35 വയസിന് ശേഷം ശരീരഭാരം കൂടുന്നുണ്ടോ? അവഗണിക്കരുത്; ഭക്ഷണശീലവും ജീവിതശൈലിയും മാത്രമല്ല കാരണം

30 കളുടെ മധ്യത്തിലേക്ക് കടക്കുമ്പോള്‍ ശരീരഭാരം പിടിച്ചാല്‍ കിട്ടാത്ത രീതിയിലേക്ക് മാറുന്നതിന് ചില പ്രത്യേക കാരണങ്ങളുണ്ട്

35 വയസിന് ശേഷം ശരീരഭാരം കൂടുന്നത് സാധാരണയായ കാര്യമായാണ് കണക്കാക്കപ്പെടുന്നത്. പ്രായം കൂടി വരികയല്ലേ, എപ്പോഴും ഒരുപോലെയിരിക്കാന്‍ സാധിക്കില്ലല്ലോ എന്നാണ് പൊതുവേയുള്ള പറച്ചില്‍. മുപ്പതുകളുടെ മധ്യത്തിലേക്ക് കടക്കുമ്പോള്‍, പേശികളുടെ അളവും പ്രവര്‍ത്തന നിലയും പലപ്പോഴും കുറയുന്നതിനാല്‍, ക്രമേണ ശരീരഭാരം വര്‍ദ്ധിക്കുന്നത് സാധാരണമാണ്. പക്ഷേ എല്ലാവരുടെ കാര്യത്തിലും ഇത് ഒരുപോലെയാവണമെന്നില്ല. 30കളുടെ മധ്യത്തില്‍ ശരീരഭാരം വര്‍ധിക്കുന്നതും തൈറോയിഡ് പ്രശ്‌നങ്ങളും തമ്മില്‍ വളരെയധികം ബന്ധമുണ്ടെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. തൈറോയിഡുമായി ബന്ധപ്പെട്ട ശരീരഭാരം അച്ചടക്കമുള്ള ജീവിതചര്യ പിന്തുടര്‍ന്നാലും ക്രമാതീതമായി വര്‍ധിക്കുന്നതാണ്. ന്യൂഡല്‍ഹിയിലെ മണിപ്പാല്‍ ആശുപത്രിയിലെ പ്രമേഹ, എന്‍ഡോക്രൈനോളജി കണ്‍സള്‍ട്ടന്റായ ഡോ. വിനീത് കുമാര്‍ സുരാന പറയുന്നത്, തൈറോയിഡ് ഒരു കൂട്ടം ലക്ഷണങ്ങളോടെയാണ് കടന്നുവരുന്നതെന്നാണ്.എന്തൊക്കെയാണ് ആ ലക്ഷണങ്ങളെന്ന് നോക്കാം.

പലപ്പോഴും അവഗണിക്കപ്പെടുന്ന ലക്ഷണങ്ങള്‍

തൈറോയിഡ് രോഗത്തിന്റെ ഏറ്റവും വലിയ വെല്ലുവിളികളില്‍ ഒന്ന് അതിന്റെ ആദ്യ ലക്ഷണങ്ങളെ സമ്മര്‍ദ്ദമോ, പ്രായമാകുന്നതിന്റെ ലക്ഷണമോ ആയി തെറ്റിദ്ധരിക്കുന്നു എന്നതാണ്. ഈ ലക്ഷണങ്ങള്‍ വഷളാവുകയും രോഗാവസ്ഥ മോശമാകുകയും ചെയ്യുന്നതുവരെ പലരും അവയെ അവഗണിക്കുന്നു.

  • മതിയായ വിശ്രമത്തിനു ശേഷവും സ്ഥിരമായ ക്ഷീണം
  • വിശദീകരിക്കാത്ത ഭാര വര്‍ദ്ധനവ് അല്ലെങ്കില്‍ ഭാരത്തിലുള്ള ഏറ്റക്കുറച്ചിലുകള്‍
  • മുടി കൊഴിച്ചില്‍ വര്‍ദ്ധിക്കുന്നു
  • വരണ്ട ചര്‍മ്മവും പൊട്ടുന്ന നഖങ്ങളും
  • ക്ഷോഭം അല്ലെങ്കില്‍ മാനസികാവസ്ഥയിലെ മാറ്റങ്ങള്‍
  • ചിന്തകള്‍ മന്ദഗതിയിലാവുക, ശ്രദ്ധക്കുറവുണ്ടാവുക
  • മലബന്ധം അല്ലെങ്കില്‍ ദഹന പ്രശ്‌നങ്ങള്‍
  • തണുപ്പ് സഹിക്കാന്‍ കഴിയാതെ വരിക
  • സ്ത്രീകളില്‍, ആര്‍ത്തവചക്രത്തിലെ മാറ്റങ്ങളും ഒരു പ്രധാന ലക്ഷണമാകാം.

ഈ ലക്ഷണങ്ങള്‍ ക്രമേണ വികസിക്കുകയും 35 വയസ്സിനു ശേഷം സാധാരണമായി കാണപ്പെടുകയും ചെയ്യുന്നു.

