ്കിലും അവസ്ഥയോ സ്ഥിരീകരിക്കാന്‍ കഴിയില്ലെന്നും വിദഗ്ധര്‍ വ്യക്തമാക്കുന്നു. ഇത് ഒരു മുന്‍കൂര്‍ മുന്നറിയിപ്പ് അടയാളമായി മാത്രമേ കണക്കാക്കാന്‍ സാധിക്കൂ. ഡോ. പ്രദീപ് ജെയിന്‍ പറയുന്നതനുസരിച്ച് വാര്‍ദ്ധക്യം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പ്രമേഹം, പൊണ്ണത്തടി, ഹൃദ്രോഗം, ശാരീരിക പ്രവര്‍ത്തനങ്ങളുടെ അഭാവം തുടങ്ങിയ അവസ്ഥകള്‍ ക്രമരഹിതമായ ഹൃദയമിടിപ്പിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും.

( ഈ ലേഖനം വിവരങ്ങള്‍ നല്‍കുന്നതിന് വേണ്ടി മാത്രമുള്ളതാണ്. മെഡിക്കല്‍ ഉപദേശത്തിന് പകരമാവില്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ഒരു ഡോക്ടറുടെ സേവനം തേടേണ്ടത് അത്യാവശ്യമാണ്)

Content Highlights :If you want to know about your heart health, you should check your heart rate. How to check your heart rate using your fingers. Here is the answer.

To advertise here,contact us