ഏത് ഉണക്കമുന്തിരിക്കാണ് ഗുണം കൂടുതല്‍ കറുപ്പിനോ മഞ്ഞയ്‌ക്കോ? ; അമിതമായി കഴിച്ചാല്‍ എന്ത് സംഭവിക്കും

കറുത്ത ഉണക്കമുന്തിരുയുടെയും മഞ്ഞ ഉണക്കമുന്തിരിയുടെയും പോഷകഗുണങ്ങള്‍ അറിയാം

ഉണക്കമുന്തിരിക്ക് വളരെയധികം ഗുണങ്ങളുണ്ട്. പോഷക ഘടകങ്ങള്‍, നാരുകള്‍, അയണ്‍, പൊട്ടാസ്യം, ആന്റീ ഓക്‌സിഡന്റുകള്‍ ഇവയൊക്കെ മുന്തിരിയില്‍ അടങ്ങിയിട്ടുണ്ട്. എന്നാല്‍ കറുത്തമുന്തിരിക്കാണോ മഞ്ഞ മുന്തിരിക്കാണോ ഗുണങ്ങള്‍ കൂടുതല്‍. ഉണക്കമുന്തിരി പൊതുവെ ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാനും, രക്തസമ്മര്‍ദ്ദം മെച്ചപ്പെടുത്താനും, മിതമായ അളവില്‍ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാനും സഹായിക്കുമെന്ന് ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ജേണല്‍ ഓഫ് ന്യൂട്രീഷന്‍ ആന്‍ഡ് ഹെല്‍ത്തില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ ലഘുഭക്ഷണങ്ങള്‍ക്ക് പകരം ഉണക്കമുന്തിരി കഴിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുമെന്ന് കണ്ടെത്തിയതായി പറയുന്നു. ഉണക്കമുന്തിരി എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കുകയും രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കുകയും ചെയ്യുന്നു.

കറുത്ത ഉണക്കമുന്തിരി സാധാരണയായി കൂടുതല്‍ ആന്റിഓക്സിഡന്റുകളും ഇരുമ്പും അടങ്ങിയിട്ടുണ്ട്, അതേസമയം മഞ്ഞ ഉണക്കമുന്തിരി സോഫ്റ്റായതും മധുരമുള്ളതുമാണ്.

കറുത്ത ഉണക്കമുന്തിരിയുടെയും മഞ്ഞ ഉണക്കമുന്തിരിയുടെയും പോഷകഗുണങ്ങള്‍ അറിയാം

മുന്തിരിയുടെ ഉണക്കല്‍ രീതിയെയും പിഗ്മെന്റിന്റെ അളവിനെയും ആശ്രയിച്ച് അവയുടെ പോഷക മൂല്യങ്ങളില്‍ നേരിയ വ്യത്യാസമുണ്ട്. കറുത്ത ഉണക്കമുന്തിരി സ്വാഭാവികമായും വെയിലത്ത് ഉണക്കിയെടുക്കുന്നവയാണ്. ഇത് ഇരുണ്ട പിഗ്മെന്റുകളായ ഇരുമ്പും ആന്തോസയാനിനുകളും കൂടുതല്‍ നിലനിര്‍ത്താന്‍ അനുവദിക്കുന്നു. മഞ്ഞ ഉണക്കമുന്തിരി സാധാരണയായി ഉണക്കുമ്പോള്‍ സള്‍ഫര്‍ ഡൈ ഓക്‌സൈഡ് ഉപയോഗിച്ച് അവയുടെ സ്വര്‍ണ്ണ നിറം നിലനിര്‍ത്തുന്നു. ഈ പ്രക്രിയ അവയെ മധുരമുള്ളതും മൃദുവായതുമാക്കുന്നു. പക്ഷേ ആന്റിഓക്സിഡന്റ് അളവ് ചെറുതായി കുറഞ്ഞേക്കാം. രണ്ടിലും നാരുകള്‍, പ്രകൃതിദത്ത പഞ്ചസാര, വിറ്റാമിന്‍ ബി , പൊട്ടാസ്യം, ധാതുക്കള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. 40 ഗ്രാം ഉണക്കമുന്തിരിയില്‍ സാധാരണയായി 120 കലോറിയും 2 ഗ്രാം നാരുകളും 25 ഗ്രാം പ്രകൃതിദത്ത പഞ്ചസാരയും അടങ്ങിയിരിക്കുന്നു. അതിനാല്‍ ഗുണങ്ങള്‍ താരതമ്യം ചെയ്യുമ്പോഴുളള സൂക്ഷ്മമായ വ്യത്യാസങ്ങള്‍ കറുത്ത ഉണക്കമുന്തിരിയെ കൂടുതല്‍ പോഷകസമൃദ്ധമാക്കും.