മെറ്റബോളിസവും തൈറോയിഡ് പ്രശ്‌നങ്ങളും വഷളാകുന്നത് എങ്ങനെയാണ്

പ്രായത്തിനനുസരിച്ച് മെറ്റബോളിസം സ്വാഭാവികമായും കുറയുന്നു, അതായത് വിശ്രമവേളയിലും ശരീരം കുറച്ച് കലോറി മാത്രമേ കത്തിക്കുന്നുള്ളൂ. പേശികളുടെ അളവ് കുറയുന്നതും ശാരീരിക പ്രവര്‍ത്തനങ്ങള്‍ കുറയുന്നതും മൂലമാണ് ഇത് സംഭവിക്കുന്നത്, എന്നാല്‍ ഹോര്‍മോണ്‍ മാറ്റങ്ങളും ഇക്കാര്യത്തില്‍ ഒരു പങ്കു വഹിക്കുന്നു. T3, T4 എന്നീ ഹോര്‍മോണുകളിലൂടെ മെറ്റബോളിസത്തെ നിയന്ത്രിക്കുന്നതിനാല്‍ തൈറോയ്ഡ് ഗ്രന്ഥി ഈ പ്രക്രിയയില്‍ കേന്ദ്രബിന്ദുവാണ്. ഈ ഹോര്‍മോണുകളുടെ അളവ് കുറയുമ്പോള്‍, ഉപാപചയ നിരക്ക് കൂടുതല്‍ മന്ദഗതിയിലാവുകയും ശരീരഭാരം വര്‍ദ്ധിക്കുകയും ക്ഷീണം ഉണ്ടാകുകയും ചെയ്യുമെന്ന് ഡോ. സുരാന വിശദീകരിക്കുന്നു. മറുവശത്ത്, അമിതമായ തൈറോയ്ഡ് ഹോര്‍മോണ്‍ ഉപാപചയ പ്രവര്‍ത്തനത്തെ വേഗത്തിലാക്കും. ഇത് ശരീരഭാരം കുറയ്ക്കല്‍, അസ്വസ്ഥത, വിശപ്പ് വര്‍ദ്ധിപ്പിക്കല്‍ എന്നിവയ്ക്ക് കാരണമാകും. തൈറോയ്ഡ് പ്രവര്‍ത്തനം കുറയുമ്പോള്‍, ഹൈപ്പോതൈറോയിഡിസത്തിലെന്നപോലെ, ഉപാപചയ നിരക്ക് കൂടുതല്‍ മന്ദഗതിയിലാകുന്നു. ഇത് ശരീരഭാരം, ക്ഷീണം, കുറഞ്ഞ ഊര്‍ജ്ജം എന്നിവയിലേക്ക് നയിക്കുന്നു.

35 വയസ്സിനു ശേഷം സ്ത്രീകള്‍ക്ക് അപകടസാധ്യത കൂടുതല്‍

35 വയസ്സിനു ശേഷം സ്ത്രീകള്‍ക്ക് തൈറോയ്ഡ് സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിക്കുന്നു. ശരീരത്തിലെ ഹോര്‍മോണ്‍ വ്യതിയാനങ്ങളാണ് ഇതിന് കാരണം. ആര്‍ത്തവ, പ്രത്യുല്‍പാദന ഹോര്‍മോണുകളിലെ മാറ്റങ്ങള്‍, ഗര്‍ഭകാലത്തെ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, പെരിമെനോപോസ് സമയത്ത് ഈസ്ട്രജന്റെ അളവിലുള്ള മാറ്റങ്ങള്‍, ചില ഓട്ടോഇമ്മ്യൂണ്‍ രോഗങ്ങളുടെ അപകടസാധ്യത എന്നിവയുള്‍പ്പടെ നിരവധി ഘടകങ്ങള്‍ മൂലമാണ് ഈ മാറ്റങ്ങള്‍ സംഭവിക്കുന്നത്. അതിനാല്‍, സ്ത്രീകള്‍ ചെറിയ ലക്ഷണങ്ങള്‍ പോലും അവഗണിക്കരുത്. പതിവായി പരിശോധനകള്‍ നടത്തണം.

ശരിയായ ഭക്ഷണക്രമവും വ്യായാമവും ഉണ്ടായിരുന്നിട്ടും ശരീരഭാരം വര്‍ദ്ധിച്ചുകൊണ്ടേയിരിക്കുകയാണെങ്കില്‍ അത് അവഗണിക്കരുത്. നിങ്ങളുടെ ശരീരത്തെക്കുറിച്ചും അതിന്റെ മാറ്റങ്ങളെക്കുറിച്ചും ഏറ്റവും നന്നായി അറിയുന്നത് നിങ്ങള്‍ക്ക് തന്നെയാണ്. മാറ്റങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ വൈദ്യോപദേശം തേടുന്നത് ശരീരഭാരം നിയന്ത്രിക്കാനും രോഗങ്ങള്‍ മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഇല്ലാതാക്കാനും സഹായിക്കും.

(ഈ ലേഖനം വിവരങ്ങള്‍ നല്‍കുന്നതിന് വേണ്ടി മാത്രമുളളതാണ്. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ഡോക്ടറുടെ അഭിപ്രായം തേടേണ്ടത് അത്യാവശ്യമാണ്)

To advertise here,contact us