ചിലപ്പോള്‍ ഉറങ്ങി എഴുന്നേല്ക്കുമ്പോള് തലവേദനയോ തലയ്ക്കുളളില്‍ ഒരു വിങ്ങലോ അനുഭവപ്പെടാറുണ്ടല്ലേ?. എങ്കിലും പലരും ഈ ബുദ്ധിമുട്ടുകളെ അവഗണിക്കുകയാണ് ചെയ്യാറ്. മോശം ഉറക്കമോ സമ്മര്‍ദ്ദമോ ആണ് ഇതിന് കാരണമെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ തലവേദന തുടര്‍ച്ചയായി ഉണ്ടാകുമ്പോള്‍ ശരീരം നല്കുന്ന എന്തെങ്കിലും സൂചനയാണിതെന്ന് മനസിലാക്കേണ്ടതുണ്ട്. ബംഗളൂരുവിലെ കിംസ് ഹോസ്പിറ്റല്‍ ന്യൂറോളജി വിഭാഗം ഡയറക്ടര്‍ & സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ.സുജിത് കുമാര്‍ ഒരു മാധ്യമത്തിന് നല്കിയ വിവരങ്ങളില്‍ നിന്ന്…\
ശരീരത്തിലെ ചെറിയ മാറ്റങ്ങളോടുപോലും നമ്മുടെ തലച്ചോറ് പ്രതികരിക്കാറുണ്ട്. രക്തയോട്ടം,ഓക്സിജന്റെ അളവ്,ജലാംശം എന്നിവയെല്ലാം ഇതില്‍ പ്രധാനമാണ്. ഉറക്കത്തില്‍ ഇവയുടെ സംവിധാനങ്ങളെല്ലാം മാറുന്നു. എന്തെങ്കിലും അസന്തുലിതാവസ്ഥ സംഭവിച്ചാല്‍ തലവേദനയുണ്ടാകാം.
ഉറക്കത്തില്‍ ഓക്സിജന്റെ അളവ് കുറയുന്നത് തലവേദനയ്ക്ക് കാരണമാകുന്നു. രാത്രിയില്‍ നേരിയ തോതില്‍ നിര്‍ജലീകരണം സംഭവിച്ചാല്‍ പോലും തലച്ചോറിന് ചുറ്റുമുള്ള കലകള്‍ മുറുക്കാന്‍ സാധ്യതയുണ്ട്. കണ്ണുകള്‍ തുറക്കാന്‍ പോലും അസ്വസ്ഥത തോന്നും. ഉറക്കത്തിന്റെ ഗുണനിലവാരം നാഡീവ്യവസ്ഥയുടെ ആരോഗ്യത്തെ നേരിട്ട് എങ്ങനെ ബാധിക്കുമെന്ന് NIH ല്‍ നിന്നുള്ള ഗവേഷണങ്ങള്‍ പറയുന്നു. ഒരാള്‍ക്ക് നിരന്തരം തലവേദന ഉണ്ടാവുകയാണെങ്കില്‍ അക്കാര്യത്തെക്കുറിച്ച് കൃത്യമായ വിലയിരുത്തല്‍ ആവശ്യമുണ്ട്. ഇത് മനുഷ്യശരീരം നേരിടാന്‍ പാടുപെടുന്ന ജീവിതശൈലീ രീതികളെ സൂചിപ്പിക്കുന്നു. മോശം ഉറക്കം, നിര്‍ജ്ജലീകരണം,രാത്രി വൈകിയുള്ള മൊബൈല്‍ ഉപയോഗം, ക്രമരഹിതമായ ഭക്ഷണ സമയം, ചില രോഗികളിലെ ചികിത്സിക്കാത്ത സൈനസ് കണ്ജന്ഷന് അല്ലെങ്കില്‍ സ്ളീപ് അപ്നിയ എന്നിവയും രാവിലത്തെ തലവേദനയ്ക്ക് കാരണമാകും.
ഉറക്കത്തിലും ശരീരത്തിലെ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. ഉറക്കത്തിനിടയില്‍ ശരീരത്തിലെ പ്രവര്‍ത്തനങ്ങളും ഹോര്‍മോണുകളും പുനക്രമീകരിക്കുന്നു.പേശികളെ വിശ്രമിക്കാന്‍ അനുവദിക്കുന്നു. തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കപ്പെടുന്നു. ഉറങ്ങി എഴുന്നേല്‍ക്കുമ്പോഴുണ്ടാകുന്ന പല തലവേദനകളും ഒാരോ സിഗ്നലുകളാണ്. ഉദാഹരണത്തിന് നിര്‍ജലീകരണം സംഭവിച്ചതോ, മദ്യം കഴിച്ചതോ ഒക്കെ രക്തക്കുഴലുകളില്‍ മാറ്റങ്ങള്‍ സൃഷ്ടിക്കുന്നു. ചിലപ്പോള്‍ ഉണരുമ്പോള്‍ മൈഗ്രേന് ഉണ്ടായേക്കാം.
വല്ലപ്പോഴും ഉണര്‍ന്നെഴുന്നേല്‍ക്കുമ്പോഴുണ്ടാകുന്ന തലവേദന ആശങ്കാജനകമല്ല.എന്നാല്‍ ഇത് ഇടയ്ക്കിടെയുണ്ടാവുകയാണെങ്കില് ശ്രദ്ധ ആവശ്യമാണ്. 'സ്ലീപ് അപ്നിയ' അത്തരത്തിലൊരു പ്രശ്നമാണ്.ഇത് ഉറക്കത്തില്‍ ഓക്സിജന്റെ അളവ് കുറയ്ക്കുന്നു. വിട്ടുമാറാത്ത സമ്മര്‍ദ്ദ പ്രശ്നങ്ങള്‍ രാത്രിയില്‍ കൂടുതല്‍ സമ്മര്‍ദ്ദം ഉണ്ടാക്കുകയും ചെയ്യും.സയന്‍സ് ഡയറക്ടില്‍ നിന്നുള്ള ഡാറ്റ കാണിക്കുന്നത് ഉറക്കവുമായി ബന്ധപ്പെട്ട തകരാറുകള്‍ പലപ്പോഴും രാവിലെയുണ്ടാകുന്ന ലക്ഷണങ്ങളിലൂടെയാണ് മനസിലാക്കുന്നത്. തലവേദനയാണ് ആദ്യ ലക്ഷണം. ഈ ലക്ഷണം തുടര്‍ച്ചയായി അവഗണിക്കുന്നത് രോഗനിര്‍ണയം വൈകിപ്പിക്കും. കാലക്രമേണ ഇത് ഓര്‍മ്മ, മാനസികാവസ്ഥ, ഹൃദയാരോഗ്യം എന്നിവയെ ബാധിച്ചേക്കാം.
Content Highlights :Do you have a headache when you wake up in the morning? What is the cause; when should you pay attention?