ആരോഗ്യ ഗുണങ്ങള്‍

മഞ്ഞ ഉണക്കമുന്തിരിയില്‍ ആന്റിഓക്സിഡന്റുകള്‍ കുറവാണെങ്കിലും ഹൃദയാരോഗ്യത്തിന് അനുയോജ്യമായ നാരുകളും പ്രകൃതിദത്ത പഞ്ചസാരയും അടങ്ങിയിട്ടുണ്ട്. മധുരമുള്ള പലഹാരങ്ങളുടെ പാചകക്കുറിപ്പുകളില്‍ ഇവ പ്രത്യേകിച്ചും ഉപയോഗപ്രദമാണ്. കറുപ്പും മഞ്ഞയും ഉണക്കമുന്തിരിയില്‍ ബോറോണ്‍ അടങ്ങിയിട്ടുണ്ട്. ഇത് അസ്ഥികളുടെ സാന്ദ്രതയും ശക്തിയും നിലനിര്‍ത്തുന്നതില്‍ ഒരു പങ്കു വഹിക്കുന്നു. ഭക്ഷണത്തില്‍ ഇവ ഉള്‍പ്പെടുത്തുന്നത് ഹൃദയാരോഗ്യത്തെ സഹായിക്കുകയും ഊര്‍ജ്ജം നല്‍കുകയും അസ്ഥികള്‍ക്കും സന്ധികള്‍ക്കും ആവശ്യമായ ധാതുക്കള്‍ നല്‍കുകയും ചെയ്യും.

ദഹനത്തിന് മികച്ചത് ഏതാണ്

ജേണല്‍ ഓഫ് ന്യൂട്രീഷന്‍ ആന്‍ഡ് ഹെല്‍ത്തില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ ഉണക്കമുന്തിരി ഉപയോഗം കുടല്‍ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കാനും മൊത്തത്തിലുള്ള ദഹനം മെച്ചപ്പെടുത്താനും സഹായിച്ചതായി പറയുന്നു. കറുത്ത ഉണക്കമുന്തിരിയില്‍ ലയിക്കാത്ത നാരുകള്‍ കൂടുതലായി അടങ്ങിയിരിക്കുന്നു. അതേസമയം മഞ്ഞ ഉണക്കമുന്തിരിയില്‍ ലയിക്കുന്ന നാരുകള്‍ അടങ്ങിയിരിക്കുന്നു. ഇത് ദഹനത്തെ മന്ദഗതിയിലാക്കുകയും രക്തത്തിലെ പഞ്ചസാരയെ സ്ഥിരപ്പെടുത്തുകയും ചെയ്യുന്നു. മിക്ക ആളുകള്‍ക്കും, രണ്ട് തരങ്ങളും മാറിമാറി കഴിക്കുകയോ ഒരുമിച്ച് കഴിക്കുകയോ ചെയ്യുന്നത് മികച്ച ദഹനം നല്‍കും.

ഹൃദയാരോഗ്യത്തിന്

രണ്ട് തരം ഉണക്കമുന്തിരിയും ഹൃദയാരോഗ്യത്തിന് ഗുണപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഉണക്കമുന്തിരി പതിവായി കഴിക്കുന്നത് എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനും, രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിനും, മികച്ച ഗ്ലൈസെമിക് നിയന്ത്രണത്തിനും കാരണമാകുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ആന്തോസയാനിനുകളും പോളിഫെനോളുകളും അടങ്ങിയ കറുത്ത ഉണക്കമുന്തിരി, ധമനികളുടെ തകരാറുകള്‍ പരിഹരിക്കുന്നു. ഉയര്‍ന്ന കൊളസ്‌ട്രോള്‍ അല്ലെങ്കില്‍ രക്താതിമര്‍ദ്ദം ഉള്ള വ്യക്തികള്‍ക്ക്, കറുത്ത ഉണക്കമുന്തിരി ഒരു മികച്ച തിരഞ്ഞെടുപ്പാണ്.

ഉണക്കമുന്തിരി അമിതമായി കഴിച്ചാല്‍

ഗുണങ്ങള്‍ ഏറെ ഉണ്ടെങ്കിലും, കറുത്ത ഉണക്കമുന്തിരിയും മഞ്ഞ ഉണക്കമുന്തിരിയും കലോറി കൂടുതലുള്ളതും പ്രകൃതിദത്ത പഞ്ചസാരയുടെ അളവ് കൂടുതലുള്ളതുമാണ്. ഇവ അമിതമായി കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ വര്‍ദ്ധനവിനും ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നതിനും കാരണമാകും. മുന്തിരി ഉണക്കുന്ന സമയത്ത് ഉപയോഗിക്കുന്ന സള്‍ഫര്‍ ഡൈ ഓക്‌സൈഡ് കാരണം സള്‍ഫൈറ്റുകളോട് സംവേദനക്ഷമതയുള്ള ആളുകള്‍ക്ക് മഞ്ഞ ഉണക്കമുന്തിരിയോട് അലര്‍ജിയുണ്ടാവാം.

Content Highlights : What type of grapes should you eat for heart health and digestion?

To advertise here,contact us