വേനല്‍ കടുത്തുതുടങ്ങി. പഴവര്‍ഗ്ഗങ്ങള്‍ കഴിച്ചും ധാരാളം വെള്ളം കുടിച്ചും ശരീരത്തിന്റെ ജലാംശം നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. ഓറഞ്ചും തണ്ണിമത്തനും പോലെയുളള ധാരാളം ജലാംശം അടങ്ങിയ പഴവര്‍ഗ്ഗങ്ങള്‍ കഴിക്കുന്നത് ഗുണം ചെയ്യും. പ്രത്യേകിച്ച് ഓറഞ്ചിന് ധാരാളം ഗുണങ്ങളുണ്ട്. വിറ്റാമിന്‍ സി, ധാരാളം ആന്റി ഓക്സിഡന്റുകള്‍ എന്നിവയാല്‍ സമ്പന്നമാണ് ഓറഞ്ച്.
എന്നാല്‍ പലര്‍ക്കും സംഭവിക്കുന്ന ഒരു അബദ്ധം ഓറഞ്ച് വാങ്ങി വീട്ടില്‍ ചെല്ലുമ്പോഴായിരിക്കും അത് ചീഞ്ഞതാണെന്നോ നീരില്ലാത്തതാണെന്നോ, പുളിയുള്ളതാണെന്നോ ഒക്കെ അറിയുന്നത്. ഈ അബദ്ധം ഒഴിവാക്കാന്‍ അല്‍പ്പം ഒന്ന് ശ്രദ്ധിച്ചാല്‍ മതിയാകും. നല്ല ഓറഞ്ച് തിരഞ്ഞെടുക്കാന്‍ ചില വഴികള്‍ ഇതാ…
- ഓറഞ്ച് കയ്യില്‍ എടുത്ത് അത് കനമുള്ളതാണോ എന്ന് പരിശോധിക്കാം. അത്യാവശ്യം ഭാരം തോന്നുന്നുണ്ടെങ്കില്‍ അത്തരം ഓറഞ്ചില്‍ നീര് കൂടുതല്‍ ഉണ്ടാകും. നീര് കുറവുള്ളതാണെങ്കില്‍ അതിന് തൂക്കം കുറവായിരിക്കും.
- അടുത്തതായി ഒരു ഓറഞ്ച് എടുത്ത് ഞെക്കി നോക്കുക.അധികം ഞെങ്ങാത്തതും ധാരാളം ഞെങ്ങുന്നതുമായ ഓറഞ്ച് തിരഞ്ഞെടുക്കാതിരിക്കുന്നതാണ് നല്ലത്.ഇടത്തരം പാകത്തിലുള്ളതാണ് എപ്പോഴും നല്ലത്.
- ഓറഞ്ച് ലഭ്യമാകുന്ന സീസണില്‍ വാങ്ങാന്‍ ശ്രദ്ധിക്കുക. അങ്ങനെയാണെങ്കില്‍ ഗുണവും സ്വാദും ഉള്ളവ വാങ്ങാന്‍ സാധിക്കും.
- ചില ആളുകള്‍ നിറം നോക്കി ഓറഞ്ച് വാങ്ങാറുണ്ട്. നല്ല ഓറഞ്ച് നിറമാണെങ്കില്‍ മധുരവും ജലാംശവും കൂടുതലാണെന്നാണ് മിക്കവരും വിചാരിച്ചിരിക്കുന്നത്.എന്നാല്‍ നിറം നോക്കി വാങ്ങുന്നതില്‍ കാര്യമില്ല. ചിലപ്പോള്‍ പച്ച നിറമാണെങ്കിലും സ്വാദും നീരും കാണും.
- മറ്റൊരു പ്രധാനപ്പെട്ട കാര്യം ഓറഞ്ച് വാങ്ങുമ്പോള്‍ അവയുടെ തൊലിയുടെ കട്ടി നോക്കേണ്ടതാണ് എന്നതാണ്. ഓറഞ്ചിന്റെ തൊലിക്ക് നല്ല കട്ടിയുണ്ടെങ്കില്‍ അത് വാങ്ങാതിരിക്കാന്‍ ശ്രദ്ധിക്കുക. കാരണം ഓറഞ്ചിന്റെ ഗുണം നശിച്ചുതുടങ്ങിയിട്ടുണ്ടെന്നതിന്റെ സൂചനയാവാം അത്.
Content Highlights :Ways to identify if the orange you are buying is good